അവർ ഇരുവരുടെയും നിശ്വാസങ്ങൾ മാത്രം ആ അറയിൽ വ്യാപിച്ചു.
“ആ ലാമ്പ് ഓണാക്ക് ”
അനന്തു അഞ്ജലിയെ കുലുക്കിക്കൊണ്ട് പറഞ്ഞു.
പെട്ടെന്ന് സംയമനം വീണ്ടെടുത്ത അവൾ ലാമ്പിന്റെ സ്വിച്ച് ധൃതി പിടിച്ചു ഓണാക്കി.
അതിൽ നിന്നും നിലവറയിൽ വെളുത്ത പ്രകാശം ചൊരിയപ്പെട്ടു.
എല്ലായിടത്തും അവന്റെ കണ്ണുകൾ ഓടി നടന്നു.
പലയിടത്തും മാറാലയും പൊടി പടലങ്ങളും പിടിച്ചു കിടക്കുന്നു.
പഴമയുടെ ഗന്ധം അവിടമാകെ നിറഞ്ഞു നിക്കുന്നു.
ഒട്ടനവധി ചെമ്പു പാത്രങ്ങളും വിളക്കുകളും പഞ്ചലോഹ വിഗ്രഹങ്ങളും പൊടിയിൽ കുളിച്ചിരിക്കുന്നു.
പണ്ടത്തെ രാജസദസുകളിൽ ഉണ്ടായിരുന്ന മനോഹരങ്ങളായ രാജകീയ ഇരിപ്പിടങ്ങളും ഉപകരണങ്ങളും വസ്തുക്കളും ആയുധങ്ങളും മറ്റും അവിടെ അലസമായി കൂടി കിടക്കുന്നു.
ഈ കാഴ്ചകൾ അഞ്ജലിയുടെ മനസിനെ കീഴ്പ്പെടുത്തി.
അത് ഭയത്തിലേക്ക് വഴിമാറി.
നെഞ്ചിടിപ്പ് ക്രമാതീതമായി കൂടുന്നത് അവൾ തിരിച്ചറിഞ്ഞു.
എന്നാൽ അനന്തു ഇതൊക്കെ കൗതുകത്തോടെ നോക്കി കാണുകയായിരുന്നു.
“ഇതൊക്കെ നമ്മുടെ പൂർവികർ ഉപയോഗിച്ചിരുന്നതാ നന്ദുവേട്ടാ അതൊക്കെ കൈമാറി വന്നപ്പോ ആകെ നാശകോശമായി മാറി”
അഞ്ജലി പറഞ്ഞത് കേട്ടിട്ടും അനന്തു തലയാട്ടിയതെ ഉള്ളു.
“എവിടെയാ നീ അരുണിമയുടെ ചിത്രം കണ്ടേ?”
അനന്തു ആകാംക്ഷയോടെ ചോദിച്ചു.
അതുകേട്ടതും അവൾ അൽപ നേരം തന്റെ ചിന്തകളുമായി മൽപ്പിടുത്തം നടത്തി.
അവസാനം അത് ഓർമ വന്നതും അവളുടെ അധരങ്ങളിൽ ഒരു പുഞ്ചിരി പൂവ് മോട്ടിട്ടു.
“അവിടെയാ കണ്ടത്”
അഞ്ജലി ലാമ്പ് നീട്ടിയ ഭാഗത്തേക്ക് അനന്തു സൂക്ഷിച്ചു നോക്കി.
ആ വെളിച്ചത്തിൽ അവനൊന്നും കാണാൻ കഴിഞ്ഞില്ല.
മാറാലയും അഴുക്കും മറ്റും പിടിച്ച അറയുടെ ഒരു മൂലയായിരുന്നു അത്.
അവിടെ മറ്റൊന്നും തന്നെ കാണാൻ അവന് സാധിച്ചില്ല.
നിരാശയോടെ അനന്തു ഒരു ദീർഘ നിശ്വാസം വിട്ടു.
“സോറി നന്ദുവേട്ടാ ഞാൻ കാരണം സങ്കടമായല്ലേ?”
അഞ്ജലി വിഷാദത്തോടെ പറഞ്ഞു.