“എന്നിട്ടോ അവള് ചങ്കു പൊട്ടി ചാകാനോ.. പണ്ടൊക്കെ അവന് ഒരു മുറിവ് പറ്റിയാൽ സഹിക്കാൻ പറ്റാത്തവളോടാണോ ഞാൻ വരുൺ മരിച്ച കാര്യം പറയേണ്ടത്? ”
“പറയണമായിരുന്നു എല്ലാ സത്യങ്ങളും പറയണമായിരുന്നു”
“പറഞ്ഞാൽ അത് അവള് എങ്ങനെ സ്വീകരിക്കുമെന്ന് നിനക്ക് അറിയോ? വല്ല കയ്യബദ്ധവും കാണിച്ചാലോ അല്ലേൽ വീണ്ടും അവൾക്ക് എന്തേലും വയ്യാണ്ടായാലോ? ”
ചിന്മയിടെ വാക്കുകൾ കേട്ട് ഒരു നിമിഷം അരുൺ അസ്ത്രപ്രജ്ഞനായി നിന്നു.
ആ ഒരു ചോദ്യത്തിന് മറ്റൊരു മറുപടി അവന്റെ കൈവശം ഉണ്ടായിരുന്നില്ല.
നിന്ന നിൽപ്പിൽ അവൻ വിയർത്തു.
“അതിന് ഇങ്ങനൊക്കെ പറയാനായിരുന്നോ ചേച്ചി… അവള് നമ്മുടെ വരുണിന്റെ പെണ്ണാ.. അങ്ങനല്ലെ നമ്മളിതുവരെ കണ്ടിട്ടുള്ളേ.. അതു കൊണ്ട് ഇനിയും അങ്ങനെ തന്നെ മതി”
“അതല്ല മോനെ ശ്രീക്കുട്ടി റൂമിൽ വച്ച് വരുന്ണുമൊന്നിച്ചുള്ള ഫോട്ടോസ് കണ്ടു.. ഡയറിയും വായിച്ചു.. അപ്പൊ പിന്നെ അതൊക്കെ എങ്ങനെ സംഭവിച്ചെന്ന് ചോദിക്കുമ്പോ ന്താപ്പാ ഒരു മറുപടി പറയാ.. അവൻ നമ്മളെ വിട്ട് പോയെന്നോ.. ഒരിക്കലും അത് പറയാൻ പാടില്ല.. ചിന്മയി പറഞ്ഞത് തന്നാ ശരി.. അതിനെക്കാൾ നല്ലൊരുത്തരം ശ്രീക്കുട്ടിക്ക് പറഞ്ഞു കൊടുക്കാനില്ല”
അതുവരെ നിശബ്ദനായിരുന്ന രാമനാഥൻ പൊടുന്നതെ തന്റെ മൗനം വെടിഞ്ഞുകൊണ്ട് പറഞ്ഞു.
അരുൺ വിശ്വാസം വരാതെ അച്ഛന്റെ മുഖത്തേക്ക് ചുഴിഞ്ഞു നോക്കി.
അച്ഛൻ ഇങ്ങനൊരു അഭിപ്രായം പറയുമെന്ന് അവൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.
“ശരിയാ രാമേട്ടാ അത് നല്ലൊരു തീരുമാനാ.. ജാനകിയമ്മ തന്റെ ഭർത്താവിനെ സപ്പോർട്ട് ചെയ്തു.”
“എന്ത് തീരുമാനം അവളെ കള്ളം പറഞ്ഞ് പറ്റിക്കുന്നതോ.? അതോ വരുൺ ആണെന്ന് തെറ്റിദ്ധരിച്ച് എന്നെ സ്നേഹിക്കുന്നതോ? മൂന്ന് പേരോടാ നിങ്ങളി ചതി ചെയ്യാൻ പോണേ.. എന്നോടും ശ്രീയോടും പിന്നെ നമ്മുടെ വരുണിനോടും ”
ഗത്യന്തരമില്ലാതെ അരുൺ ഉറക്കെ പറഞ്ഞു.
മോനെ ഈ വീട്ടിലേക്ക് വന്നു കേറാൻ ആഗ്രഹിച്ച പെണ്ണാ അവള്… എന്റെ സ്വന്തം മോളെ പോലെ തന്നാ ശ്രീക്കുട്ടിയും… അവളെ വേറൊരു വീട്ടുകാര് സ്വന്തമാക്കുന്നത് കാണാനുള്ള ത്രാണി ഞങ്ങൾക്കില്ല.. ഈ വീടിന്റെ മരുമകളായി വന്നു കേറാൻ ഇനിയും ഒരവസരം ഉണ്ട് മോൻ വിചാരിച്ചാൽ ”
അത്രയും പറഞ്ഞു കൊണ്ട് ജാനകിയമ്മ പ്രതീക്ഷയുളവാക്കുന്ന കണ്ണുകളോടെ തന്റെ മകനെ നോക്കി.
അമ്മ പറഞ്ഞു വരുന്നത് ഒന്നും മനസിലാവാതെ അരുൺ മുഖം ചുളിച്ചു.
”
വരുണിന്റെ സ്ഥാനത്ത് നിന്ന് മോൻ ശ്രീക്കുട്ടിയെ കെട്ടണം”
“അമ്മേ…… ”
അരുണിന്റെ അലർച്ച നാലു പാടും മുഴങ്ങിക്കേട്ടു.
കേട്ടത് വിശ്വസിക്കാനാവാതെ ഞെട്ടിത്തരിച്ചുകൊണ്ടു അവൻ അമ്മയെ തുറിച്ചു നോക്കി.