“പോടീ മീങ്കണ്ണി….”
“പോടാ കരിയേട്ടാ…”
മീനു പോയി കുറച്ചു കഴിഞ്ഞപ്പോഴേക്കും വസൂ ഇറങ്ങി വന്നു സാരി ഒക്കെ കുത്തി ഒന്ന് ശെരിയാക്കിയിട്ടുണ്ട് മുഖവും കഴുകി ടവൽ കൊണ്ട് തുടച്ചാണ് ഇറങ്ങിയത്.
“തെമ്മാടി….”
എന്നെ നോക്കി ചുണ്ടു കോട്ടി വസൂ പിറുപിറുത്തു.
“എന്തോ….,
ഒന്ന് അടുത്തപ്പോഴേക്കും പെണ്ണിന്റെ പിടി വിട്ടു പോയത് ഞാൻ കണ്ടതാട്ടോ…”
ഞാൻ എറിഞ്ഞതും കണ്മഷി കൊണ്ട് വീണ്ടും മിഴി കറുപ്പിച്ചുകൊണ്ടിരുന്ന പെണ്ണ് മുൻപിലെ കണ്ണാടിയിലൂടെ ചൂളി എന്നെ നോക്കി.
—————————————-
എന്റെ കാറിൽ മീനുവും ഹേമേടത്തിയും വസുവിന്റെ കാറിൽ ഗംഗയും ഇന്ദിരാമ്മയുമായി ഇറങ്ങി.
ആറു നിലയിലുള്ള കല്യാണി ടെക്സ്ടൈൽസിന്റെ മുന്നിലാണ് വന്നിറങ്ങിയത്.വസൂ പറഞ്ഞ പ്രകാരമാണ് മൂന്നുപേർക്കുമുള്ള കല്യാണ പുടവ ഇവിടെ നിന്നും മതീന്നു തീരുമാനിച്ചത്.
വലിയൊരു ഷോറൂം…
അഞ്ചു പെണ്ണുങ്ങളുമായി കയറി വന്ന എന്നെ പലരും നോക്കി. മൂന്ന് അതി സുന്ദരികളായ സ്ത്രീകൾ കൂടുതൽ ഇടപഴകി എനിക്ക് ചുറ്റും നിൽക്കുന്നതും അവിടുള്ള സെയിൽസിലെ തരുണികളിൽ അത്ഭുതം നിറച്ചു.
എല്ലാത്തിനെയും കൂട്ടി ബ്രൈഡൽ സെക്ഷനിൽ കൊണ്ടുപോയി ഞാൻ എന്റെ കുഞ്ഞുസിനെയും എടുത്ത് അവിടെയുള്ള ഒരു സെറ്റിയിൽ ഇരുന്നു, സാരിയും എന്റെ പെണ്ണുങ്ങളും അവിടുള്ള സെയിൽസ്ഗേൾസുമായി ഇനി പൊരിഞ്ഞ യുദ്ധം നടക്കും എന്ന് അറിയാവുന്ന ഞാൻ കാണിയായി ഇരുന്നതെ ഉള്ളു.
മുൻപിലെ ഡിസ്‌പ്ലേയിലെ സാരികൾ ഓരോന്നായി മുന്നിലെ ഡെസ്കിലേക്ക് വീഴുന്നത് കണ്ടപ്പോൾ പെണ്ണുങ്ങൾ വേട്ട തുടങ്ങി എന്ന് മനസ്സിലായി.
ഇടയ്ക്ക് മീനു വരും ഒരു സാരി നെഞ്ചിൽ വെച്ച് തിരിഞ്ഞും ചെരിഞ്ഞും എന്നെ കാണിക്കും…അത് കഴിഞ്ഞു വസൂ വരും തൊട്ടടുത്ത നിമിഷം ഗംഗയും.
എല്ലാവർക്കും തമ്പ്സ് അപ്പ് കൊടുക്കുന്നതാണ് എന്റെ പണി.
പക്ഷെ എന്റെ തമ്പ്സ് അപ്പിൽ ഒന്നും പിള്ളേര് വീണില്ല…
ഉച്ചക്ക് തുടങ്ങിയ യുദ്ധത്തിന് തീരുമാനം ആയപ്പോൾ വൈകീട്ടായി… പ്രസവിച്ചു വയ്യാതെ കിടക്കുന്നു എന്ന് പറഞ്ഞ ഗംഗയ്ക്കായിരുന്നു സാരി എടുക്കാൻ ഏറ്റവും കൂടുതൽ സമയം എടുത്തത്.