ശ്രീയുടെ അലർച്ച കേട്ടപ്പോഴാണ് അവൻ ഞെട്ടലോടെ കണ്ണടച്ച് പിടിച്ചു റൂമിനു വെളിയിലേക്കിറങ്ങിയത്.
ഇമ്മാതിരി അമളി ജീവിതത്തിൽ ഇതുവരെ പറ്റിയിട്ടില്ലെന്നോർത്ത് അവന് സ്വയം നാണക്കേട് തോന്നി.
ചളിപ്പോടെ അവൻ വേഗം താഴേക്കിറങ്ങി വന്നു.
ഭക്ഷണ സാധങ്ങൾ ഡൈനിങ്ങ് ടേബിളിൽ നിരത്തി വച്ച ശേഷം ശ്രീയെ കാണാത്തോണ്ട് വീണ അവളെയും തിരക്കി റൂമിലേക്ക് പോയിരുന്നു.
അപ്പോഴേക്കും ജയനും അരുണും ടേബിളിനു ചുറ്റുമായി ഇരുന്നു.
വീണ പിടിച്ച പിടിയാലേ ശ്രീക്കുട്ടിയെയും കൊണ്ടു താഴേക്കിറങ്ങി വന്നു.
ഡൈനിങ്ങ് റൂമിലേക്ക് വന്നതും അരുണിനെ നേരിടാൻ അവൾ വല്ലാതെ ബുദ്ധിമുട്ടി.
അരുണിനും മറിച്ചായിരുന്നില്ല.
ശ്രീ വരുന്നത് കണ്ടതും അവൻ മുഖം താഴ്ത്തിയിരുന്നു.
അവളുടെ മുഖത്തേക്ക് നോക്കാൻ അവന് ചമ്മൽ തോന്നി.
ശ്രീക്കുട്ടിയ്ക്ക് ഇഷ്ട്ടപ്പെട്ട കോഴി വറുത്തതും മറ്റും എല്ലാം വീണ വിളമ്പിയതിനാൽ ഭക്ഷണ സാധങ്ങൾക്കൊണ്ട് ഡൈനിങ്ങ് ടേബിൾ നിറഞ്ഞു കിടക്കുവായിരുന്നു.
ശ്രീക്കുട്ടി അന്ധാളിപ്പോടെ ഭക്ഷണ സാധങ്ങൾ ഓരോന്നായി നോക്കിക്കണ്ടു.
അവൾ ആദ്യമായിട്ടായിരുന്നു ഇത്രേം വിഭവങ്ങൾ ഒരുമിച്ചു കാണുന്നത്.
കണ്ണും മിഴിച്ചുകൊണ്ടു വീണയെ അവൾ നോക്കി.
“മോള് കഴിക്ക് നിനക്ക് വേണ്ടിയാ അമ്മ ഇതൊക്കെ ഒരുക്കിയെ”
വീണ വാത്സല്യപൂർവ്വം അവളുടെ നെറുകയിൽ തലോടി.
അതിനു ശേഷം അവളെക്കൊണ്ട് ഓരോ വിഭവങ്ങളും പയ്യെ ഊട്ടിച്ചുകൊണ്ടിരുന്നു.
അച്ഛന്റെയും അമ്മയുടെയും മതി മറന്നുള്ള സ്നേഹ പ്രകടനത്തിൽ ശ്രീ ലയിച്ചങ്ങനിരുന്നു.
രണ്ടു പേരും മത്സരത്തോടെ അവൾക്ക് ഭക്ഷണം വാരി നൽകി.
അരുൺ ഇതൊക്കെ കണ്ടുകൊണ്ട് ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു.
അവരുടെ സ്വകാര്യതയിൽ താൻ ഒരു കട്ടുറുമ്പിനെ പോലെ ആയെന്ന് അവന് തോന്നി.
എത്രയും വേഗം ഭക്ഷണം കഴിച്ച ശേഷം സ്ഥലം കാലിയാക്കാൻ വെമ്പുന്ന മനസുമായി അവൻ സമയം മുന്നോട്ട് തള്ളി നീക്കിക്കൊണ്ടിരുന്നു.
ഭക്ഷണത്തിനു ശേഷം ഒന്ന് എണീറ്റു നിക്കാൻ നോക്കിയതും നിയന്ത്രണം വിട്ടുപോയ അവൾ കസേരയിലേക്ക് അമർന്നിരുന്നു.
ഭക്ഷണം കഴിച്ചു വയറു ഫുള്ള് ആയതിനാൽ ശ്രീക്കുട്ടിയ്ക്ക് പെട്ടെന്ന് എണീക്കാൻ സാധിച്ചില്ല.
അവൾ വയറും താങ്ങിക്കൊണ്ട് പതുക്കെ എണീറ്റു.
“മോളെ ഈ പായസം കൂടി കുടിച്ചോ ”
ജയൻ മകൾക്കു നേരെ പായസം അടങ്ങിയ ഗ്ലാസ് വച്ചുനീട്ടി.
അതുംകൂടി കണ്ടതോടെ ശ്രീയ്ക്ക് ബോധം പോകുന്ന പോലെയായി.
അവളുടെ മുഖത്ത് നിസഹായത നിറഞ്ഞ് തുളുമ്പി.
അത് മനസ്സിലാക്കിയതും വീണ അവളുടെ രക്ഷയ്ക്കെത്തി.
“ഇനി പിന്നെ മതി…. അവൾക്ക് വയറു നിറഞ്ഞു കാണും ജയേട്ടാ”
“ശരി മാഡം “