അവന്റെ നോട്ടം നേരിടാനാവാതെ അവളുടെ തല താണു.
പ്രതീക്ഷയുടെ അങ്ങേയറ്റം കടന്നു വന്ന് ഇത്രത്തോളം കഷ്ടപ്പെട്ട ഒരുദ്യമം പാഴായി പോയതിന്റെ വേദനയായിരുന്നു അവൾക്ക്.
“സാരുല്ല പെണ്ണെ ചിലപ്പോ നിനക്ക് മാറിപോയതാകും നമുക്ക് പോകാം ”
അവന്റെ ശബ്ദത്തിലെ നിരാശയുടെ ധ്വനി വീണ്ടും അവളെ സങ്കടക്കയത്തിലേക്ക് തള്ളിയിട്ടു.
അഞ്ജലിയെയും കൊണ്ട് പോകാനായി തിരിഞ്ഞതും ഒരു മിന്നായം പോലെ ആ ലാമ്പിന്റെ ശുഭ്രപ്രകാശത്തിൽ എന്തിലോ അനന്തുവിന്റെ കണ്ണുടക്കി.
“മോളെ അങ്ങോട്ടേക്ക് ലൈറ്റ് അടിച്ചേ?”
അവന്റെ തിടുക്കം കണ്ടതും അഞ്ജലി ഒന്നും മനസിലാകാതെ ആ ദിശയിലേക്ക് ടോർച് തിരിച്ചു.
ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് ആ കൃത്രിമ പ്രകാശം കാണിച്ചു തന്ന കാഴ്ച്ച കണ്ട് അനന്തുവിന്റെ കണ്ണുകൾ വിടർന്നു.
അവന്റെ ആകാംക്ഷ നിറഞ്ഞ നോട്ടം കണ്ട് അഞ്‌ജലിയും അങ്ങോട്ടേക്ക് തുറിച്ചു നോക്കി.
അവിടെയുള്ള കാഴ്ച്ച കണ്ട് അവളുടെ കണ്ണുകളും തിളങ്ങി.
അഞ്‌ജലിയേയും കൊണ്ട് അനന്തു പതിയെ ആ അറയുടെ ഭിത്തിയിലേക്ക് നടന്നടുത്തു.
മുന്നിലുള്ള തടസങ്ങൾ വകഞ്ഞു മാറ്റി മാറാലകൾ തുടച്ചു മാറ്റി അവർ അവിടേക്ക് വന്നു നിന്നു.
നിലവറയിലെ അസഹനീയമായ ഉഷ്ണം അവർ ഇരുവരെയും ഒരുപോലെ തളർത്തി.
വിയർപ്പിൽ കുളിച്ചതും ഇരു ശരീരങ്ങളും തമ്മിൽ ഒട്ടിച്ചേർന്നു.
വായു സഞ്ചാരത്തിന്റെ കുറവും ഇരുട്ടും അവർക്ക് മുന്നിൽ വലിയ കടമ്പ പോലെ നിന്നു.
അഞ്ജലിയുടെയും അനന്തുവിന്റെയും ദേഹത്തു നിന്നും ഒഴുകിയ വിയർപ്പ് തുള്ളികൾ നിലവറയിലെ അന്ധകാരത്തിലേക്ക് മറഞ്ഞു.
ആകെ നനഞ്ഞു കുതിർന്ന പോലെ.
അപ്പോഴും അനന്തുവിന്റെ കണ്ണുകൾ ആ ഭിത്തിയിൽ തന്നെയായിരുന്നു.

അവിടെ കൊത്തുപണികൾ ഒക്കെ ചെയ്തിട്ടുള്ള മനോഹരമായ ഒരു വാതിൽ ഉണ്ടായിരുന്നു.