ജയൻ കണ്ണിറുക്കി ചിരിച്ചുകൊണ്ട് ഹാളിലേക്ക് പോയി.
വാഷ് ബേസിനിൽ നിന്നും കൈ കഴുകിയ ശേഷം പോകുന്ന പോക്കിൽ അരുണിനെ ഒന്ന് നോട്ടമിട്ടുകൊണ്ട് അവൾ സ്റ്റെപ്സ് കയറി റൂമിലേക്ക് പോയി.
വീണയോടും ജയനോടും യാത്ര പറഞ്ഞ ശേഷം അവൻ പോകാനായി ഇറങ്ങി.
പക്ഷെ മുൻപത്തെ സംഭവം തന്നെ അവന്റെ മനസിൽ തങ്ങി നിന്നിരുന്നു.
മുറിയിലേക്ക് അനവസരത്തിൽ കേറി വന്ന നിമിഷത്തെ പഴിച്ചുകൊണ്ട് അവളോട് മാപ്പ് പറയുവാനായി അരുൺ തിരിച്ചു വന്നു സ്റ്റെപ്സ് കയറിക്കൊണ്ടിരുന്നു.
ശ്രീയുടെ റൂമിനു പുറത്തേറ്റിയതും അടഞ്ഞു കിടക്കുന്ന വാതിലിൽ അവൻ ശക്തമായി മുട്ടി.
കൈപ്പത്തി കൊണ്ടു രണ്ടു മൂന്ന് തവണ മുട്ടിയപ്പോഴേക്കും ശ്രീ വന്നു വാതിൽ തുറന്നു.
മുൻപിൽ നിൽക്കുന്ന ആളെ കണ്ട് ആശ്ചര്യത്തോടെ ചിരിക്കണോ കരയണോ എന്നോർത്ത് അവൾ വീണ്ടും കുഴങ്ങി.
ഒന്നും മിണ്ടാനാകാതെ ശില കണക്കെ തറഞ്ഞു നിന്നു.
തന്നെ കണ്ടതും വിടർന്നു വന്ന അവളുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കികൊണ്ട് അരുൺ പറഞ്ഞു.
“സോറി ശ്രീ… നേരത്തെ അറിയാതെ കേറിപ്പോയതാ എന്നോട് ക്ഷമിക്ക്.. ഞാൻ ഒന്നും കണ്ടിട്ടില്ല കേട്ടോ”
നിഷ്കളങ്കതയോടെയുള്ള അരുണിന്റെ പറച്ചിൽ കേട്ട് ശ്രീക്കുട്ടിയ്ക്ക് ചിരി പൊട്ടി.
എങ്കിലും അവൾ അത് പുറത്തേക്ക് കാണിച്ചില്ല.
ചുണ്ട് കടിച്ചു പിടിച്ചു അവനെ നോക്കി നിന്നു.
“സാരല്യ അരുണേട്ടാ.. എന്റെ മിസ്റ്റേക്ക് അല്ലേ ഡോർ അടക്കാതെ പോയത്.. അരുണേട്ടൻ ടെൻഷൻ ആവണ്ട.. എനിക്ക് പരിഭവം ഒന്നുമില്ലട്ടോ ”
തന്റെ സ്വതസിദ്ധമായ നുണക്കുഴി കാണിച്ചു കൊണ്ടു ശ്രീക്കുട്ടി പുഞ്ചിരിച്ചു.
ഒരു നിമിഷം അവളുടെ ആ ചിരിയിൽ അരുൺ മതി മറന്നു പോയെങ്കിലും സ്വബോധം വീണ്ടെടുത്ത് അവൻ വീണ്ടും പറഞ്ഞു തുടങ്ങി.
“ഞാൻ പൂവാണ് ശ്രീ പിന്നൊരിക്കൽ കാണാം.. ബൈ”
“അപ്പൊ ഇനി എപ്പോഴാ കാണാ”
മുഖം ചുളിച്ചുകൊണ്ടുള്ള ശ്രീയുടെ ചോദ്യം കേട്ടതും പോകാനായി തിരിഞ്ഞ അരുൺ വീണ്ടും പുറകിലേക്ക് അവളെ തിരിഞ്ഞു നോക്കി.
“അറിയില്ല എപ്പോഴേലും വരാം”
“ഞാൻ വിളിച്ചാൽ വരാതിരിക്കുവോ ”
ശ്രീയുടെ പരിഭവം നിറഞ്ഞ ചോദ്യം കേട്ടതും എന്ത് മറുപടി പറയണമെന്ന് ഓർത്ത് അവന് തലക്ക് ചൂട് പിടിച്ചു.
ശ്രീയോട് എന്താണ് പറയേണ്ടതെന്ന് അവനൊരു നിശ്ചയവുമില്ലായിരുന്നു.
എന്നാലും അവൻ മറുപടി പറഞ്ഞു.
“ഉറപ്പായും വരാം”
അത് കേട്ടതും ആയിരം നക്ഷത്രങ്ങൾ പൂത്തുത്തളിർക്കുന്നത് അവളുടെ മിഴി മുനകളിലൂടെ അവന് അറിയാൻ പറ്റി.
വിവരിക്കാനാവാത്ത വിധം അവളുടെ മുഖം വിവർണമായി.
സുന്ദരമായ അവളുടെ അധരങ്ങളിൽ എന്തൊക്കെയോ കുസൃതികൾ ഒളിച്ചിരിപ്പുണ്ടെന്ന് അവന് തോന്നി.
ശ്രീയുടെ മുഖത്തു വിരിയുന്ന നാണം കണ്ട് അരുൺ ആകെ ചിന്തിതനായിരുന്നു.
കാരണം പണ്ട് വരുണുമായി ഈ നാട്ടിൽ ഉള്ളപ്പോൾ പോലും തന്നോടൊന്ന് അവൾ മര്യാദക്ക് സംസാരിക്കുകയോ ചിരിക്കുകയോ ചെയ്തിട്ടില്ല.