മടിച്ചു നിൽക്കുന്ന ശ്രീക്കുട്ടിയുടെ കൈയും പിടിച്ചുകൊണ്ടു ചിന്മയി അടുക്കളയിലേക്ക് പോയി.
അരുണിനെ വിട്ട് പോകാൻ അവൾക്ക് തീരെ മനസ്സില്ലായിരുന്നു.
അവളുടെ പിടയ്ക്കുന്ന കണ്ണുകളിലൂടെ അരുൺ അത് തിരിച്ചറിഞ്ഞു.
ശ്രീക്കുട്ടി പോയി കഴിഞ്ഞ് കുളിക്കാൻ കയറുമ്പോഴാണ് ശ്രീക്കുട്ടിയെ വട്ടം കെട്ടിപിടിച്ചിരിക്കുന്ന വരുണിന്റെ ചിത്രം അവൻ കണ്ടത്.
ചെറിയൊരു നൊമ്പരത്തോടെ ആ ചിത്രം അരുൺ കയ്യിലെടുത്തു.
എന്തോ താൻ വരുണിനെ ചതിക്കുവല്ലേ?
അവന്റെ പെണ്ണല്ലേ ശ്രീക്കുട്ടി?
അല്ലാതെ എന്റെയല്ലല്ലോ?
കാരണം അവർ പരസ്പരം ജീവനു തുല്യം സ്നേഹിച്ചിരുന്നു.
വരുണിനെയല്ലാതെ മറ്റാരെയും ശ്രീക്കുട്ടിക്ക് സ്നേഹിക്കാനാവില്ല.
ഈ എന്നെ പോലും സ്നേഹിച്ചത് വരുണിന്റെ മുഖം ഉള്ളതുകൊണ്ട് മാത്രമാ.
കാരണം അത്രമേൽ അഴമുള്ളതായിരുന്നു അവരുടെ സ്നേഹം.
ഒരു പക്ഷെ വരുൺ പോകുന്നതിന് മുൻപ് എനിക്ക് തന്നതായിരിക്കും അവളെ.
അവനും അത് ആഗ്രഹിച്ചിരുന്നിരിക്കാം.
ഞാൻ അവളെ സ്നേഹിക്കുന്നതിൽ ഒരുപക്ഷെ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് നീയാകും അല്ലേ വരുണേ?
അരുൺ വരുണിന്റെ ഫോട്ടോയിലൂടെ വിരലുകൾ ഓടിച്ചുകൊണ്ടിരുന്നു.
“വരുൺ ഞാൻ നോക്കിക്കോളാം അവളെ.. നീ സ്നേഹിച്ചതിന്റെ ഏഴിലൊന്ന് പോലും അവളെ സ്നേഹിക്കാൻ ഈ ജന്മത്തിൽ എനിക്ക് കഴിയില്ലെന്നറിയാം. പക്ഷെ ഒരിക്കലും അവളുടെ ആ കണ്ണുകൾ നിറഞ്ഞൊഴുകാൻ ഞാൻ ഇട വരുത്തില്ല ഉറപ്പ് ”
അരുൺ ആത്മഗതം പറഞ്ഞുകൊണ്ട് നെടുവീർപ്പെട്ടു.
അതിനു ശേഷം കുളിക്കാനായി ബാത്റൂമിൽ കയറി.
അന്ന് രാത്രി വരെ ശ്രീയെ ഒറ്റക്ക് കിട്ടുവാൻ അരുൺ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരുന്നു.
പക്ഷെ എല്ലാ ശ്രമങ്ങളും പരാജയത്തിലേക്ക് കൂപ്പു കുത്തി.
അവളെ കാണാനുള്ള വ്യഗ്രതയിൽ അടുക്കളയിൽ നൂഴ്ന്നു കയറാൻ നോക്കിയതും ചിന്മയി ചട്ടുകം കൊണ്ട് അവനെ ഓടിച്ചു.
ഒരു വഴിയുമില്ലാത്തതിനാൽ അരുൺ വെറുത ബെഡിലേക്ക് നീണ്ടു നിവർന്നു കിടന്നുകൊണ്ട് മിഴുങ്ങസ്യാ ആലോചിച്ചുകൊണ്ടിരുന്നു.
എത്രയും വേഗം രാത്രിയാകാൻ അവൻ കൊതിച്ചു.
അതേസമയം ഒച്ചു പോലെ ഇഴഞ്ഞു കൊണ്ടിരിക്കുന്ന സമയത്തെയും പഴിച്ചു കൊണ്ടിരുന്നു.
രാത്രി ഭക്ഷണം കഴിക്കുന്ന നേരത്ത് മാത്രമാണ് അരുണിന് അവളെ ഒരു നോക്ക് കാണുവാൻ സാധിച്ചത്.
പക്ഷെ തന്റെ ഭാര്യയുടെ മുഖത്തു ഇപ്പോഴും ലജ്ജ വിട്ടു പോയിട്ടില്ലെന്ന തിരിച്ചറിവ് വന്നതും അരുൺ ഒളി കണ്ണിട്ട് അവളെ നോക്കി.
ശ്രീക്കുട്ടി അത് കണ്ടിട്ട് അവന് ഒരു പുഞ്ചിരി സമ്മാനിച്ചു.
രണ്ടു പേരും ഡൈനിങ്ങ് ടേബിളിന് മറുപുറം ഇരുന്നുകൊണ്ട് കണ്ണുകൾ കൊണ്ടു കഥ പറഞ്ഞു.
“അല്ലാ കെട്ടിയോനും കെട്ടിയോളും എന്താ ഉദ്ദേശം? “