അവൻ പുറത്തു പോയെന്നുറപ്പായതും ശ്രീക്കുട്ടി വന്നു ഡോർ ലോക്ക് ചെയ്തു.
തന്റെ ദേഹത്തോടെ പറ്റിച്ചേർന്നു കിടക്കുന്ന സാരി വലിച്ചു പറിച്ചു കളഞ്ഞു ബ്ലൗസും അടിപ്പാവാടയും അണിഞ്ഞുകൊണ്ട് അവൾ കണ്ണാടിക്ക് മുന്നിൽ വന്നു നിന്നു.
അരുണേട്ടന്റെ ഈയൊരു പെരുമാറ്റത്തിൽ അവൾക്ക് ചങ്കു പൊട്ടുന്ന വേദന തോന്നി.
ഒന്നും വേണ്ടിയിരുന്നില്ല എന്നവൾ പരിതപിച്ചു.
ഈ കല്യാണം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരമായി പോയി.
ആ ഡയറിലെ വരികൾ വിശ്വസിച്ച ഞാനാണ് പൊട്ടി.
തന്നെയാരോ കബളിപ്പിക്കുവാൻ ചെയ്ത കുസൃതി.
ഒരിക്കലും ആ ഡയറിയെ കണ്ണടച്ചു വിശ്വസിക്കരുതായിരുന്നു.
തെറ്റ് പറ്റിപ്പോയി എനിക്ക്.
ശ്രീക്കുട്ടിയുടെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു.
അവൾക്ക് കുറെ നേരം ഒറ്റക്കിരിക്കാൻ തോന്നി.
ഒരു ബനിയനും ത്രീഫോർത്തും ധരിച്ചുകൊണ്ട് അവൾ ബാൽക്കണിയിലേക്ക് വന്നിരുന്നു.
തണുത്ത മന്ദമാരുതൻ അവളെ ആശ്വസിപ്പിക്കാൻ എന്നവണ്ണം പയ്യെ തഴുകി കടന്നു പോയി.
നക്ഷത്രങ്ങളോ ചന്ദ്രനോ ഇല്ലാത്ത കുറ്റാകൂരിരുട്ട് നിറഞ്ഞ ആകാശത്തേക്ക് അവൾ കണ്ണും നട്ടിരുന്നു.
ആ ആകാശം പോലെ അവളുടെ മനസും ശൂന്യമായിരുന്നു.
പൊടുന്നനെ മാനത്ത് പൊട്ടു പോലെ ഒരു കുഞ്ഞു നക്ഷത്രം പ്രത്യക്ഷമായി.
അത് ശ്രീക്കുട്ടിയെ നോക്കി കണ്ണു ചിമ്മി.
ആ കാഴ്ച കണ്ടതും അവളുടെ മനസിൽ ഒരു അനുഭൂതി നിറയുന്നപോലെ തോന്നി.
മനസിലെ സങ്കടങ്ങളെല്ലാം എങ്ങോ പോയി മറഞ്ഞ പോലെ.
ആ കുഞ്ഞു നക്ഷത്രത്തെ നോക്കി കണ്ണു ചിമ്മിയ ശേഷം ശ്രീക്കുട്ടി ഭക്ഷണം കഴിക്കുവാനായി ബാൽക്കണിയിൽ നിന്നും പോയി.
അത്താഴം കഴിഞ്ഞു റൂമിലെത്തിയ ശ്രീ കണ്ടത് ബെഡിൽ മലർന്നു കിടന്നുറങ്ങുന്ന അരുണിനെ ആയിരുന്നു.
അവനെ നോക്കി നെടുവീർപ്പെട്ട ശേഷം അവൾ ദിവാനിൽ അവനെയും നോക്കിക്കൊണ്ട് നേരം വെളുപ്പിച്ചു
പിന്നീടുള്ള ദിവസങ്ങൾ അരുണിനും ശ്രീക്കുട്ടിക്കും വിരുന്നിന്റെ ദിവസങ്ങൾ ആയിരുന്നു.
ഇത്രയും ദിവസങ്ങളിൽ ഒരു മുറിയിൽ രണ്ടപരിചിതരെ പോലെ അവർ പെരുമാറി.
ഇത് അവർക്കിടയിലുള്ള അകലം വല്ലാതെ വർധിപ്പിച്ചു.
പൊതുവെ കുശാഗ്ര ബുദ്ധിയുള്ള ചിന്മയിടെ CID മൈൻഡ് ഇത് കണ്ടു പിടിച്ചു.
അവൾ കാര്യമായി തന്നെ ശ്രീക്കുട്ടിയെ ചോദ്യം ചെയ്തു.
അപ്പോഴാണ് സത്യങ്ങൾ ഓരോന്നായി പുറത്തേക്ക് വന്നത്.
എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ഒരു തരിപ്പ് പോലെയാണ് അവൾക്ക് തോന്നിയത്.
ഇത്രയും കാലം ഒരു പാവം പെണ്ണിനെ ഇങ്ങനെ വട്ടു പിടിപ്പിച്ച തന്റെ അനിയനോട് അവൾക്ക് പുച്ഛം തോന്നി.