അവൾക്ക് ഇത്രയും ആരോഗ്യമൊക്കെയുണ്ടോ എന്നോർത്ത് അവൻ അത്ഭുതപ്പെട്ടു.
“ഞാൻ പറയാ ശ്രീ ”
അരുൺ വിക്കി വിക്കി പറഞ്ഞു.
അത് കേട്ടതും ക്രോധ ഭാവത്തോടെ ശ്രീക്കുട്ടി അവന്റെ കഴുത്തിലെ പിടുത്തതിന് അയവ് നൽകി.
അവൾ കൈ പിൻവലിച്ചതും ഉറക്കെ ചുമച്ചുകൊണ്ടു അരുൺ എണീറ്റു നിന്നു.
അവന്റെ ഉറക്കെയുള്ള ചുമ അവൾക്ക് അസഹനീയമായി തോന്നി.
ചുമച്ചു ചുമച്ചു അരുണിന് തൊണ്ടയിലെ വെള്ളം വറ്റിപോയി.
അവന്റെ കണ്ണുകൾ നിറഞ്ഞു വന്നു.
അവന്റെ പരാക്രമം കണ്ട് ശ്രീക്കുട്ടി കൂസലേതു മന്യേ യാതൊരു ഭാവ പ്രകടനങ്ങളും നടത്താതെ തുറിച്ചു നോട്ടം തുടർന്നു കൊണ്ടിരുന്നു.
തൊണ്ടയിലെ പ്രയാസം ഒന്ന് കുറഞ്ഞു വന്നതും അരുൺ അവിടുണ്ടായിരുന്ന സ്റ്റൂൾ വലിച്ചിട്ടു അതിലേക്ക് ഒരു കൈ അകലത്തിൽ അമർന്നിരുന്നു.
ഒരു സ്വയംരക്ഷ എന്ന പോലെ.
ശ്രീക്കുട്ടിയുടെ കണ്ണുകളിൽ തെളിയുന്ന തന്നോടുള്ള വെറുപ്പും വിദ്വേഷവും മാറ്റി കൊടുക്കേണ്ടത് തന്റെ തന്നെ ഉത്തരവാദിത്തം ആണെന്ന് അവന് മനസിലായി.
കഴിഞ്ഞ ഒരു വർഷമായി ശ്രീക്കുട്ടിയുടെ ജീവിതത്തിൽ സംഭവിച്ചത് എന്താണെന്ന് അറിയാനുള്ള അവളുടെ ആകാംക്ഷ അരുൺ തിരിച്ചറിഞ്ഞു.
അവന്റെ മനസ് പയ്യെ പുറകിലേക്ക് സഞ്ചരിച്ചു ശ്രീക്കുട്ടിയുടെയും അരുണിന്റേയും വരുണിന്റേയും ഭൂത കാലത്തിലേക്ക്.
“ജന്മം കൊണ്ടു രണ്ടാണെങ്കിലും മനസ് കൊണ്ടു ഒന്നായിരുന്നു ഞങ്ങൾ.
എല്ലാവരുടെയും വരുണും അരുണും.
കുടുംബത്തിലെ നല്ല കുട്ടിയുടെ പട്ടം അവൻ മേടിച്ചപ്പോൾ ഞാൻ മിക്കപ്പോഴും മറ്റുള്ളവർക്ക് മുൻപിൽ ഒരു തോന്നിയവാസി ആയിരുന്നു.
“പ്ലസ്ടുവിന് ഉയർന്ന മാർക്ക് വാങ്ങി അവൻ എല്ലാവരുടെയും പ്രതീക്ഷ കാത്തപ്പോൾ ഞാൻ തട്ടിയും മുട്ടിയും ഒക്കെ ആയിരുന്നു പ്ലസ്ടു കഴിഞ്ഞു കൂടിയത്.
ഇതൊക്കെ നിനക്കും അറിയുന്നതല്ലേ? ”
അരുൺ അതും പറഞ്ഞുകൊണ്ട് അവളെ ഉറ്റു നോക്കി
ശ്രീക്കുട്ടി യാതൊരു ഭാവങ്ങളുമില്ലാതെ ഇരിക്കുന്നത് കണ്ട് അരുൺ നിരാശയിലായി.
“അങ്ങനെ അന്ന് ഞങ്ങൾ പിരിഞ്ഞു.
എല്ലാവരുടെയും മുൻപിൽ എന്നും എനിക്ക് നാണക്കേട് ആയിരുന്നു.
പഠിത്തത്തിൽ ആയാലും മറ്റു കാര്യങ്ങൾക്കായാലും ഞാൻ എന്നും അവന് പിറകിൽ ആയിരുന്നു.
ആ ഒരു അപകർഷതാ ബോധം കാരണം പ്ലസ്ടു കഴിഞ്ഞപ്പോ ഞാൻ മനഃപൂർവം എല്ലാരിൽ നിന്നും അകന്നു.
എന്തിന് എന്റെ ജീവന്റെ ജീവനായ വരുണിൽ നിന്നും വരെ.”
അതു പറഞ്ഞപ്പോഴേക്കും അരുൺ വിതുമ്പിപ്പോയി.
വരുണിന്റെ ഓർമ്മകൾ അവനെ അലട്ടിക്കൊണ്ടിരുന്നു.