എന്താണെന്ന അർത്ഥത്തിൽ ശ്രീ അവനെ പുരികം ഉയർത്തി കൂർപ്പിച്ചു നോക്കി.
അരുൺ ഒന്നുമില്ലെന്ന് നിഷേധാർത്ഥത്തിൽ തലയാട്ടി.
ശ്രീ പതിയെ ചിരിച്ചുകൊണ്ട് അവിടിരുന്നു.
അവളുടെ സാമീപ്യം വല്ലാത്തൊരു ആശ്വാസമാണ് അരുണിന് നൽകിയത്.
തന്റെ ഭാര്യയെ കണ്ടു കൊണ്ടിരിക്കാൻ അവന് കോതി തോന്നി.
ശ്രീക്കുട്ടി അപ്പോൾ മറ്റാരെയോ നോക്കിയിരിക്കുവായിരുന്നു.
അവളുടെ മുഖം ഒന്ന് കാണാനുള്ള വ്യഗ്രതയിൽ അരുൺ വിളിച്ചു.
“ശ്രീ മോളെ ”
അരുണിന്റെ ശബ്ദം കേട്ട് ശ്രീക്കുട്ടി ഞെട്ടിത്തിരിഞ്ഞു നോക്കി.
അവൾക്ക് തന്റെ കാതുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.
കല്യാണം കഴിഞ്ഞതിനു ശേഷം ആദ്യമായാണ് അരുണേട്ടൻ തന്റെ പേര് ചൊല്ലി വിളിക്കുന്നത്.
ശ്രീയുടെ കണ്ണുകൾ നിറഞ്ഞു.
ആനന്ദത്താൽ അവളുടെ അവളുടെ മനം തുടിച്ചു.
ഇനിയും ആ നാവിൽ നിന്നും അങ്ങനെ വിളിച്ചു കേൾക്കുവാൻ അവൾ കൊതിച്ചു.
“എന്താ അരുണേട്ടാ? ”
“എനിക്കിച്ചിരി വെള്ളം തരാവോ? ”
“ഇപ്പൊ തരാം അരുണേട്ടാ ”
ശ്രീക്കുട്ടി ഒരു സ്വപ്ന ലോകത്തിലെന്ന പോലെ തലയാട്ടി.
വിശ്വാസം വരാനായി അവൾ ഉള്ളം കയ്യിലൊന്നു പിച്ചി.
“ഹോ സ്വപ്നമല്ല ”
അവൾ ആത്മഗതം പറഞ്ഞുകൊണ്ട് കുപ്പിയിലെ മിനറൽ വാട്ടർ ഗ്ലാസ്സിലേക് പകർത്തി.
വെള്ളം നിറച്ച ഗ്ലാസ് പയ്യെ അവന് നീട്ടി.
അരുൺ ആർത്തിയോടെ ആ ഗ്ലാസിലെ വെള്ളം ഒറ്റ വലിക്ക് കാലിയാക്കി.
ഗ്ലാസ് തന്റെ സഹധര്മിണിക്ക് കൈമാറിയ ശേഷം അരുൺ വീണ്ടും കിടന്നു.
ശ്രീക്കുട്ടി ഇപ്പോഴും വിശ്വാസം വരാതെ അവനെ കണ്ണു മിഴിച്ചു നോക്കിക്കൊണ്ടിരുന്നു.
“ഹ്മ്മ്മ് എന്തേയ്”
“ഒന്നുല്ല അരുണേട്ടാ”
“വീട്ടിൽ പോകുന്നില്ലേ? ”
“മ്ച്ചും “ശ്രീ ചുമൽ കൂച്ചി.
“ന്തേ പോകാതെ ? ” അരുൺ ചിരിയോടെ ചോദിച്ചു.
“അരുണേട്ടനെ ഒറ്റക്ക് വിട്ടിട്ട് എങ്ങനാ പോകുവാ ”
ശ്രീ പതർച്ചയോടെ പറഞ്ഞു.