“വേണ്ട മോളെ ഇപ്പൊ ഇവിടെ ഒരാളുടെ ആവശ്യമേ ഉള്ളൂ… മോള് ചെന്നോ”
“വീട്ടിൽ പോയാലും എനിക്കൊരു സമാധാനവും ഉണ്ടാവില്ലമ്മേ ഞാനും കൂടെ നിന്നോട്ടെ”
ശ്രീക്കുട്ടി ചിണുങ്ങിക്കൊണ്ട് ചോദിച്ചു.
“ഈ പെണ്ണിന്റൊരു കാര്യം ശരിയെന്നാൽ”
ജാനകിയമ്മ സമ്മതിച്ചതും ശ്രീക്കുട്ടി ആശ്വാസത്തോടെ നെടുവീർപ്പെട്ടു.
അവനെ കാണാതെ ഒരു നിമിഷം പോലും മാറി നിൽക്കാൻ ശ്രീക്കുട്ടിക്ക് കഴിയുമായിരുന്നില്ല.
രാമനാഥൻ അവിടുന്ന് യാത്രയായതും ശ്രീയും ജാനകിയമ്മയും കൂടി വാർഡിലേക്ക് പോയി.
അവിടെ ഗ്ലൂക്കോസിന്റെ ക്യാനുലയും
കൈത്തണ്ടയിലേറ്റിക്കൊണ്ട് ഉച്ചിയിലേക്ക് കണ്ണും മിഴിച്ചു കിടക്കുന്ന അരുണിന്റെ മുഖ ഭാവം കണ്ട് ഒരേ സമയം ജാനകിയമ്മയ്ക്കും ശ്രീക്കുട്ടിക്കും ചിരി പൊട്ടി.
വാർഡിലെ മറ്റു രോഗികളെ നോക്കിക്കൊണ്ട് ശ്രീ ജാനകിയമ്മയുടെ കയ്യിൽ മുറുകെ പിടിച്ചു.
അരുണിനെ പരിശോധിച്ച ശേഷം നഴ്സുമാർ പോയതും അവർ ഇരുവരും അവന് സമീപം വന്നു നിന്നു.
“അരുണേട്ടന് വേഗം ഭേദാവും അല്ലെ? ”
“അതെ മോളെ.. നീ വെറുതെ പേടിക്കണ്ട കേട്ടോ”
“ഹ്മ്മ്മ് ”
ശ്രീക്കുട്ടി തലയാട്ടി.
നല്ല അവശത ഉള്ളതിനാൽ അരുൺ ഒന്നും മിണ്ടാതെ കണ്ണടച്ചു കിടക്കുവായിരുന്നു.
വാർഡിലെ രോഗികളുടെ ബഹളങ്ങളും ആളുകളുടെ കാലടി ശബ്ദങ്ങളുമായിരുന്നു അവന്റെ കാതുകളിൽ പതിഞ്ഞു കൊണ്ടിരുന്നത്.
ശരീരത്തിലൂടെ അരിച്ചു കയറുന്ന അവശത അവനെ ഇടയ്ക്കിടെ തളർത്തിക്കൊണ്ടിരുന്നു.
അപ്പോഴായിരുന്നു ശ്രീക്കുട്ടി അവന്റെ ബെഡിനു സമീപമിരുന്നത്.
ഭർത്താവ് സാധനങ്ങളുമായി തിരിച്ചുവന്ന വെന്നറിഞ്ഞ ജാനകിയമ്മ അത് വാങ്ങാനായി പുറത്തേക്കിറങ്ങിപ്പോയതായിരുന്നു.
ക്ഷീണവും വേദനയും കാരണം അരുണിന്റെ കൂമ്പിയടഞ്ഞ കൺകോണിലൂടെ നീർത്തുള്ളികൾ ഇറ്റു വീണു.
അത് കണ്ടതും ശ്രീക്കുട്ടി പയ്യെ ആ കണ്ണുനീർ തുള്ളികൾ വിരലുകൊണ്ട് ഒപ്പിയെടുത്തു.
അരുണിന്റെ അവസ്ഥ കണ്ട് ശ്രീക്കുട്ടിക്ക് വല്ലാതെ സങ്കടം തോന്നി.
മുഖത്തൊരു കരതലസ്പർശം തിരിച്ചറിഞ്ഞതും അരുൺ ഞെരുങ്ങിക്കൊണ്ട് അവളുടെ കയ്യിലേക്ക് മുഖം ചേർത്തു വച്ചു.
അരുണിന്റെ നിഷ്കളങ്കമായ മുഖം കണ്ടതും ശ്രീ വാത്സല്യത്തോടെ അവന്റെ കവിളിണകളിൽ പയ്യെ തഴുകി.