പൈപ്പ് തുറന്ന് വിട്ട് ടാങ്കിലെ വെള്ളം കളയുകയാണവർ.
കിച്ചു വെയില് ഏൽക്കാത്ത ഒരു മൂലയ്ക്ക് നിന്ന് ഇതൊക്കെ വീക്ഷിച്ചു.
” കിച്ചു… ഒന്നിങ്ങു വന്നേ… ”
സുചിത്ര മകനെ വിളിച്ചു.
അത് കേട്ട് എല്ലാവരും ഒരേ നേരം തിരിഞ്ഞു നോക്കി.
സുചിത്ര മറ്റുള്ളവരെ നോക്കി ചിരിച്ചു കാണിച്ച് കിച്ചുവിനെയും വിളിച്ച് താഴേക്ക് നടന്നു.
” എന്താ അമ്മേ…? എന്തിനാ എന്നെ വിളിച്ചേ…? ”
സ്റ്റെയർ കേസ് ഇറങ്ങവെ അവൻ ചോദിച്ചു.
” നിന്റെ കൂട്ടുകാർക്ക്… ഉച്ചയ്ക്ക് ഊണിന് കൂട്ടാൻ വയ്ക്കാൻ ഇവിടെ ഒന്നും തന്നെയില്ല… വേഗം നീ മാർകറ്റിൽ പോയി ചിക്കൻ വാങ്ങിയിട്ട് വാ.. ”
” ഫ്രിഡ്ജില് ഞാൻ കണ്ടതാണല്ലോ ചിക്കനും ബീഫും…
അത് എന്ത് ചെയ്തു…? ”
” അത് കുറച്ചേ ഉള്ളു… നിന്റെ കൂട്ടുകാർക്ക് തികായത്തില്ല…
സംസാരിച്ചു നിൽക്കാതെ നീ വേഗം പോയി വാങ്ങിയിട്ട് വാ… ”
അവന്റെ ഉള്ളം കൈയിൽ 2000ത്തിന്റെ നോട്ട് വച്ചു കൊടുത്തു.
ഈ പൊരിയുന്ന വെയിലത്ത് മാർകറ്റിൽ പോകാൻ അവന് തീരെ താല്പര്യമില്ല.
പക്ഷെ പോവാതിരിക്കാനും പറ്റത്തില്ല.
വാഷ് ബേസിൽ ചെന്ന് കൈയും മുഖവും കഴുകി, മുറിയിൽ ചെന്ന് ഇട്ടിരിക്കുന്ന ട്രൗസർ മാറ്റി ഒരു പാന്റ് എടുത്തിട്ടു, മുടി ചീകി. അതികം താമസിക്കാതെ വീട്ടീന്നിറങ്ങി.
ടാങ്കിലെ വെള്ളം കളഞ്ഞ ശേഷം.
മനുവും, രാഹുലും അതിനുള്ളിൽ ഇറങ്ങി. 30000 ലിറ്റർ കപ്പാസിറ്റിവരുന്ന വലിയ വാട്ടർ ടാങ്കാണിത്.
തുണിയും, ബ്രുഷും ഉപയോഗിച്ച് പറ്റിപ്പിടിച്ച അഴുക്കുകളൊക്കെ തുടച്ചു വൃത്തിയാക്കി.
” ഉയ്യോ… കുനിഞ്ഞിരുന്ന് എന്റെ നടു പൊട്ടി… ”
രാഹുൽ ടാങ്കിനുള്ളിൽ നിന്നും പറഞ്ഞു.
” എന്റെയും നടുവൊടിഞ്ഞു… ”
മനുവും പറഞ്ഞു.
” എടാ… അഭി എനി നീ ഇറങ്… ഞങ്ങള് രണ്ടാളും തളർന്നു… ”
രാഹുൽ പറഞ്ഞു.
” വോ… വേണ്ട… എനി കുറച്ച് കൂടെയല്ലേ വൃത്തിയാകാൻ ഉള്ളു അത് കൂടെ തീർത്തിട്ട് നിങ്ങള് കയറിയാൽ മതി. ”
അഭി കൈ മലർത്തി.
മനുവും, രാഹുലും ദയനീയമായി പുറത്തു നിൽക്കുന്നവരെ നോക്കി.
പുറത്തുള്ള 3 പേരും മൈൻഡ് ചെയ്തില്ല.
വാട്ടർ ടാങ്കിൽ ഇറങ്ങിയത് അബദ്ധമായി പോയി എന്ന് ഇരുവർക്കും മനസ്സിലായി. ഇറങ്ങാൻ തോന്നിച്ച നിമിഷത്തെ അവർ ശപിച്ചു.
” എടൊ… എനിക്ക് ദാഹിക്കുന്നു… എനി വയ്യാ… നിങ്ങൾ ആരേലും ടാങ്കിൽ ഇറങ്… ”
മനു അടവൊന്ന് മാറ്റി പിടിച്ചു.
” അത്രേ ഉള്ളു… വെള്ളം ഞാൻ ഇപ്പൊ കൊണ്ടുത്തരാം…
വെള്ളം കുടിക്കാൻ വേണ്ടി മാത്രമായി ടാങ്കിന്ന് പുറത്തിറങ്ങി നീ കഷ്ടപ്പെടേണ്ട… ”
അഭി അതും പറഞ്ഞ് വെള്ളമെടുക്കാൻ താഴേക്കിറങ്ങി.