എല്ലാവരും അമ്പരപ്പോടെ അവനെ നോക്കി.
എന്താണ് പറയാൻ പോകുന്നതെന്ന് അറിയാൻ.
“ശ്രീക്കുട്ടി എന്നെയല്ല കണ്ടത്”
“പിന്നെയോ ”
ചിന്മയി ചാടിക്കേറി ചോദിച്ചു.
“എന്നിലൂടെ വരുണിനെയാണ്….എന്നെ കണ്ടപ്പോൾ അവൾ ഓർത്തെടുത്തത് വരുണിന്റെ മുഖവും കണ്ണുകളുമാണ് അല്ലാതെ എന്നെയല്ല ”
അരുണിന്റെ മറുപടി കേട്ടതും എല്ലാവരും പരസ്പരം ആ ഒരു കാര്യത്തിനോട് പൂർണമായി യോജിക്കുന്ന വിധത്തിലായിരുന്നു അവരുടെ പെരുമാറ്റം.
എല്ലാവരും ചുറ്റും ഇരുന്നുകൊണ്ട് ശ്രീക്കുട്ടിയെ ഒരു കുഞ്ഞിനെ പോലെ പരിചരിച്ചു.
വീണ എങ്ങും മാറാതെ മകൾക്കൊപ്പം തന്നെ സമയം ചിലവഴിച്ചു.
2 ദിനങ്ങളിലെ ആശുപത്രി വാസം കൊണ്ടു ശ്രീക്കുട്ടി വല്ലാതെ വീർപ്പുമുട്ടി.
അതിലുപരി തന്നെ പരിചരിക്കുന്നവരോടുള്ള അപരിചിതത്വം ആ വീർപ്പുമുട്ടൽ ഇരട്ടിയാക്കി മാറ്റി.
അതൊക്കെ തന്റെ അച്ഛനും അമ്മയും ആണെന്നും ബന്ധുക്കൾ ആണെന്നും പഠിച്ചെടുക്കാനും മനസിൽ വയ്ക്കാനും അവൾ പഠിച്ചു തുടങ്ങി.
ഒരു കുഞ്ഞിനെ പോലെ ഓരോ കാര്യങ്ങളും അവൾ പഠിച്ചു തുടങ്ങി.
വീണ അവൾക്ക് അതേ സമയം ഒരു അധ്യാപികയായി മാറി.
സ്നേഹം വാരിക്കോരി തരാൻ ഒരു അച്ഛനെയും അമ്മയെയും കിട്ടിയത് അവൾക്ക് സ്വർഗ്ഗ തുല്യമായിരുന്നു.
എങ്കിലും മറ്റെന്തോ വിടവ് അവളുടെ മനസിൽ നിഴലിച്ചുകൊണ്ടിരുന്നു.
അന്ന് ആദ്യമായി കണ്ട ആ വെള്ളാരം കണ്ണുള്ളവനെ ഒന്നു കൂടി കാണുവാൻ അവളുടെ മനസ് കൊതിച്ചു.
പതിവ് പോലെ ശ്രീക്കുട്ടിയ്ക്ക് ഇഷ്ട്ടമുള്ള ഐസ് ക്രീം വാങ്ങിക്കൊണ്ട് റൂമിലേക്ക് വരികയായിരുന്നു ജയൻ.
വാതിൽ തുറന്നു ഉള്ളിലേക്ക് കയറിയതും വീണയുടെ മടിയിൽ തല വച്ചു കിടക്കുന്ന ശ്രീയെ കണ്ട് ചിരിയോടെ അയാൾ ഡോർ അകത്തു നിന്നും പൂട്ടി.
അച്ചായി പുറകിൽ നിന്നുമുള്ള വിളി കേട്ട് ഒരു നിമിഷം ജയൻ സ്തബ്ധനായി.
മിടിക്കുന്ന ഹൃദയത്തോടെ അയാൾ വെട്ടി തിരിഞ്ഞു പുറകിലേക്ക് നോക്കി.
അപ്പോൾ അയാളെ നോക്കി ചിരിക്കുന്ന ശ്രീയെ ആണ് ജയൻ കണ്ടത്.
അവളുടെ മുഖത്തെ ആ ചിരി കണ്ടതും കേട്ടത് സത്യമാണോ എന്നറിയാൻ ഒന്നുകൂടി തന്റെ മകളെ നോക്കി
“അച്ചായി ”
ശ്രീക്കുട്ടിയുടെ വിളി കേട്ട് ജയൻ ഞെട്ടലോടെ വീണയെയും ശ്രീയെയും മാറി മാറി നോക്കി.
വീണ കള്ള ചിരിയോടെ തന്റെ ഭർത്താവിനെ നോക്കി കണ്ണിറുക്കി.
കേട്ടത് വിശ്വസിക്കാനാവാതെ ജയന്റെ ഉള്ളം പിടഞ്ഞു.
മാസങ്ങൾക്കു ശേഷം തന്റെ മകൾ തന്നെ അച്ഛാ എന്ന് വിളിച്ചത്തിലുള്ള സന്തോഷവും അനുഭൂതിയും ആ മുഖത്ത് പൊട്ടി വിരിയുന്നുണ്ടായിരുന്നു.
അണപൊട്ടിയൊഴുകുന്ന ആനന്ദത്തോടെ നിറഞ്ഞ മനസോടെ അയാൾ ഓടി വന്നു തന്റെ മകളെ ഇറുകെ പുണർന്നു.