“കാലാ എന്തു പറ്റിയതാ ഈ മോൾക്ക്?”
ദാസന്റെ ചോദ്യം കേട്ടതും യമദേവന്റെ മുഖത്തു കോപം ഇരച്ചു കയറി.
ആ മിഴികളിൽ സംഹാര രുദ്ര ഭാവം വന്നടിഞ്ഞു.
“ആ മൂലയ്ക്ക് കിടക്കുന്ന കഴുവേറിടെ മോനെ കണ്ടോ”
കാലന്റെ കൈവിരൽ നീണ്ട ഭാഗത്തേക്ക് ദാസൻ ദൃഷ്ടി പതിപ്പിച്ചു.
അവിടെ ഒരു മധ്യവയസ്ക്കൻ തോർത്തുകൊണ്ട് കണ്ണുകൾ ഒപ്പുന്നത് അവന് കാണാമായിരുന്നു.
“ആരാ അത് ?”
അവൻ പുരികം ഉയർത്തി പിടിച്ചു ചോദിച്ചു.
“നന്ദന മോളെ പീഡിപ്പിച്ചു കൊന്ന കള്ള നായിന്റെ മോനാ ”
യമദേവന്റെ അലർച്ച കേട്ട് അവൻ വീണ്ടും ഞെട്ടി.
അദ്ദേഹത്തിന്റെ ക്രോധം മുഴുവൻ ആ വാക്കുകളിൽ ആവഹിച്ചിരുന്നു.
“ഏതാ ആ പുന്നാര മോൻ?”
“നിർഭാഗ്യവശാൽ ആ മറ്റവൻ ഈ മോൾടെ പിതാവ് ആണ്”
അതുകേട്ടതും ദാസൻ ഞെട്ടി തരിച്ചിരുന്നു.
അവൻ ദുഃഖത്തോടെ തലയ്ക്ക് കയ്യും കൊടുത്തിരുന്നു.
ഈ കേട്ട വാർത്ത അവന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
ആ കുസൃതി കുടുക്കയുടെ പുഞ്ചിരിക്കുന്ന സുന്ദര മുഖം കണ്ടതും അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.
“നാണമില്ലേ നിനക്ക് ഇങ്ങനെ കരയാൻ..നിന്നെ പോലെ മൂക്കറ്റം കുടിച്ചിട്ട് വന്നപ്പോൾ ഭാര്യയേതാ മകളേതാ എന്ന ബോധം പോലും അവന് നഷ്ടമായി..അവന്റെ കാമപ്പ്രാന്തിന് പൊലിഞ്ഞു പോയത് ഈ കുരുന്നിന്റെ ജീവനാ”
നിരാശയുളവാക്കുന്ന ദേവന്റെ വാക്കുകൾ കേട്ട് അവന് വല്ലാത്ത വിഷമം തോന്നി.
ഒന്നും ഉരിയാടാതെ അവൻ കൈകൾ കെട്ടി വച്ചു നിന്നു.
“ഏതായാലും ഈ കാര്യത്തിൽ നിങ്ങളുടെ നിയമപാലകർ ഭയങ്കര സ്പീഡാ ഉടനെ തന്നെ അവനെ ബന്ധിച്ച് കാരാഗൃഹത്തിൽ അടക്കും”
“ആര് കേരളാ പൊലീസോ?”
“ഉം ഉം ”
യമദേവൻ തലയാട്ടി.