അവിടെ ദൂരെ ഒരു കുഞ്ഞു പുഴ ഒഴുകുന്നുണ്ടായിരുന്നു. അതിന്റെ കരയിൽ കുറേ പേരുടെ വീടുകൾ അനന്തുവിന് കാണാൻ പറ്റി.
“അതാ എന്റെ വീട് ”
അരുണിമ ദൂരേക്ക് കൈ ചൂണ്ടി കാണിച്ചകൊണ്ടു അലറി.
അവളുടെ മുഖം കണ്ടപ്പോൾ വല്ലാത്ത സന്തോഷത്തിൽ ആണെന്ന് അനന്തുവിന് തോന്നി. ഒരുപാട് നാളുകൾ വീട്ടിൽ നിന്നു മാറിയ ശേഷം പെട്ടെന്നു ഒരു ദിവസം സ്വന്തം വീട്ടിലേക്ക് തിരിച്ചു വന്ന ഒരു കുട്ടിയുടെ ഭാവം ആയിരുന്നു അവൾക്ക്.
അനന്തുവിന്റെ കൈ പിടിച്ചുകൊണ്ടു അവൾ അങ്ങോട്ടേക്ക് നടന്നു. വഴിയോരത്തു തന്നെ കൊന്നക്കമ്പുകൾ കൊണ്ടു ചുറ്റും വേലി കെട്ടി തീർത്ത വീട്ടിലേക്ക് അരുണിമ അവനെയുംകൊണ്ട് പോയി.
വല്ലാത്ത ഉത്സാഹത്തോടെ അവൾ നടന്നു. അനന്തു അവളുടെ കൈ പിടിച്ചു സഹായിച്ചു. വീട്ടിലേക്ക് എത്താനായതും അരുണിമയിൽ ഉണ്ടായിരുന്ന ഉത്സാഹവും സന്തോഷവും മൊത്തം കെട്ടണഞ്ഞു.
അവൾ അനന്തുവിന്റെ മുഖത്തേക്ക് നോക്കാതെ തല താഴ്ത്തിക്കൊണ്ട് നടന്നു. അനന്തു ഇപ്പൊ തന്നെ വേർപിരിയുമെന്നു ഓർത്തപ്പോൾ തന്നെ അവളുടെ ഉള്ളം വലിഞ്ഞു മുറുകി.
ഉള്ളിൽ നുരഞ്ഞു പൊന്തിയ സങ്കട കടൽ അവൾ അവൻ കാണാതെ മറച്ചു വച്ചു. വീട്ടിലേക്ക് എത്തി ചേർന്നതും അവൾ വീടിന്റെ ഉള്ളിലേക്ക് നോക്കി അലറി.
“അശാമ്മേ കൂയ് ”
അരുണിമയുടെ ശബ്ദം അവിടെങ്ങും പ്രതിധ്വനിച്ചു. അനന്തു അവളെ ഒരു അത്ഭുത ജീവിയെപ്പോലെ ഒളിഞ്ഞു നോക്കി.
അവനു വല്ലാത്ത ഒരു അനുഭവം ആയിരുന്നു ഈ പെണ്ണ്.
ഇനി ഇത് വല്ല മുക്കുവത്തി പെണ്ണാണോ ആവോ എന്ന് അവൻ ആത്മഗതം പറഞ്ഞതും അരുണിമ അവന്റെ കൈക്ക് ശക്തിയിൽ അടിച്ചു. അവൻ കൈ കുടഞ്ഞു കൊണ്ടു അവളെ നോക്കി.
“ഞാൻ മുക്കുവത്തി പെണ്ണ് ഒന്നുമല്ല… നല്ല നാടൻ പെണ്ണാന്ന് കേട്ടല്ലോ ”
അരുണിമ രൂക്ഷമായി അവനെ നോക്കി.
അനന്തു ഞെട്ടലോടെ അവളെ നോക്കി. അവൻ തൊണ്ടയിൽ കുടുങ്ങിയ ഉമി നീര് കഷ്ട്ടപെട്ടു ഇറക്കി.
“അറിയാതെ പറ്റിപോയതാ സോറി ”
“ഹ്മ്മ് തല്ക്കാലം ഒടക്കാൻ മൂഡില്ലാത്തോണ്ട് താൻ രക്ഷപെട്ടു ”
അനന്തു സമാധാനത്തോടെ അവളുടെ വീടിനു മുറ്റത്തു നിന്നു. ഈ സമയം വീടിനു പുറത്തേക്ക് മധ്യവയസ്സ്കയായ ഒരു സ്ത്രീയും പിന്നാലെ ഒരു ചെറിയ പെൺകുട്ടിയും വീടിനുള്ളിൽ നിന്നും ഇറങ്ങി വന്നു.
അരുണിമയുടെ മുഖത്തെ വയ്യായ്മ കണ്ടതും ആ സ്ത്രീ വേവലാതിയോടെ നെഞ്ചിൽ കൈ വച്ചു അവർക്ക് സമീപത്തേക്ക് ഓടി വന്നു.
“അയ്യോ മോളെ ആരൂ… നിനക്ക് എന്താ പറ്റിയേ? ”
ആ സ്ത്രീ അരുണിമയുടെ കയ്യിൽ പിടിച്ചു നിറഞ്ഞ കണ്ണുകളോടെ പുലമ്പി.അരുണിമ അവരെ സമാധാനിപ്പിക്കുവാനായി കൈകൾ കൊണ്ടു വട്ടം ചുറ്റിപിടിച്ചു. അതു അരുണിമയുടെ അമ്മയാണെന്നു അനന്തുവിന് തോന്നി.
“അമ്മേ പേടിക്കാൻ ഒന്നുമില്ല.. എന്റെ വണ്ടിയുമായി കൂട്ടിയിടിച്ചതാ.. വിരലിന് ഫ്രാക്ചർ ഉണ്ട്.. ഡോക്ടറിനെ കാണിച്ചു.. മരുന്ന് വാങ്ങിച്ചിട്ടുണ്ട്. ” അനന്തു അമ്മയെ സമാധാനിപ്പിക്കുവാനായി പറഞ്ഞു.