ഡോക്ടർ അതു കേട്ട് നിറഞ്ഞ മനസോടെ അവളോട് വീണ്ടും ചോദിച്ചു.
“എന്തൊക്കെയാ മോൾക്ക് ഓർമ വന്നേ… പറയാമോ? ”
“വേറൊന്നുമില്ല അയാളുടെ കണ്ണുകളും മുഖവും.. അത് എന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു ഡോക്ടർ ”
ശ്രീക്കുട്ടി മുഖം കുനിച്ചു.
“സാരമില്ല മോളെ… എല്ലാം വേഗം ശരിയാവും കേട്ടോ. ഇനി വേറൊന്നും ചിന്തിക്കേണ്ട മോൾക്ക് കിടക്കണോ? ”
“ആം വേണം ”
ചിലമ്പിച്ച സ്വരത്തിൽ ശ്രീക്കുട്ടി മറുപടി പറഞ്ഞു.
“കിടന്നോ മോളെ”
ഡോക്ടർ നഴ്സുമാരെ നോക്കി കണ്ണുകൾ കൊണ്ടു ആംഗ്യം കാണിച്ചു.
അവർ വേഗം വന്നു അവളെ കിടക്കുവാൻ സഹായിച്ചു.
ശ്രീ കിടന്നു കഴിഞ്ഞതും വീണ വേഗം വന്ന് അവൾക്ക് ചാരെ വന്നിരുന്നു.
വീണയുടെ മുഖം കണ്ടതും ശ്രീ അവരെ നോക്കി പുഞ്ചിരിച്ചു.
വീണ അത് കണ്ട് സന്തോഷത്തോടെ ചിരിച്ചുകൊണ്ട് അവളുടെ നെറുകയിൽ പതിയെ തലോടിക്കൊണ്ടിരുന്നു.
അവളുടെ മുഖത്തേക്ക് ഉതിർന്നു വീണ മുടിയിഴകൾ ഒതുക്കി വച്ച ശേഷം പുതപ്പ് എടുത്തു അവളെ പുതപ്പിച്ചു.
ശ്രീയുടെ കവിളിൽ പയ്യെ തലോടിക്കൊണ്ടിരുന്നു.
ആ കയ്യുടെ നൈർമല്യത്തിൽ മതി മറന്നു കൊണ്ടു ഒരു കൊച്ചു കുഞ്ഞിനെ പോലെ അവൾ കിടന്നുറങ്ങി.
മകളുടെ നിഷ്കളങ്കമായ ഉറക്കം കണ്ട് ആ അമ്മയുടെ മാറിടം വിങ്ങി.
ശ്രീയെ നെഞ്ചോട് ചേർത്തു വച്ചു ഉറക്കാൻ വീണ വല്ലാതെ കൊതിച്ചു.
അമ്മയുടെ കയ്യിലെ ഇളം ചൂടേറ്റ് ശ്രീക്കുട്ടി ഉറക്കത്തിലേക്ക് വഴുതി വീണു.
അപ്പോഴും അവളുടെ അധരങ്ങളിൽ ഒരു നനുത്ത പുഞ്ചിരി അവശേഷിച്ചിരുന്നു.
ഡോക്ടർമാരും നഴ്സുമാരും പുറത്തു പോയി കഴിഞ്ഞതും എല്ലാവരും അവൾക്ക് ചുറ്റുമായി നിന്നു.
ഒരു കുഞ്ഞിനെ പോലെ വീണയുടെ കൈയിൽ പറ്റി പിടിച്ചു കിടന്നുറങ്ങുന്ന ശ്രീയെ കണ്ട് എല്ലാവരിലും വാത്സല്യം ജനിച്ചു.
“എപ്പോഴും അവളങ്ങനാ ഉറങ്ങുമ്പോഴും ഒരു ചിരി ബാക്കിയുണ്ടാകും മുഖത്ത്. ”
ശ്രീയെ നോക്കിക്കൊണ്ട് വീണ പറഞ്ഞു.
ജയൻ ചിരിച്ചു കൊണ്ട് അതെയെന്ന് തലയാട്ടി.
“എന്നാലും മോളെങ്ങനാ അരുണിനെ തിരിച്ചറിഞ്ഞേ? പ്ലസ് ടു കഴിഞ്ഞ ശേഷം അവൻ പോയതല്ലേ ഇവിടുന്ന്.. പിന്നൊരു മടങ്ങിവരവ് ഇപ്പോഴല്ലേ ഉണ്ടായേ? ”
ജാനകിയമ്മ തന്റെ സംശയം പ്രകടിപ്പിച്ചു.
ആ സംശയത്തിൽ കഴമ്പില്ലാതില്ലെന്ന് മറ്റുള്ളവർക്ക് തോന്നി.
“അതിനുള്ള ഉത്തരം ഞാൻ പറയാം”
അത് വരെ മിണ്ടാതിരുന്ന അരുൺ തന്റെ നിശബ്ദത കൈവെടിഞ്ഞു കൊണ്ട് പറഞ്ഞു.