വശീകരണ മന്ത്രം 6 [ചാണക്യൻ]

Posted by

അനന്തു മുഖത്തു അല്പം വിധേയത്വം വരുത്തിക്കൊണ്ട് പറഞ്ഞു.

അരുണിമ ആകെ അമ്പരപ്പിൽ ആയിരുന്നു. ആദ്യമായി കണ്ട ആളോട് എന്തിനാണ് ഇത്രയും ദേഷ്യപെടുന്നതെന്നു അവൾക്ക് മനസ്സിലായില്ല.

ഇയാളെ പോയി ഇടിച്ചു വീണു കിടന്നപ്പോൾ പോലും എന്തിനു ആദ്യായിട്ട് അയാളുടെ ആ നീല കണ്ണുകളും ചിരിയും ഒക്കെ ഒറ്റ നോട്ടത്തിൽ കണ്ടപ്പോ തന്നെ ആദ്യം തനിക്ക് ഞെട്ടൽ ആണ് ഉണ്ടായതെങ്കിലും പിന്നീട് താൻ  അയാൾക്ക് വിധേയയായി മാറി എന്ന സത്യം അവൾ തിരിച്ചറിഞ്ഞിരുന്നു.

പക്ഷെ എന്തെങ്കിലും പറയുവാനായി വായ തുറക്കുമ്പോൾ തന്നെ വല്ലാത്തൊരു ദേഷ്യവും കോപവും നുരഞ്ഞു പൊന്തുന്നപോലെ അവൾക്ക് തോന്നി.

അത് നിയന്ത്രിക്കാനും അവൾ പരാജയപ്പെട്ടുപോകുന്നു. ആശുപത്രിയിൽ കൊണ്ടുവന്നതിനു നന്ദി പറയാനോ അല്ലെങ്കിൽ എന്തിനു പറയണം അയാളുടെ പേര് പോലും ചോദിക്കാൻ മറന്നു പോയെന്നു ഓർത്തപ്പോൾ അരുണിമ ചമ്മലോടെ അവനെ പാളി നോക്കി.

അനന്തു ആ സമയം വേറേതോ ചിന്തയിൽ ആയിരുന്നു.

“ഡോ ”

“എന്താ  ”

അനന്തു പൊടുന്നനെ ഞെട്ടിയെങ്കിലും സംയമനം എടുത്തു അവളെ നോക്കി.

“തന്റെ പേര് എന്താ ”

“അനന്തു കൃഷ്ണൻ ”

“ഹാ കൊള്ളാം നല്ല പേര്.. എന്നെ ഇങ്ങോട്ട് കൊണ്ടു വന്നതിനു താങ്ക്സ് ”

“ആയ്ക്കോട്ടെ ”

അനന്തു ചിരിച്ചു കൊണ്ടു അരുണിമയുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കി.അപ്പൊ ഈ രാക്ഷസിയുടെ ഉള്ളിലും നല്ല മനസ്സൊക്കെ ഉണ്ട്. നന്ദി പറയാനൊക്കെ അറിയാലോ എന്ന് അവൻ ആത്മഗതം പറഞ്ഞു.

“ഓവർ കിണിച്ചാൽ തന്റെ കണ്ണു ഞാൻ കുത്തിപ്പൊട്ടിക്കും പറഞ്ഞില്ലാന്നു വേണ്ട ”

അരുണിമ അവനോട് ദേഷ്യത്തിന്റെ സ്വരത്തിൽ പറഞ്ഞു.

അനന്തു തെല്ല് സങ്കടത്തോടെ പുറത്തേക്ക് നോക്കിയിരുന്നു. അരുണിമയുടെ ഈയൊരു  പെരുമാറ്റം അവനെ വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു.

കുറച്ചു സമയത്തിന് ശേഷം ബലരാമൻ അങ്ങോട്ടേക്ക് വന്നു. ഡോക്ടറുമായി അല്പ സമയം സംസാരിച്ച ശേഷം അരുണിമയ്ക്ക് വേണ്ടുന്ന മരുന്നും മറ്റും വാങ്ങി അവർ ആശുപത്രിക്ക് വെളിയിൽ ഇറങ്ങി.

ഈ സമയം കൊണ്ടു അരുണിമയുടെ കാൽ മുട്ടിന്റെ വേദനക്ക് അല്പം ശമനം വന്നിരുന്നു. ഞൊണ്ടിയാണെങ്കിലും  നടക്കാൻ പറ്റുന്നതിനാൽ അവൾ അനന്തുവിനെ ശല്യപെടുത്തിയില്ല.

ആശുപത്രിയുടെ വെളിയിൽ എത്തിയതും അനന്തു ബുള്ളറ്റ് എടുക്കുവാനായി അപ്പുറത്തേക്ക് പോയി. ബലരാമൻ അരുണിമയെ അവിടുള്ള ഒരു കസേരയിൽ കൊണ്ടുപോയി ഇരുത്തി. ബലരാമൻ അവൾക്ക് സമീപം വന്നിരുന്നു.

“മോള് ഈ ദേശത്തു തന്നാണോ താമസം ”

ബാലരമൻ അവളെ ചോദ്യ ഭാവേന നോക്കി.

“അതെ അങ്ങുന്നേ… ഇവിടെ തന്നാ”

“അച്ഛന്റെയും അമ്മയുടെയും പേരെന്താ മോൾടെ ”

“അച്ഛന്റെ പേര് ബാലൻ എന്നാ… അമ്മയുടെ പേര് ആശ.. അമ്മ അങ്ങുന്നിന്റെ സ്കൂളിലാ ജോലി ചെയ്യുന്നേ ”

Leave a Reply

Your email address will not be published. Required fields are marked *