ആശ അവളെയും കൊണ്ടു അകത്തേക്ക് നടന്നു. വീടിനുള്ളിലേക്ക് ആശ കയറി പോയതും അരുണിമയുടെ അനിയത്തി അവളെ അവിടെ പിടിച്ചു നിർത്തി.
അരുണിമ എന്താ എന്ന അർത്ഥത്തിൽ അവളെ തുറിച്ചു നോക്കി.
“ചേച്ചി ഈ ചേട്ടൻ തന്നല്ലേ അതും ”
അരുണിമയുടെ അനിയത്തി സംശയത്തോടെ ഉള്ളിലേക്ക് കൈ ചൂണ്ടി.
അരുണിമ അവളെ നോക്കി ചിരിച്ചുകൊണ്ട് വീടിനുള്ളിലേക്ക് കയറി. അവളുടെ അനിയത്തി ഒന്നും മനസ്സിലാവാതെ തല ചൊറിഞ്ഞുകൊണ്ട് പുറത്തു നിന്നു.
അരുണിമ പതുക്കെ തന്റെ മുറിയിലേക്ക് വേച്ചു നടന്നു. കയ്യുടെ വേദനക്ക് അല്പം ശമനം ഉണ്ടെന്നു അവൾക്ക് തോന്നി. മുറിയിൽ കയറിയതും അവിടെ സ്റ്റാൻഡിൽ ഉള്ള ക്യാൻവാസിനു സമീപത്തേക്ക് അവൾ നടന്നു.
അത് ഒരു തുണി കൊണ്ടു മൂടിയിരുന്നു. അവൾ അതു വലിച്ചെടുക്കാൻ ആഞ്ഞതും താഴെ നിലത്തു ഭിത്തിയോട് ചേർന്നു ചുരുട്ടി വച്ചിരിക്കുന്ന മറ്റൊരു ക്യാൻവാസ് അരുണിമയുടെ ശ്രദ്ധയിൽ പെട്ടു.
അവൾ അതു സസൂക്ഷ്മം കയ്യെത്തിച്ചു വലിച്ചെടുത്തു. ഒന്ന് ശ്വാസം വലിച്ചെടുത്തു അവൾ ആ ചുരുൾ പതിയെ കയ്യിൽ വച്ചു നിവർത്തിയെടുത്തു.
അതിലേക്ക് അവളുടെ ദൃഷ്ടി പതിഞ്ഞു. ആ ചിത്രത്തിലേക്ക് നോക്കുന്തോറും അവളുടെ കണ്ണുകൾ വിടർന്നു വന്നു. പുഞ്ചിരിച്ചു കൊണ്ടു നിൽക്കുന്ന അനന്തുവിന്റെ ജീവൻ തുടിക്കുന്ന ചിത്രം അതിൽ ആലേഖനം ചെയ്തിരിക്കുന്നു.
അവൾ അതിലേക്ക് പ്രേമ പുരസ്സരം ഉറ്റു നോക്കി. അരുണിമയ്ക്ക് തന്റെ ശരീരമാകെ വല്ലാത്തൊരു കുളിര് വന്നു നിറയുന്ന പോലെ തോന്നി.അവന്റെ വെട്ടി തിളങ്ങുന്ന നീല കണ്ണുകൾ ആ പൂച്ചക്കണ്ണുകളെ കാന്തം പോലെ വലിച്ചടുപ്പിച്ചു.
പതിയെ അരുണിമയുടെ അധരങ്ങൾ ആ ചിത്രത്തിലേക്ക് അടുത്തു. അപ്പോഴാണ് സ്റ്റാൻഡിനു പുറത്തുള്ള മറ്റൊരു ക്യാൻവാസ് അവളുടെ ശ്രദ്ധയിൽ പെട്ടത്.
അതിൽ നിന്നും മുഖം ഉയർത്തിയ അരുണിമ ആ സ്റ്റാൻഡിനു സമീപം നടന്നു വന്നു. കയ്യിലുള്ള ക്യാൻവാസ് ബെഡിലേക്ക് ഇട്ട് തുണി കൊണ്ട് മറച്ചു വച്ച ക്യാൻവാസിലേക്ക് അവൾ നോക്കി.
പതിയെ അവളുടെ ഹൃദയമിടിപ്പ് വർധിച്ചു. നേരിയ ഭയത്തോടെ വിറയ്ക്കുന്ന കൈകളോടെ അവൾ ആ ക്യാൻവാസിനെ മറച്ചിരുന്ന തുണി പതിയെ വലിച്ചെടുത്തു മാറ്റി.
അതിൽ ആലേഖനം ചെയ്ത ചിത്രത്തിലേക്ക് നോക്കുന്തോറും അരുണിമയ്ക്ക് സങ്കടവും ദുഖവും കോപവും ഒരുപോലെ പൊന്തിവന്നു.
ആ ക്യാൻവാസിൽ ചോരയിൽ കുളിച്ചു കിടക്കുന്ന അനന്തുവിനെ ആണ് അരുണിമ ആലേഖനം ചെയ്തിട്ടുണ്ടായിരുന്നത്. പലവിധ മുറിവുകൾ കൊണ്ടും ചോര കൊണ്ടും വികൃതമായ മുഖവും ശരീരവുമായി അവൻ നിലത്തു കിടക്കുന്നു.
അവന്റെ നീല കണ്ണുകൾ ചോരമയം കൊണ്ടു പുറത്തേക്ക് ഉന്തി കണ്ണിൽ നിന്നും ഞെട്ടറ്റു വീഴുമെന്ന നിലയിൽ ആയിരുന്നു.
അതിനു സമീപം ഒരാൾ പൊക്കത്തിൽ വലിയൊരു തീനാളം എരിയുന്നു. അതിൽ അവ്യക്തമായ ആരുടെയോ കൈ കാലുകൾ കാണാം. അവന്റെ മുഖത്തു വല്ലാത്ത നിസ്സഹായത നിറഞ്ഞു നിന്നിരുന്നു.
അതിലേക്ക് നോക്കി നിൽക്കുന്തോറും അരുണിമയുടെ കണ്ണുകൾ നിറഞ്ഞു വന്നു. മുഷ്ടി ചുരുട്ടി പിടിച്ചു കോപത്തോടെ അവൾ അലറി.
അവിടെ ഉണ്ടായിരുന്ന സാധന സാമഗ്രികൾ അവൾ കൈകൊണ്ട് തട്ടി താഴെയിട്ടു. കലി തീരാതെ അവൾ മേശപ്പുറത്തിരുന്ന ചായ കൂട്ടുകൾ ക്യാൻവാസിലേക്ക് വലിച്ചെറിഞ്ഞു.