ഞങ്ങൾ അങ്ങോട്ട് ചെല്ലുമ്പോൾ അച്ഛൻ്റെ തോളിൽ തലച്ചായ്ച്ച് കരയുന്ന അതിഥിയെ ആണ് കണ്ടത്…
വർഷങ്ങൾക്ക് ശേഷം ചുരുക്കി പറഞാൽ അവളുടെ ചികിൽസകൾ ആരംഭിച്ചതിന് ശേഷം ആദ്യമായി ആണ് ഇങ്ങനെ ഒന്ന് നടക്കുന്നത്…
സ്വന്തം അച്ഛനോട് ഒന്ന് മിണ്ടാൻ പോലും മടി കാണിക്കുന്ന അതിഥി, ഇന്ന് അച്ഛൻ്റെ തോളിൽ തല ചായ്ച്ച് കിടക്കുന്നു..
സ്വന്തം അമ്മയെ ഒന്ന് നോക്കാൻ പോലും മടി കാണിക്കുന്ന അവള് ഇന്ന് അമ്മക്ക് വേണ്ടി കരഞ്ഞു പ്രാർത്ഥിക്കുന്നു…
എല്ലാം കണ്ടപ്പോൾ ഇങ്ങനെ ഒരു നിസ്സഹായ അവസ്ഥയിൽ ആണെങ്കിലും എനിക്ക് ഉള്ളിൽ ഒരു കോണിൽ ചെറിയ സന്തോഷവും പ്രതീക്ഷയും തോന്നി…
പെട്ടന്നാണ് വാതിൽ തുറന്ന് കൊണ്ട് ഡോക്ടർ പുറത്തേക്ക് വന്നത്…
ഞങ്ങൾ എല്ലാവരും അദ്ദേഹത്തിൻ്റെ അടുത്തേക്ക് ചെന്നു..
അതിഥിയുടെ അച്ഛൻ മുന്നിലേക്ക് നിന്ന് ചോദിച്ചു..
“സാർ ഇപ്പൊ.. ??”
അദ്ദേഹത്തിൻ്റെ ടെൻഷൻ കണ്ടിട്ടാവും ഡോക്ടർ അദ്ദേഹത്തിൻ്റെ കൈ പിടിച്ച് കൊണ്ട് പറഞ്ഞു..
“ഡോണ്ട് വറി… ഇപ്പൊ കണ്ടീഷൻ ഓകെ താൻ.. നിങ്കേ കറക്റ്റ് ടൈമിലേ ഇങ്ക കൊണ്ടുവന്ത തിനാലെ എല്ലാം ഓകെ ആയിടിച്ചു…”
അപ്പോഴേക്കും അതിഥി ഇടയിൽ കയറി കൊണ്ട് ചോദിച്ചു..
“ഡോക്റ്റർ.. എനിക്ക്.. എനിക്ക് അമ്മയെ കാണണം..”
“ഇപ്പൊ വേണ്ട മ്മാ… കൊഞ്ച നേരം ഒബ്സർവേഷനിൽ നിക്കട്ടെ.. അതുക്ക് അപ്പുറം പാക്കലാം…”
അത്രയും പറഞ്ഞ് അദ്ദേഹം അവിടെ നിന്ന് പോയി…
എല്ലാവരിൽ ആശ്വാസം നിറഞ്ഞു…
സത്യത്തിൽ ഡോക്ടർ പറഞ്ഞത് കേട്ടപ്പോൾ എനിക്കും നല്ല ആശ്വാസം തോന്നി..
പക്ഷേ അതിലേറെ എന്നെ ഞെട്ടിച്ചു കൊണ്ടിരുന്നത് അതിതിയിൽ വന്ന് കൊണ്ടിരിക്കുന്ന മാറ്റം ആയിരുന്നു…
അവള് അണിഞ്ഞിരുന്ന മുഖം മൂടി അവള് പോലും അറിയാതെ അഴിഞ്ഞ് പോകുന്ന പോലെ ആണ് തോന്നിയത്…