“മോളെ എന്താ ഈ കേക്കണേ.. വണ്ടി ഇടിക്ക്യേ.. ന്താ എന്റെ കുട്ടിക്ക് പറ്റിയേ ഈശ്വരാ.. ഒന്നും പറ്റാൻഡ് നീ എന്റെ കുട്ടീനെ കാത്തൂലോ.. ”
അരുണിമയുടെ അമ്മ കണ്ണുകൾ അടച്ചു നന്ദി സൂചകമായി നെഞ്ചിൽ കൈ വച്ചു.
“എന്റെ ആശാമ്മേ എനിക്ക് ഒന്നൂലാന്നെ… ഇങ്ങനെ ബേജാർ ആവാതെ.. ദേ ഞാൻ പയറു പോലെ നിക്കുന്നത് കണ്ടില്ലേ ”
അരുണിമ കൊഞ്ചലോടെ ആശയുടെ ഇടുപ്പിൽ വട്ടം ചുറ്റി വലിഞ്ഞു നുറുക്കി
“കണ്ടില്ലേ കുട്ട്യേ ഈ അസ്സത്തിന്റെ കുസൃതി.. ന്റെ കണ്ണു വെട്ടിച്ചു മുങ്ങീതാ സൈക്കിളും കൊണ്ടു. ഞാൻ എന്തോരം ആധി പിടിക്കുന്നുണ്ടെന്നു ഇവൾക്ക് അറിയില്യാലോ.. ”
ആശ അനന്തുവിനോടായി പറഞ്ഞു. അനന്തു അവരെ നോക്കി പുഞ്ചിരിച്ചു. അരുണിമ ചമ്മലോടെ തന്റെ മുഖം ആശയുടെ ചുമലിൽ പൂഴ്ത്തി വച്ചു.
“വേദനയുണ്ടോ എന്റെ കുട്ടിക്ക്”
ആശ സങ്കടത്തോടെ അരുണിമയുടെ വിരലിൽ പതിയെ തലോടി.
“ഇല്ല എന്റെ ആശാമ്മേ.. ഞാൻ ഓക്കേ ആന്ന്.. ഇങ്ങനെ വെറുതെ ആ കണ്ണും നിറച്ചു വരുന്നവരെക്കൊണ്ട് പറയിപ്പിക്കല്ലേ ”
അരുണിമ അമ്മയുടെ നിറഞ്ഞ കണ്ണുകൾ പതിയെ ഒപ്പി.
“ഒരുപാട് നന്ദീണ്ട് കുട്ട്യേ.. എന്റെ കുട്ടീനെ നോക്ക്യേന്.. ഓളെ കൈകാര്യം ചെയ്യാൻ ച്ചിരി ബുദ്ധിമുട്ട് ആന്നേ അതാ ”
“ഇല്ല അമ്മേ അരുണിമ എനിക്ക് ബുദ്ധിമുട്ട് ഒന്നും ആക്കിയില്ല.. അവളെ ഉള്ളിലേക്ക് കൊണ്ടു പോയിക്കോളൂ.. വെയിൽ കൊള്ളിക്കണ്ട ”
“ശരിയാ കുട്ട്യേ.. അയ്യോ മോൻ വന്ന കാലിൽ നിക്കണയല്ലേ ഉള്ളിലേക്ക് വാ.. ചായ കൂട്ടാം ”
“വേണ്ട അമ്മേ ഇപ്പൊ ഇത്തിരി തിരക്ക് ഉണ്ടേ.. പിന്നെ ഒരിക്കൽ ആവാം ”
അനന്തു പോകാനായി അമ്മയുടെ അനുവാദത്തിനായി കാത്തു നിന്നു.
“പോയി വാ കുട്ട്യേ.. ഒരിക്കെ കാണാം. ”
“ശരി അമ്മേ”
അനന്തു പോകുവാനായി തയാറായി. അവൻ വീടിനു മുന്നിൽ നിൽക്കുന്ന പെൺകുട്ടിയെ നോക്കി ചിരിച്ചു.
അവൾ അനന്തുവിനെ അത്ഭുതത്തോടെ നോക്കിക്കൊണ്ട് ചിരിച്ചു കാണിച്ചു. ആ പെൺകുട്ടി അരുണിമയുടെ അനിയത്തി ആവുമെന്ന് അവനു തോന്നിയിരുന്നു.
അനന്തു പോകുവാണെന്നു കേട്ടപ്പോൾ അരുണിമയ്ക്ക് ആകെ ഒരു വല്ലായ്മ പോലെ തോന്നി. ഉള്ളിൽ ദുഃഖം നുരഞ്ഞു പൊന്തുന്ന പോലെ.
അനന്തുവിന്റെ മുഖത്തേക്ക് നോക്കാൻ ത്രാണിയില്ലാതെ അവൾ തല താഴ്ത്തി. അരുണിമ മുഖം താഴ്ത്തി നിൽക്കുന്നത് കണ്ട് അവനു സങ്കടം വന്നെങ്കിലും തല്ക്കാലം അവിടുന്ന് പോകാൻ അവൻ തീരുമാനിച്ചു.
അരുണിമയെ സുരക്ഷിതമായ കൈകളിൽ എത്തിച്ചെന്ന ചാരിതാർഥ്യത്തോടെ അവൻ അവിടുന്ന് ഇറങ്ങി തിരിച്ചു ബുള്ളറ്റിനു സമീപം നടന്നു. അവൻ പോയി കഴിഞ്ഞതും ആശ അരുണിമയുടെ മുഖത്തേക്ക് നോക്കി.
“മോളെ ആരൂ.. ആ കുട്ടി ആരാ? ഏടയിള്ളതാ മുൻപ് ഈട എങ്ങും കണ്ടിട്ടില്ലല്ലോ? ”
ആശ സംശയത്തോടെ അവളെ നോക്കി.
“തേവക്കാട്ടെ പുതിയ കാര്യസ്ഥന്റെ മോനാ.. ഇവിടത്തുകാരല്ല.. പുറം നാട്ടുകാരാ”
“ഹാ അങ്ങനെ പറ.. വെറുതെ അല്ലപ്പാ അറിയാത്തെ.. നീ ഉള്ളിലേക്ക് വാ കുട്ട്യേ വെയിൽ കൊള്ളാണ്ട്.. ”