പിറ്റേദിവസം രാവിലെ തന്നെ ജയൻ പറഞ്ഞതനുസരിച്ചു അരുൺ കാറുമായി ഹോസ്പിറ്റലിലേക്ക് എത്തി.
റൂമിലേക്ക് പയ്യെ നടന്നു വന്നതും വീണയും ശ്രീക്കുട്ടിയും സാധങ്ങൾ ബാഗിൽ അടുക്കി പെറുക്കുന്ന തിരക്കിൽ ആയിരുന്നു.
റൂമിൽ ആളനക്കം കേട്ട് ശ്രീ തിരിഞ്ഞു നോക്കിയതും കണ്ടത് അരുണിനെയായിരുന്നു.
അവന്റെ വെള്ളാരം കണ്ണുകളിൽ ആയിരുന്നു അവളുടെ കണ്ണുകൾ ഉടക്കി നിന്നത്.
ആ മുഖവും കണ്ണുകളും എവിടൊക്കെയോ തന്റെ ഓർമകളിൽ പൊടി പിടിച്ചു കിടക്കുന്നുണ്ടെന്നു അവൾക്ക് മനസിലായി.
പക്ഷെ എത്ര ശ്രമിച്ചിട്ടും അതെന്താണെന്ന് ഓർത്തെടുക്കുവാൻ അവൾക്ക് സാധിച്ചില്ല.
ഇയാളോട് മാത്രം തോന്നുന്ന അടുപ്പം മറ്റാരോടും അവൾക്ക് തോന്നിയിരുന്നില്ല.
മുൻപ് എപ്പോഴോ ഇയാൾ തന്റെ ആരൊക്കെയോ ആയിരുന്നു എന്ന് അവളുടെ മനസ് പറഞ്ഞുകൊണ്ടിരുന്നു.
ശ്രീക്കുട്ടിയുടെ മതി മറന്നുള്ള നോട്ടം കണ്ട് അരുൺ അവളെ നോക്കി ചിരിച്ചു.
“ഹായ് ശ്രീ ”
അരുണിന്റെ ശബ്ദമാണ് അവളെ മനനങ്ങളിൽ നിന്നും ഉണർത്തിയത്.
“ഹായ് ”
ശ്രീ സൗമ്യമായി പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു.
“ഫുഡ് കഴിച്ചോ? ”
“ഹാം കഴിച്ചു ”
ശ്രീക്കുട്ടി തലയാട്ടി.
നിങ്ങളോ എന്ന അർത്ഥത്തിൽ അവൾ കൈ ചൂണ്ടി.
അരുണിനെ എങ്ങനെ അഭിസംബോധന ചെയ്യുമോർത്ത് അവൾ വെപ്രാളപ്പെട്ടു.
“ആഹ് ഞാൻ വരുന്ന വഴിക്ക് കഴിച്ചു.”
അരുൺ മറുപടി പറഞ്ഞു ശേഷം അവളെ നോക്കി പുഞ്ചിരിച്ചു.
ആ ചിരിക്ക് വല്ലാത്തൊരു സവിശേഷത ഉള്ള പോലെ അവൾക്ക് തോന്നി.
എന്നോ കണ്ടു മറന്ന ഒരു ചിരി പോലെ അവൾക്ക് ഫീൽ ചെയ്തു.
“അമ്മായി ഞാൻ അമ്മാവനെ നോക്കിയിട്ട് വരാം”
“ശരി മോനെ ”
സാധങ്ങൾ എടുത്തു വയ്ക്കുന്നതിനിടെ വീണ പറഞ്ഞു.
അരുൺ നേരെ പുറത്തേക്ക് ഇറങ്ങിപോയി.
അവൻ പോയി കഴിഞ്ഞതും ശ്രീക്കുട്ടി വീണയെ ചുറ്റിപ്പറ്റി നിന്നു..
“അമ്മേ”
“എന്താ മോളെ? ”
“ഞാനെന്താ വിളിക്കണ്ടേ? ”
“ആരെയാ മോളെ? ”
വീണ തലയുയർത്തി അവളെ നോക്കി.
“അയാളെ ”
പോയവഴിക്ക് കൈ ചൂണ്ടിക്കൊണ്ട് ശ്രീ പറഞ്ഞു.