അവളുടെ ഉറച്ച ശബ്ദം കേട്ടതും മറുപടി പറയാതെ ഓരോരുത്തരായി മുറി ഒഴിഞ്ഞു കൊടുത്തു.
എല്ലാവരും മുറിയ്ക്ക് വെളിയിലായി എന്നുറപ്പ് വരുത്തിയതും ശ്രീ അരുണിനോട് പറഞ്ഞു.
“പോയി ആ വാതിലടക്ക്”
ശ്രീക്കുട്ടിയുടെ ആജ്ഞ കേട്ടതും ഒരു ഭൃത്യനെ പോലെ അരുൺ റൂമിന്റെ വാതിൽ അകത്തു നിന്നും ലോക്ക് ചെയ്തു.
അതിനു ശേഷം അവൻ തിരിഞ്ഞു നിന്നു. ഉള്ളിൽ നുരഞ്ഞു പൊന്തുന്ന ഭയത്തോടെ അരുൺ അവൾക്ക് സമീപം അടിവച്ചടി വച്ചു വന്നു നിന്നു.
ശ്രീക്കുട്ടി കട്ടിലിന്റെ ക്റാസിയിൽ ചാരിയിരുന്നു കൊണ്ടു അവനെ തുറിച്ചു നോക്കി.
അവളുടെ മാറി വരുന്ന മുഖ ഭാവങ്ങൾ കണ്ട് അരുൺ തെല്ലൊന്ന് പേടിച്ചു.
ഏതായാലും ഇഞ്ചിഞ്ചായി കൊല്ലുന്നതിനു ഭേദം ഒറ്റയടിക്ക് ചാകുന്നതാണെന്ന ബോധ്യത്തോടെ അവൻ മടിച്ചു മടിച്ചു ശ്രീകുട്ടിക്ക് സമീപം വന്നിരുന്നു.
അരുൺ അടുത്ത് വന്നിരുന്നതും ശ്രീ ആകെ വല്ലാതായി.
അവന്റെ വെള്ളാരം കണ്ണുകളും കോലൻ മുടിയിഴകളും കട്ടി മീശയും ക്ലീൻ ഷേവ് ചെയ്ത മിനുസമാർന്ന താടിയും കണ്ടപ്പോൾ ഒരു നിമിഷം അവൾ വരുണേട്ടനെ ഓർത്തു പോയി.
ഇന്ന് അടുത്തുണ്ടായിരുന്നേൽ എന്നെ പൊന്നു പോലെ സംരക്ഷിച്ചേനെ എന്നവൾ വൃഥാ ആഗ്രഹിച്ചുകൊണ്ടിരുന്നു.
അരുൺ അടുത്തിരുന്നുവെന്ന് ഉറപ്പായതും ശ്രീക്കുട്ടി അരുണിന്റെ കോളറിൽ കയറി പിടിച്ചു.
“വിട് ശ്രീമോളെ എന്താ ഈ കാണിക്കണേ? ”
അരുൺ അവളുടെ കൈ വിടുവിക്കാൻ നോക്കി.
പക്ഷെ ആ പിടുത്തത്തിലെ ദൃഢത കൂടി കൂടി വന്നു.
“എന്നെ ഇനി അങ്ങനെ വിളിച്ചു പോകരുത്… എന്റെ വരുണേട്ടൻ മാത്രാ എന്നെ ശ്രീമോളെ എന്ന് വിളിക്കാറ്… വരുണേട്ടന് മാത്രേ ആ അവകാശമുള്ളൂ. സത്യം പറ എനിക്ക് തിരിച്ചറിവ് ഇല്ലാതിരുന്ന കാലത്ത് എന്തൊക്കെയാ എനിക്ക് സംഭവിച്ചേ? ഞാൻ കോമയിൽ കിടന്നപ്പോൾ മുതലുള്ള കാര്യങ്ങൾ ഓരോന്നായി താൻ ഇവിടെ പാറയണം. എനിക്ക് അത് തന്റെ വായിൽ നിന്നും തന്നെ കേൾക്കണം… പറാ”
ശ്രീക്കുട്ടി അലറിക്കൊണ്ട് അരുണിനെ രൂക്ഷമായി നോക്കി.
ആ നോട്ടം താങ്ങാനത്തെ അവന്റെ തല താഴ്ന്നു.
“എനിക്ക് അത് തന്റെ വായിൽ നിന്നും കേൾക്കണം… സത്യം പറയെടോ എനിക്ക് എന്തൊക്കെയാ പറ്റിയെ? അത് പറയാതെ തന്നെ ഞാൻ വിടില്ല ”
ശ്രീക്കുട്ടി അരുണിന്റെ കൊങ്ങയ്ക്ക് കേറി പിടിച്ചു.
ആ നീരാളി പിടുത്തത്തിൽ അരുൺ അശക്തനായി മാറി.