ആ മുറിയിലെ തട്ടിന്റെ പുറത്തൊക്കെ ഇവന്റെയും അഞ്ജലിയുടെയും പഴയ പുസ്തകങ്ങളും പേപ്പറുകളും ഒക്കെ ആയിരുന്നു. ഉഷേച്ചിയാ പറഞ്ഞത് എന്തായാലും വൃത്തിയാക്കുകയല്ലേ എന്ന പിന്നെ തട്ടിന്റെ മുകളിൽ ഉള്ളതെല്ലാം എടുത്ത് കളയാം എന്ന്. അങ്ങനെ അവിടെ പൊടി പിടിച്ചു കിടന്നിരുന്ന ബുക്കുകൾ ഒക്കെ വാരി നിലത്തു ഇട്ടപ്പോഴാണ് അതിൽ നിന്നും ഒരു ഗ്രൂപ്പ് ഫോട്ടോ കിട്ടിയത്. 7 -A… xxxxx …സ്കൂൾ എന്ന് പ്രിന്റ് ചെയ്തിട്ടുണ്ട് അതിൽ. നമ്മുടെ അടുത്ത വീട്ടിലെ വിഷ്ണു ഒക്കെ ഉണ്ട് അതിൽ. പക്ഷെ രണ്ട് തല മാത്രം കാണാനില്ല.. രണ്ടും ആരോ വെട്ടി എടുത്തിട്ടുണ്ട്. ഒന്ന് അമലൂട്ടൻ ആണെന്ന് മനസിലായി മറ്റേത് ഏതോ പെണ്കുട്ടി ആണ്. ഷർട്ടും പാവാടയും ഒക്കെ ഇട്ട് നിൽക്കുന്ന ഏതോ ഒരു സുന്ദരി കൊച്ചാണ്. അവളുടെ കൈ ഒക്കെ കണ്ടാൽ അറിയാം ഒരു സുന്ദരി മോളാണെന്ന്. അപ്പൊ ഉഷേച്ചി ആണ് പറഞ്ഞത് ഇത് എന്തോ ചുറ്റികളി ആണല്ലോ നിത്യേ എന്ന്. ഉഷേച്ചി ആ ഫോട്ടോ പൊടി തട്ടിയെടുത്ത് ഭദ്രമായി വച്ചു. അപ്പൊ ഞാനാ പറഞ്ഞത് ഉഷേച്ചിയോട് ആ പഴയ സാധനങ്ങൾ ഒന്നും കളയണ്ട , എല്ലാം വൃത്തിയാക്കി ഒരു പെട്ടിയിലോ മറ്റോ എടുത്തു വയ്ക്കാം എന്ന്.. കാരണം അഥവാ എന്റെ അമലൂട്ടാന്റെ നിധി വല്ലതും അതിൽ ഒളിപ്പിച്ചു വച്ചിട്ടുണ്ടെങ്കിലോ.. പക്ഷെ ആരാ പെണ്കുട്ടി എന്ന് അറിയാത്തത് കൊണ്ട് ഇവന്റെ അമ്മയ്ക്ക് ഒട്ടും സമാധാനം ഇല്ലായിരുന്നു. പക്ഷെ അതിനുള്ള ഉത്തരവും ഇവൻ തന്നെ ഒരു പുസ്തകത്തിൽ വരച്ചു വച്ചിട്ടുണ്ടായിരുന്നു… എന്റെ മോളെ …ഇവൻ ഈ കാണുന്നത് പോലെ ഒന്നും അല്ല കേട്ടോ.. ഭയങ്കര കലാകാരൻ ഒക്കെ ആണ്.. ചിത്രം വരയ്ക്കും, കവിത എഴുതും….
ആ പെണ്ണിന് ഭാഗ്യം ഇല്ലാതെ പോയി.. അല്ലെടാ അമലൂട്ടാ…
ഞാൻ: അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ പൊക്കോട്ടേ….
നിമ്യ: അങ്ങനെ പോവല്ലേ ബ്രോ… ഇരിക്ക്, അമ്മായി പറഞ്ഞു കഴിഞ്ഞില്ല….
(ഇതും പറഞ്ഞു നിമ്യ എന്നെ നോക്കി ആക്കി ഒന്ന് ചിരിച്ചു)
അമ്മായി: അങ്ങനെ എല്ലാം അടുക്കി വയ്ക്കുന്നതിനിടയിൽ ആണ് ഒരു 100 പേജുള്ള വരയില്ലാത്ത നോട്ട് ബുക്ക് കിട്ടിയത്.. ആ ബുക്ക് കണ്ടാൽ തന്നെ അറിയാം അധികം ഉപയോഗിച്ചിട്ടില്ലാത്തത് ആണെന്ന്. പുതിയ നോട്ട് വാങ്ങി ഇവാൻ ഓട്ടോഗ്രാഫ് ആക്കിയതാണ്. കാഞ്ഞ ബുദ്ധി ആണ് എന്റെ അമലൂട്ടന്. ..
കുറെ പേരുടെ കുത്തി കുറിക്കലുകൾക്ക് ശേഷം ഒരു പേജിൽ…….
“എന്റെ പ്രിയ സഹപാഠിക്ക് എല്ലാവിധ വിജയാശംസകളും നേരുന്നു… ജീവിതത്തിന്റെ ഏതെങ്കിലും കോണിൽ ഇനിയും കണ്ടുമുട്ടാൻ അവസരം ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു…. ശ്രുതി പി. (ഒപ്പ്)”
ഇതും സാധാരണ എല്ലാവരും എഴുതിയത് പോലുള്ള ഒരു കുറിപ്പ് മാത്രം. പക്ഷെ അതിന്റെ മുകളിൽ ഇവൻ ചെയ്തുവച്ചിരിക്കുന്ന ചിത്രപ്പണികളും രണ്ട് വെട്ടി ഒട്ടിച്ച തലകളും കണ്ടപ്പോൾ ഉഷേച്ചിക്ക് പോലും ചിരി നിർത്താൻ പറ്റിയില്ല..
എന്റെ മോളെ …. ആ കലാവാസന നമ്മൾ ആരും കാണാതെ പോകരുത്..
ഷി: ബാക്കി ഞാൻ പറയാം അമ്മേ……
“ചന്ദ്രപ്രഭയിൽ വെട്ടിതിളങ്ങുന്ന ഓളപരപ്പിൽ ,
മന്ദമാരുതന്റെ തഴുകൽ ഏറ്റുവാങ്ങിക്കൊണ്ട് നമ്മുടെ നായകൻ,
മരകുറ്റിയിൽ തളച്ചിരിക്കുന്ന വഞ്ചിയിൽ മലർന്ന് കിടക്കുകയാണ്.
ആകാശം നിറയെ നക്ഷത്രങ്ങൾ പൊൻവസന്തം തീർത്തു.
അമ്പിളി മാമന്റെ കിരണങ്ങൾ നായകന് ചുറ്റും പ്രഭ ചൊരിയുകയാണ്,
നായകൻ കൈകൾ നീട്ടി മാടി വിളിക്കുകയാണ് ,
വരൂ …. വരൂ… എന്നില്ലേക്ക് വരൂ എൻ പ്രിയതമേ…..”
…. നിമ്യയ്ക് വല്ലതും മനസിലയാ…. ആ മലർന്ന് കിടക്കുന്ന നായകന്റെ മുഖം ഏതാ…. നമ്മുടെ ബ്രോയുടെ തല വെട്ടി ഒട്ടിച്ചത്… ഹ… ഹ.. ഹ
പിന്നെ ചന്ദ്രൻ നിന്ന് തിളങ്ങുകയല്ലേ… ശ്രുതിയുടെ രൂപത്തിൽ ….
എന്റെ മോളേ… നീ അതൊന്ന് കാണണം. രവി വർമ്മ പോലും ഇത്രയും ഭംഗിയായി വരച്ചുകാണില്ല.