Soul Mates Part 2
Author : Rahul RK | Previous Part
നീതു ചേച്ചി പറഞ്ഞ കാര്യങ്ങള് കേട്ട് അന്ന് രാത്രി എനിക്ക് ഉറങ്ങാനെ സാധിച്ചില്ല..
കണ്ണടച്ചാൽ മനസ്സിൽ തെളിയുന്നത് അതിഥിയുടെ മുഖം ആയിരുന്നു..
ചേച്ചി എന്നോട് പറഞ്ഞ, അവളുടെ ജീവിതത്തിൽ സംഭവിച്ച ഓരോ കാര്യങ്ങളും ഒരു ചിത്രം പോലെ എൻ്റെ മനസ്സിൽ തെളിഞ്ഞു വന്നുകൊണ്ടിരുന്നു…
മുൻപ് പല തവണ പലരോടും ക്രഷും അട്രാക്ഷനും ഒക്കെ തോന്നിയിട്ടുണ്ട്.. എങ്കിലും ഒരു സീരിയസ് റിലേഷൻ ജീവിതത്തിൽ ഉണ്ടായിട്ടില്ല.. ആദ്യമായിട്ട് അങ്ങനെ ഒക്കെ തോന്നിയത് അതിതിയോട് ആണ്..
ലവ് അറ്റ് ഫസ്റ്റ് സൈറ്റൽ ഒന്നും എനിക്ക് പണ്ടേ വിശ്വാസം ഇല്ലായിരുന്നു..
ഒരാളെ അടുത്തറിഞ്ഞ ശേഷം അയാളും നമ്മളും തമ്മിൽ പൊരുത്തപ്പെട്ട് പോകും എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമല്ലേ ബാക്കി കാര്യങ്ങള് ഒക്കെ പ്ലാൻ ചെയ്യുന്നതിൽ അർത്ഥമൊള്ളൂ…
പക്ഷേ അതിഥിയെ പറ്റി ചേച്ചി പറഞ്ഞ കാര്യങ്ങള് എല്ലാം കേട്ടപ്പോൾ… അവളെ അടുത്തറിഞ്ഞപ്പോൾ എന്ത് ചെയ്യണം എന്നറിയാത്ത ഒരു അവസ്ഥയിൽ ആണ് ഞാൻ….
ചേച്ചി പറഞ്ഞ കാര്യങ്ങള് ഒക്കെ മറന്ന് അവളോട് ഇനിയും അടുക്കാൻ ശ്രമിക്കണോ…?? അതോ ഞാൻ അവളെ കണ്ടിട്ടേ ഇല്ല എന്ന രീതിയിൽ എല്ലാം മറക്കണോ..??
ഉറക്കം വരുന്നത് വരെ എനിക്കാ ചോദ്യത്തിന് ഉത്തരം കിട്ടിയില്ല….
🌀🌀🌀🌀🌀🌀🌀🌀
പിറ്റേന്ന് രാവിലെ ഞാൻ ഓഫീസിലേക്ക് പുറപ്പെട്ടു…
പാർക്കിങ്ങിൽ ബൈക്ക് നിർത്തി ഇറങ്ങിയപ്പോൾ കണ്ടത് കുറച്ച് മാറി നിന്ന് ഞങ്ങളുടെ ബോസിനോട് സംസാരിക്കുന്ന നീതു ചേച്ചിയെ ആണ്…
എന്തെങ്കിലും ഒഫീഷ്യൽ കാര്യം ആകും എന്ന് കരുതി ഞാൻ അത് ശ്രദ്ധിക്കാതെ ലിഫ്റ്റിൻ്റെ അടുത്തേക്ക് നടന്നു..
പക്ഷേ ലിഫ്റ്റ് തുറക്കുന്നതിന് മുന്നേ ചേച്ചി വന്നത് കൊണ്ട് ഞങൾ ഒരുമിച്ച് ലിഫ്റ്റ്റിലേക്ക് കയറി..
സാധാരണ ഉണ്ടാകാറുള്ള തിളക്കത്തിന് പകരമായി ചേച്ചിയുടെ മുഖത്ത് ടെൻഷൻ ആയിരുന്നു ഞാൻ കണ്ടത്…
“എന്ത് പറ്റി ചേച്ചി..??”
എൻ്റെ ചോദ്യം കേട്ട് പെട്ടന്ന് ഞെട്ടിയ പോലെ ചേച്ചി ചോദിച്ചു…
“എന്താ വിനു..??”
“ചേച്ചി ഇത് ഏത് ലോകത്താണ്…?? എന്താ പറ്റിയത്..??”
“അത് ഞാൻ പറയാം..”
ലിഫ്റ്റ് ഇറങ്ങി ഞങൾ ഓഫീസിലേക്ക് പോകുന്നതിനു പകരം കഫെയിലേക്ക് ആണ് പോയത്…
ഓരോ കോഫി എടുത്ത് ഞങൾ ഒഴിഞ്ഞ ഒരു ടേബിളിൽ പോയി ഇരുന്നു…
“ഇനി പറ.. എന്താ കാര്യം..??”
“അത്.. മഹേഷേട്ടൻ്റെ അമേരിക്കയിലെ കമ്പനിയിൽ ചെറിയ കുറച്ച് പ്രോബ്ലം.. സത്യത്തിൽ എല്ലാം തുടങ്ങിയിട്ട് കുറച്ച് ദിവസം ആയി.. സോൾവ് ചെയ്യാൻ സാധിക്കും എന്നാണ് കരുതിയത്.. പക്ഷേ.. നടന്നില്ല.. കമ്പനിയിലെ ഒരു പ്രധാന പ്രോജക്ടിൻ്റെ ബ്ലൂ പ്രിൻ്റ് ആരോ മറ്റൊരു കമ്പനിക്ക് ചോർത്തി കൊടുത്തു.. പക്ഷേ അത് ലീക്ക് ആയത് മഹേഷട്ടൻ്റെ പേഴ്സണൽ ഐഡിയിൽ നിന്നാണ്.. കമ്പനി കേസ് ഫയൽ ചെയ്തിരിക്കുകയാണ്.. ഒന്നുകിൽ അവർക്ക് കൊമ്പൻസേഷൻ കൊടുക്കണം അല്ലെങ്കിൽ ലീഗൽ നടപടികൾ ഉണ്ടാകും.. പക്ഷേ ഇത് രണ്ടായാലും ജോലി നഷ്ടപ്പെടും..”