തന്നെ ഇവിടെ കൊണ്ടു കളഞ്ഞിട്ട് ഭർത്താവ് എങ്ങോട്ടോ സർകീട്ട് പോയെന്നറിഞ്ഞപ്പോഴേ അവൾക്ക് അടിമുടി വിറഞ്ഞു കയറിയിരുന്നു.
എങ്കിലും ഇതൊക്ക ബന്ധുക്കൾ ആണെന്ന് അവൾ മനസിനെ പറഞ്ഞു പഠിപ്പിച്ചു.
തന്റെ കാര്യത്തിൽ യാതൊരു ഉത്തരവാദിത്തവുമില്ലാത്ത ഭർത്താവിനോട് അവൾക്കാദ്യമായി വെറുപ്പ് തോന്നി.
എങ്ങനേലും ഈ വിരുന്നൊക്കെ കഴിഞ്ഞു അരുണേട്ടനെ ഒറ്റക്ക് കിട്ടാൻ അവൾ ആത്മാർത്ഥമായി പ്രാർത്ഥിച്ചു.
വൈകുന്നേരമായപ്പോൾ തറവാട്ടിൽ നിന്നും അവർ മടങ്ങി.
തിരിച്ചു പോരുന്ന വഴി കാറിൽ ശ്രീക്കുട്ടി മുഖം വീർപ്പിച്ചിരുന്നു.
പക്ഷെ അരുൺ അതൊന്നും ശ്രദ്ധിക്കാതെ വണ്ടി ഓടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
അതു കണ്ടതും അവൾ കലിപ്പോടെ അവനെ നോക്കി.
സ്വല്പം കഴിഞ്ഞതും നിയന്ത്രണം വിട്ട അവൾ പൊട്ടിത്തെറിച്ചു.
“എനിക്ക് നിങ്ങളോട് ഒറ്റക്ക് സംസാരിക്കണം”
ശ്രീയുടെ അലർച്ച കേട്ട് അരുണിന്റെ കാൽ ബ്രേക്കിൽ പതിഞ്ഞു.
കാർ പൊടുന്നനെ നിന്നു.
ആ മുരൾച്ച കേട്ട് ശ്രീ ഒന്ന് പതറി.
എങ്കിലും അവൾ ധൈര്യം സംഭരിച്ചിരുന്നു.
“എന്താ പറഞ്ഞേ? ”
അരുൺ മനസിലാകാത്ത പോലെ അവളെ നോക്കി.
“എനിക്ക് അരുണേട്ടനോട് ഒറ്റക്ക് സംസാരിക്കണമെന്ന് ”
കടന്നൽ കുത്തിയത് പോലുള്ള അവളുടെ മുഖം കണ്ടതും അരുൺ അല്പം പരിഭ്രാന്തിയിലായി.
“ഹ്മ്മ്മ്.”
മറുപടി ഒരു മൂളലിൽ ഒതുക്കിക്കൊണ്ട് അരുൺ കാറ് മുന്നോട്ടെടുത്തു.
ശ്രീ അവന് മുഖം കൊടുക്കാതെ പുറത്തേക്ക് കണ്ണും നട്ടിരുന്നു.
അവളുടെ മനസ് പ്രക്ഷുബ്ധമായ കടലിനു സമാനമായിരുന്നു.
അരുണേട്ടന്റെ ഈ പെരുമാറ്റം കണ്ട് അവൾക്ക് വല്ലാതെ ശ്വാസം മുട്ടി.
നീന്തലറിയാത്ത ഒരാൾ നിലയില്ലാ കയത്തിലേക്ക് മുങ്ങി താഴുന്ന പോലെ അവളുടെ മനസും പിടച്ചുകൊണ്ടിരുന്നു.
ഹൈവേയിൽ നിന്നും ഒരു പോക്കറ്റ് റോഡിലേക്ക് കാർ കയറ്റിയ അരുൺ ഒന്നും മിണ്ടാതെ ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചിരുന്നു.
മാറി വരുന്ന ചുറ്റുപാട് കണ്ടതോടെ ശ്രീക്കുട്ടിക്ക് മനസിലായി അടുത്തെവിടെയോ ബീച്ച് ഉണ്ടെന്ന്.
വെള്ള മണൽത്തരികൾക്ക് മുകളിലൂടെ അവരുടെ കാർ സാവധാനം മുന്നോട്ട് പോയി.
പാർക്കിംഗ് ഏരിയയിൽ കൊണ്ടുപോയി കാർ വച്ച ശേഷം അരുൺ ശ്രീയെയും കൊണ്ടു എൻട്രൻസ് ഗേറ്റിലേക്ക് നടന്നു.