യമദേവൻ ഫ്രം കാലപുരി [ചാണക്യൻ]

Posted by

പുറത്തു നിന്നുമുള്ള ഒച്ച കേട്ട് ദാസൻ വീടിനു വേളയിലേക്കിറങ്ങി നോക്കി.

അവിടെ നിൽക്കുന്ന ആളെ കണ്ട് അവൻ അമ്പരന്നു.

ദാസൻ കണ്ട ആള് സുന്ദരനായ ഒരു പുരുഷനായിരുന്നു.

ഏകദേശം 35 വയസ് പ്രായം.

നയന മനോഹരമായ ഉടയാടകളും ചേലകളും ഉടുത്തു കൊണ്ട് പുഞ്ചിരി പൊഴിക്കുന്ന ആളെ കണ്ട് ദാസൻ വരെ അറിയാതെ പുഞ്ചിരിച്ചു പോയി.

നാടകത്തിലെ വേഷ ഭൂഷാധികൾ പോലെ.

കണ്ണഞ്ചിപ്പിക്കുന്നതല്ലെങ്കിലും രാജകീയമായ പ്രൗഢി അതിനുണ്ട്

അയാളുടെ മുഖത്ത് വല്ലാത്തൊരു ശ്രീത്വവും ഐശ്വര്യവും തേജസ്സും വിളങ്ങി നിന്നു.

ഒറ്റ നോട്ടത്തിൽ ബാഹുബലിയിലെ പ്രഭാസിനെ പോലെയാണ് ദാസന് തോന്നിയത്.

“ആരാ എന്തു വേണം ?”

അവൻ കുശലത്തോടെ അയാളോട് ചോദിച്ചു തുടങ്ങി.

“നാം നിന്നെ കൊണ്ടുപോകാൻ വന്നതാണ് വത്സാ”

ആഗതൻ പുഞ്ചിരിയോടെ മൊഴിഞ്ഞു.

‘അയ്യോ ഞാൻ വത്സനല്ല ദാസനാണ് ”

അവൻ അയാളെ തിരുത്താൻ ശ്രമിച്ചു.

“നാം നിന്നെ അഭിസംബോധന ചെയ്തതാണ് പുത്രാ…നമ്മുടെ വന്ദനം താഴ്മയായി സ്വീകരിച്ചാലും”

“ഇയാൾക്ക് വല്ല വട്ടാണോ?”

ദാസൻ തന്റെ സംശയാദൃഷ്ടിയുടെ മുനയിൽ ആഗതനെ നിർത്തി.

“അതേയ് നിങ്ങളാരാന്ന് പറാ വെറുതെ മനുഷ്യനെ മെനക്കെടുത്താൻ ”

ദാസൻ മുഷിപ്പോടെ അയാളോട് പറഞ്ഞു.

എങ്ങനേലും അയാളെ പറഞ്ഞു വിടാൻ അവനു ധൃതിയായി.

“പുത്രാ നാം ദേവലോകത്ത് നിന്നും ആഗതനായിരിക്കുന്നു..നിന്നെയും കൊണ്ട് ഒരു മടക്കയാത്രക്ക് വന്നതാണ്… ഭൂമിയിലെ നിന്റെ വാസത്തിന് അറുതി വന്നിരിക്കുന്നു ..നിന്റെ ആയുസ്സ് പൂർത്തിയായിരിക്കുന്നു..നീ നമ്മുടെ കൂടെ മടങ്ങാൻ തയാറാകുക”

“നിങ്ങളെന്ത് പ്രാന്താ മനുഷ്യാ പറയുന്നേ ഞാൻ വരാനോ എങ്ങട്ട് ?ഒരിടത്തേക്കും ഞാൻ വരൂല”

കോപത്തോടെ അവൻ തിരിഞ്ഞു പോകാൻ തുടങ്ങി.

‘ദാസാ നീ മരണപ്പെട്ടു…നിന്റെ ദേഹം ജീവൻ വെടിഞ്ഞു..നീ ഇപ്പോൾ ഒരു ആത്മാവാണ്.. നിന്നെയും കൊണ്ടുപോകാൻ ദേവലോകത്തു നിന്നും വന്ന യമദേവനാണ് ഞാൻ.”

Leave a Reply

Your email address will not be published. Required fields are marked *