അങ്ങനെ ചിന്മയിടെ റൂമിൽ നിൽക്കുന്ന സമയത്ത് പെട്ടെന്ന് ഒരു കാൾ വന്നതും സംസാരിച്ചുകൊണ്ട് ചിന്മയി പുറത്തിറക്കിറങ്ങി പോയി.
അവളുടെ റൂമിൽ അല്പ നേരം ഒറ്റക്ക് നിന്നതും ആകെ ബോറടിച്ച ശ്രീക്കുട്ടി പയ്യെ വെളിയിലേക്കിറങ്ങി.
അപ്പോഴാണ് അപ്പുറത്ത് മറ്റൊരു റൂമിന്റെ ഡോർ പാതി തുറന്നിട്ടത് അവളുടെ ശ്രദ്ധയിൽപെട്ടത്.
ഒരു കൗതുകത്തിനു ശ്രീ അങ്ങോട്ട് നടന്നു.
ആ ഡോറിനിടയിലൂടെ റൂമിലേക്ക് അവൾ കയറി.
ആ റൂമിൽ കയറിയതും അവളുടെ വിടർന്ന കണ്ണുകൾ ഞെട്ടലോടെ ചുറ്റുപാടും നോക്കികൊണ്ടിരുന്നു.
മുന്നിലുള്ള കാഴ്ച കണ്ട് അവൾക്ക് തല കറങ്ങുന്ന പോലെ തോന്നി.
ശ്രീ വിശ്വാസം വരാതെ അവിടുള്ള മേശയിൽ ഒരു ബലത്തിനെന്നോണം കൈ താങ്ങ് പോലെ വച്ചു.
ആ മുറിയിലാകെ ശ്രീക്കുട്ടിയുടെ ചിത്രങ്ങൾക്കൊണ്ട് നിറഞ്ഞിരിക്കുവായിരുന്നു.
അവളുടെ വിവിധ പോസിലുള്ള നിരവധി അനവധി ചിത്രങ്ങൾ അതോടൊപ്പം ആ വെള്ളാരം കണ്ണനുമായി കെട്ടിപിടിച്ചുകൊണ്ടുള്ള ചിത്രങ്ങൾ കണ്ടതും അവളിൽ ഒരു കുഞ്ഞു നാണം ഉടലെടുത്തു.
തനിക്ക് ആക്സിഡന്റ് സംഭവിച്ചതും കോമയിൽ കിടന്നതും ഓർമ നശിച്ചതും ഒക്കെ ഒരു കഥ പോലെ അമ്മ പറഞ്ഞു തന്നിട്ടുണ്ടായിരുന്നു.
അപ്പൊ എന്റെ ഓർമ്മ നശിക്കുന്നതിനു മുൻപ് എനിക്ക് ഇയാളുമായി എന്തോ ബന്ധം ഉണ്ടായിരുന്നു.
അന്ന് ആദ്യമായി ആശുപത്രിയിൽ വച്ചു കണ്ടപ്പോൾ എങ്ങോ കണ്ടു മറന്ന ഫീൽ ആയിരുന്നു എനിക്ക്.
ആ മുഖം വീണ്ടും കാണുമ്പോഴും ആ വെള്ളാരം കണ്ണുകളിൽ നോക്കിയിരിക്കുമ്പോഴും താൻ സ്വയം മതി മറന്ന് അലിഞ്ഞു പോകുന്നു.
ഉറപ്പായിട്ടും അരുണേട്ടനുമായി എനിക്ക് എന്തോ ബന്ധം ഉണ്ട്.
ശ്രീക്കുട്ടി ചിത്രങ്ങളിലൂടെ കണ്ണോടിച്ചുകൊണ്ടു ഓർത്തു കൊണ്ടിരുന്നു.
അവൾ അവിടുള്ള മേശയിൽ ചാരിയിരുന്നതും ഒരു ഡയറി അവളുടെ കയ്യിൽ തട്ടി താഴേക്ക് പൊടുന്നനെ വീണു.
ശ്രീ സസൂക്ഷ്മം അത് കുനിഞ്ഞെടുത്തു.
അല്പം പഴക്കം ആ ഡയറിക്കുണ്ടെന്ന് അവൾക്ക് തോന്നി.
അവൾ ആ ഡയറിൽ പറ്റിപ്പിടിച്ചിരിക്കുന്ന പൊടി ഷാളിന്റെ അറ്റം കൊണ്ടു തുടച്ചു മാറ്റി.
അതിന് ശേഷം അതിന്റെ താളുകൾ ഓരോന്നായി അവൾ മറിച്ചു നോക്കി.
അതിലുള്ള വരികളിലൂടെ പലയാവർത്തി അവളുടെ കണ്ണുകൾ ഓടി നടന്നു.
ചില വരികൾ വായിച്ചപ്പോൾ അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു മുന്നിലുള്ള കാഴ്ചയെ മറച്ചു വച്ചു.
മറ്റു ചില വരികൾ അവളുടെ മനസിൽ ഉടക്കി നിന്നു.
ഒറ്റയിരുപ്പിന് ആ ഡയറി അവൾ വായിച്ചു തീർത്തു.
അപ്പോഴേക്കും ശ്രീക്കുട്ടിക്ക് ആകെ വല്ലാത്തൊരു നഷ്ടബോധം തോന്നി.
എന്തിനെന്നറിയാതെ പൊടുന്നനെ അവൾ വിതുമ്പിപോയി.
ശ്രീയെ റൂമിൽ കാണാതെ തപ്പിയിറങ്ങിയതായിരുന്നു ചിന്മയി.
അപ്പോഴാണ് വരുണിന്റെ റൂമിന്റെ വാതിൽ തുറന്നിട്ടിരിക്കുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടത്.