“പറയ് ശ്രീ ”
അരുൺ മുറുമുറുപ്പോടെ പറഞ്ഞു.
“അരുണേട്ടാ ഞാനൊരു കാര്യം ചോദിക്കട്ടെ? ”
“ഹ്മ്മ്മ് ചോദിക്ക് ”
“അരുണേട്ടന് എന്നോട് എന്തോരം സ്നേഹമുണ്ട്? ”
ശ്രീ അവന്റെ മുഖത്തേക്ക് പ്രതീക്ഷയോടെ നോക്കി.
“എന്തിനാ അങ്ങനൊക്കെ ചോദിക്കുന്നെ? ”
“ഒന്നുല്ല ഏട്ടാ… എന്നാലും പറാ”
അവൾ അവന് നേരെ തിരിഞ്ഞിരുന്നുകൊണ്ട് ചോദിച്ചു.
“എനിക്ക് അങ്ങനൊന്നും പറയാൻ അറിഞ്ഞുട ശ്രീ”
“എന്നാലും പറ ഏട്ടാ എന്തോരം ഇഷ്ട്ടമുണ്ട്? ”
“ശ്രീക്കുട്ടി എനിക്ക് ദേഷ്യം വരുന്നുണ്ട്… ഒന്നാമത്തെ എന്റെ മൂഡ് ശരിയല്ല.. നിനക്ക് എന്താ പറയാൻ ഉള്ളതെന്ന് വച്ചാൽ അതങ്ങട് പറഞ്ഞു തൊലയ്ക്ക് ”
അരുൺ അവൾക്കു നേരെ ചീറി അവന്റെ അലർച്ച കേട്ട് ശ്രീക്കുട്ടി ഭയന്നു വിറച്ചു.
അവൾ വിറയലോടെ അവനെ നോക്കി.
അരുണിന്റെ രോഷം നിറഞ്ഞ ചുവന്നു തുടുത്ത മുഖം അവൾ ആദ്യമായി കാണുകയായിരുന്നു.
സങ്കടം സഹിക്കാനാവാതെ അവൾ മുഖം പൊത്തിക്കൊണ്ട് വിതുമ്പി.
പെട്ടെന്നുള്ള ശ്രീയുടെ ഭാവമാറ്റം കണ്ട് അരുണിന് അവളോട് ദയ തോന്നി.
അത്രയും ചൂടാകേണ്ടിയിരുന്നില്ല.
വിതുമ്പുന്ന അവളെ ഒന്ന് ചേർത്തു പിടിക്കാൻ അവന്റെ കൈകൾ വെമ്പിയെങ്കിലും മനസുകൊണ്ട് അതിന് പ്രാപ്തിയില്ലായിരുന്നു.
അതുകൊണ്ട് തന്നെ അവളെ സമാധാനിപ്പിക്കുക എന്നുള്ളത് അവന് ബുദ്ധിമുട്ടേറിയ കാര്യങ്ങളിൽ ഒന്നായി മാറി.
അവളുടെ നേർത്ത കരച്ചിൽ കാതിനു അലോസരമായി തുടങ്ങിയതും അരുൺ ഇടപെട്ടു.
“നിനക്ക് ഇതെന്താ പറ്റിയെ ശ്രീ? ഇങ്ങനെ മോങ്ങിക്കൊണ്ടിരിക്കാനാണോ ഇങ്ങോട്ട് വരാൻ നീ പറഞ്ഞത്.. വെറുതെ മനുഷ്യന്റെ സമയം കളയാൻ”
അരുൺ പിറുപിറുത്തുകൊണ്ടിരുന്നു.
അതൊക്കെ കേട്ട് ശ്രീയ്ക്ക് തന്റെ വിഷമം ഇരട്ടിയായി മാറി.
പറയാൻ വെമ്പി നിന്ന കാര്യങ്ങൾ മറവിയുടെ അഗാധതയിലേക്ക് എങ്ങോ മറഞ്ഞു പോയി.
ഒന്നും ഉരിയാടാനാവാതെ അവൾ മുഖം പൊത്തി വിതുമ്പിക്കൊണ്ടിരുന്നു.
ഭാര്യയുടെ സങ്കടം കണ്ട് മനസ് പതറിയ അരുൺ എന്തു ചെയ്യബമെന്നറിയാതെ കുഴങ്ങി.
തൽക്കാലം ഇങ്ങനെ ഇരിക്കുന്നത് പന്തിയല്ല എന്ന് മനസിലാക്കിയ അവൻ ശ്രീയുടെ കൈകളിൽ ബലമായി പിടുത്തമിട്ടുകൊണ്ട് മുന്നോട്ട് നടന്നു.