“മോളെ ശ്രീ ആ പ്രാന്തൻ അങ്ങനാ… മോള് അതൊന്നും കാര്യാക്കണ്ട.. ഞാൻ അവനോടൊന്ന് സംസാരിക്കാം. എന്നിട്ട് ഒരു തീരുമാനവും എടുക്കാം പോരെ? ”
“ഇനി വേണ്ട ചേച്ചി… അരുണേട്ടന് ഒരു മാറ്റവും ഉണ്ടാവില്ല.. എനിക്ക് ഒട്ടും പ്രതീക്ഷയില്ല.. ആ ഡയറിയിൽ എഴുതിയതൊക്കെ കളവാണ്.. അതൊന്നും ഞാനൊരിക്കലും വിശ്വസിക്കരുതായിരുന്നു”
ചിന്മയിയെ തള്ളി മാറ്റിക്കൊണ്ട് ശ്രീക്കുട്ടി പോയി.
ചിന്മയി ആകെ ധർമ സങ്കടത്തിലായി.
റൂമിലെത്തിയ ശ്രീ കാണുന്നത് തണുത്തു വിറച്ചുകൊണ്ട് മൂടി പുതച്ചു കിടക്കുന്ന അരുണിനെയായിരുന്നു.
അവൾ അല്പം ഭയത്തോടെ അങ്ങോട്ടേക്ക് ചെന്നു നോക്കി.
ഉറക്കത്തിനിടയിലും അരുൺ വിറച്ചുകൊണ്ട് പിച്ചും പേയും പറഞ്ഞുകൊണ്ടിരുന്നു.
ശ്രീക്കുട്ടി പതുക്കെ കയ്യെടുത്ത് അവന്റെ നെറ്റിത്തടത്തിൽ അമർത്തി വച്ചു.
പൊള്ളുന്ന ചൂട് അനുഭവപെട്ടതും അവൾ കൈ പിന്നിലേക്ക് വലിച്ചു വേഗം തന്നെ അമ്മയെ വിളിക്കുവാനായി അവൾ അടുക്കളയിലേക്ക് ഓടി.
അവിടെ ചിന്മയിയുമായി നാട്ടുകാര്യങ്ങൾ പറഞ്ഞു കൊണ്ടിരിക്കുവായിരുന്നു ജാനകിയമ്മ.
ശ്രീക്കുട്ടി ഓടിക്കിതച്ചു വരുന്നത് കണ്ട് അവർ നെഞ്ചിൽ കൈ വച്ചു.
“എന്താ മോളെ? ”
“അമ്മേ അരുണേട്ടന് നല്ല ചൂട്… പനിയാണെന്ന തോന്നുന്നേ? ”
“ആണോ മോളെ… ഞാൻ ഒന്ന് നോക്കട്ടെ”
“ശരിയമ്മേ”
മുന്നേ പോകുന്ന ജാനകിയമ്മയുടെ പുറകെ അവളും വച്ചു പിടിച്ചു.
റൂമിലേക്കെത്തിയ ജാനകിയമ്മ ബെഡിൽ കിടന്നുറങ്ങുന്ന അരുണിനെ സൂക്ഷിച്ചു നോക്കി.
എന്നിട്ട് അവന്റെ നെറ്റിയിൽ പതുക്കെ കൈചേർത്തു വച്ചു.
നല്ല ചൂട് അനുഭവപ്പെട്ടതും ജാനകിയമ്മ കൈ വലിച്ചു.
“ഡാ മോനെ എണീക്ക്”
ജാനകിയമ്മ അരുണിനെ കുലുക്കി വിളിച്ചു.
പക്ഷെ അരുൺ എണീക്കാൻ കൂട്ടാക്കിയില്ല.
അവൻ പുതപ്പിനുള്ളിലേക്ക് ഒന്നുകൂടി ചുരുണ്ടുകൂടി കിടന്നു.
അവന് നല്ല കുളിര് തോന്നി.
“മോളെ ശ്രീക്കുട്ടി”
എന്താ അമ്മേ? ”
“മോള് വേഗം ഡ്രെസ് മാറ് നമുക്ക് ഇവനെയും കൊണ്ടു ഹോസ്പിറ്റലിലേക്ക് പോകാം”
“ശരിയമ്മേ… ”
ശ്രീക്കുട്ടി വേഗം ഒരു ചുരിദാർ കയ്യിലെടുത്തുകൊണ്ടു ബാത്റൂമിലേക്ക് ഓടി.
അവൾ ഡ്രെസ് അണിഞ്ഞു തിരികെ വന്നപ്പോഴേക്കും ജാനകിയമ്മ അരുണിനെ എണീപ്പിച്ചിട്ടുണ്ടായിരുന്നു.
അവന്റെ മുഖത്തു വല്ലാത്തൊരു ക്ഷീണവും അവശതയും ശ്രീക്കുട്ടി കണ്ടു.