അമ്മായിയെ സഹായിച്ചുകൊണ്ട് ഞാനും കിച്ചണിൽ തന്നെ കൂടി.. പണ്ട് ‘അമ്മ ദോശ ചുടുമ്പോൾ അടുപ്പിന്റെ അടുത്ത് പോയി ഇരിക്കാറുണ്ടായിരുന്നു. അമ്മ മറ്റെന്തെങ്കിലും എടുക്കാൻ തിരിയുമ്പോൾ ചട്ടുകം എന്നെ ഏല്പിക്കുമായിരുന്നു. അന്നൊക്കെ ഒരു ദോശ മറിച്ചിടാൻ അവസരം കിട്ടിയാൽ ഭയങ്കര സന്തോഷം ആയിരുന്നു. അന്ന് അമ്മയുടെ കൂടെ കൂടിയത്കൊണ്ട് ദോശ ചുടാനും ചപ്പാത്തി പരത്താനും ഒക്കെ പടിച്ചിരുന്നു. അത് ഏതായാലും നന്നായി. അമ്മായിക്ക് ഒരു സഹായം ആയല്ലോ… ഇന്നത്തെ ദോശ എന്റെവകയാണ്.
അതിനിടയിൽ അമ്മായി ഒരു കട്ടൻ ചായ എനിക്ക് വച്ചുനീട്ടി. രാവിലെ പല്ലുപോലും തേക്കാതെ ഒരു കട്ടൻ കുടിക്കാൻ എന്തോ പ്രത്യേക രുചിയാണ്. എവിടെങ്കിലും ട്രിപ്പ് ഒക്കെ പോയാൽ അങ്ങനൊരു പതിവ് ഉണ്ട്. അമ്മായി കാലത്ത് പല്ലൊക്കെ തേച്ചു കുളിയും കഴിഞ്ഞത്കൊണ്ട് പാവത്തിന് വിശകുന്നുണ്ടാവും. എനിക്ക് ആണെങ്കിൽ പല്ല് തേച്ചാൽ അപ്പൊ തുടങ്ങും വിശപ്പിന്റെ വിളി. അങ്ങനെ കാലത്തെ ബ്രേക്ക് ഫാസ്റ്റും ഇന്നത്തേക്ക് വേണ്ട ചോറും കറികളും ഒക്കെ റെഡിയായി. ഷിൽനയ്ക്ക് കൊണ്ടുപോകാനുള്ളത് അവളുടെ ടിഫിൻ ബോക്സിൽ എടുത്തുവച്ചുകൊണ്ട് അമ്മായിയും കൈയ്യിൽ ഇരുന്ന ചൂട് ചായ ഊതി ഊതി കുടിച്ചു.
ഷിൽന നേരത്തെ എണീച്ചത് ഞാൻ അറിഞ്ഞിരുന്നു. അവൾ കുളിക്കുന്ന ശബ്ദം കേൾക്കാമായിരുന്നു. അവൾ അങ്ങനെയാണ്. കുളിച്ചൊരുങ്ങി ഡ്രസ് ഒക്കെ മാറിയിട്ടേ പുറത്തേക്ക് വരൂ…സമയം 8 ആവാറായി. അവൾക്ക് 9 മണിക്കാണ് അവിടെ എത്തേണ്ടത്. ഞാൻ പോയി കുളിയൊക്കെ കഴിഞ്ഞ് വരുമ്പോഴേക്കും ഷിൽന കഴിക്കാൻ വന്നിരിപ്പുണ്ട്.
: ആഹ്… ഏട്ടൻ ഇന്ന് നേരത്തെ എണീച്ചോ… ആള് മിടുക്കൻ ആയല്ലോ…
: അല്ല പിന്നെ നിന്നെ പോലെ പോകാറാവുമ്പോ എണീച്ചു വന്ന് വെട്ടി വിഴുങ്ങിയിട്ട് പോകണോ….
: ഓഹ്… പറയുന്ന കേട്ടാൽ തോന്നും ഏട്ടൻ ആണ് ഇതൊക്കെ ഉണ്ടാക്കിയതെന്ന്….. ഒന്ന് പോ മാഷെ…
: ചോദിക്ക്…. അമ്മായിയോട് ചോദിക്ക്….
: ഓഹ്… രണ്ടും തുടങ്ങിയല്ലോ….
വഴക്ക് കൂടണ്ട…. അവൻ കാലത്തേ എണീച്ചു എന്നെ സഹായിക്കുകയായിരുന്നു….
: ഉള്ളതാണോ…. എന്റെ ദൈവമേ എനിക്ക് ഇനി ചത്താലും വേണ്ടില്ല…. മാറ്റ് 11 മണിക്ക് അഞ്ജലി ഏച്ചി പോയി വെള്ളം എടുത്ത് ഒഴിച്ചാലും എണീക്കാത്ത ആളാ….
: അതൊക്കെ പണ്ടല്ലേ മോളേ ഷി….. ഇത് കളി വേറെയാ… ഇപ്പൊ നിനിക്ക് മനസിലായോ ഈ അമൽ മോഹൻ ആരാണെന്ന്…
നീ ഇതൊന്നും ആരോടും പറയണ്ട കേട്ടോ…. പിന്നെ പിള്ളേർ എന്റെ പുറകെ തന്നെ ആയിരിക്കും…. ശല്യം..
: ആഹ്… അങ്ങനെ പറ….. ഞാൻ ഇതൊക്കെ പോയി തുഷാരയോട് പറഞ്ഞ് അവളുടെ മുന്നിൽ ഏട്ടന് കുറച്ച് വിലയൊക്കെ ഉണ്ടാക്കണം….. ഇതല്ലേ മോൻ പറയാതെ പറഞ്ഞത്….. ശരിയാക്കി തെര കെട്ടാ….
: അയ്യേ…. ഞാൻ അങ്ങനെ പറയോ…. ചെ ചേ മോശം മോശം…
………………………………..
ഇന്ന് റോഡിൽ തിരക്ക് കുറവാണല്ലോ… സാദാരണ ഈ സമയത്ത് ഭയങ്കര തിരക്കായിരിക്കും. ഷിൽന ഒരു കാഴ്ചകളും സസൂക്ഷ്മം വീക്ഷിച്ചുകൊണ്ട് ഇരിക്കുകയാണ്. ഒരു 10 മിനിറ്റിൽ ഹോസ്പിറ്റലിൽ എത്തും.