“മോൾക്ക് നിന്നെ കാണണ്ടെന്നു പറഞ്ഞെടാ ഒന്നും വിചാരിക്കല്ലേ കേട്ടോ ”
അച്ഛന്റെ വാക്കുകൾ കേട്ടതും ചെവിയിൽ ഈയം ഉരുക്കിയൊഴിക്കുന്നത് പോലെയാണ് അരുണിന് അനുഭവപ്പെട്ടത്.
സങ്കടം സഹിക്കാനാവാതെ അവൻ പുറത്തേക്കിറങ്ങി പോയി.
ശ്രീക്കുട്ടിയെ ഒരു നോക്ക് കാണാൻ പറ്റാത്ത വിഷമവും അതിലുപരി അവൾ കാണണ്ടെന്നു പറഞ്ഞതിലുള്ള വിഷമം കൂടിയായപ്പോൾ അരുണിന് ഭ്രാന്ത് പിടിക്കുന്ന പോലെയായി.
നെഞ്ചിനുള്ളിൽ കിടന്ന് പെരുമ്പറ കോട്ടും പോലെ അവന്റെ ഹൃദയം ഉച്ചത്തിൽ മുഴങ്ങിക്കൊണ്ടിരുന്നു.
പക്ഷെ ആ മിടിപ്പ് കേട്ടത് ആകെ ഒരാൾ മാത്രമായിരുന്നു.
അവന് സമീപം മറഞ്ഞിരിക്കുന്നുണ്ടായിരുന്ന ഒരു അരൂപി.
അരുൺ ദൂരേക്ക് നടന്നു മറയുന്നത് ദുഃഖത്തോടെ കണ്ടു നിന്ന അദൃശ്യനായ ആ രൂപം പയ്യെ ഹോസ്പിറ്റലിലേക്ക് തിരിഞ്ഞു നടന്നു.
ICU വിന് മുൻപിലുള്ള ആളുകളെ കണ്ടതും ഒരു നിമിഷം ആ രൂപം തറഞ്ഞു നിന്നു.
കസേരയിൽ ചാഞ്ഞു കണ്ണടച്ചു കിടക്കുന്ന ജാനകിയമ്മയെ കണ്ടതും ആ രൂപത്തിന്റെ കണ്ണുകൾ വിടർന്നു.
അല്പ നേരം ജാനകിയമ്മയെ ആ രൂപം നോക്കി നിന്ന ശേഷം പയ്യെ ICU വിന്റെ അടഞ്ഞു കിടക്കുന്ന വാതിലിലൂടെ യാതൊരു തടസവും കൂടാതെ നൂഴ്ന്നു കയറി.
ICU വിന്റെ മൂക്കിനും മൂലയ്ക്കും ആ രൂപത്തിന്റെ കണ്ണുകൾ പരതി നടന്നു.
ശ്രീക്കുട്ടി കിടക്കുന്ന ബെഡിലേക്കെത്തിയതും ഒരു നിമിഷം അതിന്റെ കണ്ണുകൾ തറഞ്ഞു നിന്നു.
പയ്യെ ആ രൂപം അങ്ങോട്ടേക്ക് ഒഴുകി വന്നു.
മൂക്കിലൂടെ ട്യൂബ് ഇട്ട് ബെഡിൽ ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്കതയോടെ ഉറങ്ങുന്ന അവളെ കണ്ട് ആ രൂപത്തിന്റെ മുഖം ശോകമായി.
ആ അരൂപി സാവധാനം കൈകൾ നീട്ടി അവളുടെ പൂവിതൾ പോലെ മൃദുലമായ മുഖം കൈക്കുമ്പിളിൽ കോരിയെടുക്കാൻ നോക്കി.
പക്ഷെ അതിന്റെ കൈകൾക്ക് ശ്രീക്കുട്ടിയുടെ മുഖം കോരിയെടുക്കുവാനോ ഒന്ന് തൊടുവാനോ സാധിക്കുന്നുണ്ടായിരുന്നില്ല.
നിരാശയോടെ ആ രൂപം തന്റെ കൈകൾ പിൻവലിച്ചു.
ശോകപൂർണമായ ആ മുഖത്തു പയ്യെ വാത്സല്യം നിറഞ്ഞു തുളുമ്പി.
അവളുടെ ഇടതു കൈ ത്തണ്ടയിലെ മുറിവിലേക്ക് ആ രൂപം പയ്യെ നോക്കി.
അതിനു ശേഷം ആ രൂപം കണ്ണുകളടച്ചതും പൊടുന്നനെ അരൂപി ഒരു പുകച്ചുരുളായി മാറുകയും അപ്രത്യക്ഷമാവുകയും ചെയ്തു.
ഹാളിലെ സോഫയിൽ കിടന്ന് ഉറങ്ങുകയായിരുന്നു അരുൺ.
പോടുന്നനെ അവന്റെ ഫോൺ ശബ്ദിച്ചു.