രണ്ടു വാതിൽ പാളികൾ കൂടി ചേർന്നത്.
അതിനു ചുറ്റും എന്തൊക്കെയോ ശില്പങ്ങൾ വിഗ്രഹങ്ങൾ എന്നിവ കൃത്യതയോടെ കൊത്തി വച്ചിരിക്കുന്നു.
നാഗങ്ങളുടെ കൊത്തുപണികൾ ആണ് അധികവും.
ഇരു പാളികളുടെ മുകൾ തട്ടിൽ നിന്നും സർപ്പിള രീതിയിലുള്ള നാഗത്തിന്റെ ഉടൽ നിർമിതി താഴേക്ക് വന്ന ശേഷം വീണ്ടും ലംബാകൃതിയിൽ മുകളിലേക്ക് വന്നു ഇണ ചേരുന്ന പോലെ പരസ്പരം അതിന്റെ ആഗ്ര ഭാഗങ്ങൾ തമ്മിൽ കൂട്ടി മുട്ടുന്നു.
അത് തുറക്കപ്പെട്ടിട്ട് വർഷങ്ങളായെന്ന് അനന്തുവിന് മനസിലായി.
അഞ്ജലി ഇത്രയും വലുപ്പമുള്ള വാതിൽ ഈ മനയിൽ ആദ്യമായി കണ്ടതിന്റെ അത്ഭുതത്തിൽ ആയിരുന്നു.
“നന്ദുവേട്ടാ എന്തൊക്കെയാ ഇത് ഒരുമാതിരി മണിച്ചിത്രത്താഴിൽ ഉള്ള പോലെ എനിക്കാകെ പേടി തോന്നുന്നു”
അഞ്ജലിയെ ഭയം ക്രമേണ കീഴ്പ്പെടുത്തി തുടങ്ങിയിരുന്നു.
എന്നാൽ അനന്തു അതൊന്നും ആയിരുന്നില്ല ശ്രദ്ധിച്ചത്.
അവന്റെ കണ്ണുകൾ അതിനെ സസൂക്ഷ്മമം വീക്ഷിച്ചുകൊണ്ടിരുന്നു.
അതിലൂടെ ആ മിഴികൾ ഓടി നടന്നു.
പെട്ടെന്ന് അവ വല്ലാതെ തിളങ്ങി.
എന്തോ കണ്ടെത്തിയെന്ന ഭാവമോടെ.
“യുറേക്കാ ”
അനന്തു നിലവറയിൽ നിന്നും ഉറക്കെ അട്ടഹസിച്ചു.
അതുകേട്ടു അഞ്ജലിയുടെ ഉള്ള ധൈര്യവും ചോർന്നു പോയി.
അവൾ ഭയത്തോടെ അനന്തുവിനെ ചേർത്തു പിടിച്ചു.
“നന്ദുവേട്ടാ എന്തിനാ ഇങ്ങനെ ചിരിക്കുന്നേ?”
അവൾ വിട്ടു മാറാത്ത ഭയവുമായി അനന്തുവിനെ തുറിച്ചു നോക്കി.
“ഞാൻ കണ്ടുപിടിച്ചു പെണ്ണെ ഇതെന്താണെന്ന്?”
“എങ്കിൽ പറ നന്ദുവേട്ടാ എന്താ ഇത്”
അഞ്ജലി അനന്തുവിന്റെ കണ്ടുപിടുത്തം എന്താണെന്ന് അറിയാൻ അക്ഷമയോടെ ചെവി കൂർപ്പിച്ചു.
“അഞ്ജലി ഇത് നാഗബന്ധനം ആണ്.
ഒരു പൂട്ട് ആണ്.
അതും വളരെ അപൂർവമായത്”
“അതെന്താ അങ്ങനെ ”
അഞ്ജലി ഒന്നും മനസിലാകാതെ കിതപ്പോടെ അവനെ നോക്കി.
“വളരെ നിഗൂഢമായ നിർമിതി ആണിത്.
ശബ്ദ വീചികൾ വച്ചാണ് നാഗപ്പൂട്ട് തുറക്കുകയും അടക്കുകയും ഒക്കെ ചെയ്യുന്നത്”
“ശബ്ദ വീചികളോ അതെന്താ?”
അഞ്ജലി ഒന്നും മനസിലാവാതെ താടിക്ക് കൈ കൊടുത്തു.
“എന്ന് വച്ചാൽ ഒരു വ്യക്തിയുടെ പ്രത്യേക രീതിയിലുള്ള ശബ്ദം പൂട്ടിനുള്ളിലേക്ക് ചെല്ലുമ്പോൾ അതിലെ ഒരു നേർത്ത ലോഹ തകിട് പ്രത്യേക രീതിയിൽ ചലിക്കും.