നേർക്കാഴ്ചകളും മനസും തുലാസിന്റെ രണ്ടു തട്ടിൽ ആയപ്പോൾ ഭ്രാന്ത് പിടിക്കുമെന്ന അവസ്ഥയിൽ രക്ഷയ്ക്കായി അവൻ ആൽമരത്തിന്റെ ചുവട്ടിൽ നീണ്ടു നിവർന്നു കിടന്നു. ആവശ്യത്തിന് ശുദ്ധ വായു ശ്വസിച്ചുകൊണ്ട് ദേവൻ മനസിനെ പാകപ്പെടുത്തികൊണ്ടിരുന്നു.
¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥
അനന്തു ഡയറിൽ നിന്നും പതിയെ മുഖം ഉയർത്തി. അതിനു ശേഷം അത് അടച്ചു വച്ചു. ദേവനെ പോലെ അവനും വല്ലാത്ത സംഘർഷത്തിൽ ആയിരുന്നു.
ദേവൻ അമ്മാവൻ രണ്ടാമത് കണ്ട കുട്ടി ആരാ? അത് കല്യാണി അല്ലേ? ഇനി അവൾ അങ്ങനെ അഭിനയിച്ചതാണോ? അതോ ഇരട്ടകൾ ആണോ അവർ? എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ അനന്തുവിന്റെ മനസ്സിനെ കുഴക്കി.
ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാതായതോടെ നിരാശയോടെ അവൻ കിടക്കുവാനുള്ള തയാറെടുപ്പ് നടത്തി.
അടുത്ത ദിവസം വൈകുന്നേരം ശങ്കരന്റെ നിർബന്ധത്താൽ എല്ലാവരും അമ്പലത്തിലേക്ക് പോകാൻ തയാറായി. ലക്ഷ്മിയെ കൂടെ വരാൻ നിർബന്ധിച്ചെങ്കിലും അവൾ കൂട്ടാക്കിയില്ല.
ഇപ്പോഴും അവരോടുള്ള അവളുടെ പരിഭവം മാറിയിരുന്നില്ല. അതിലുപരി അനന്തുവിന്റെ മുൻപിൽ പെടേണ്ട എന്ന് അവൾ വിചാരിച്ചിരുന്നു.
ദേവേട്ടന്റെ മുഖവും പേറി നടക്കുന്നവനോട് അവൾക്ക് വല്ലാത്ത വെറുപ്പ് തോന്നി.സദാസമയം അവൾ സ്വന്തം മുറിയിൽ ചിലവഴിച്ചു.
മുത്തശ്ശന്റെ ആഗ്രഹമായതിനാൽ ശിവയും മാലതിയും സീതയും മീനാക്ഷിയും ഒക്കെ കൂടെ പോകാൻ തയാറായി. വീട്ടിൽ വച്ചു അനന്തുവിനെ ഒറ്റക്ക് കിട്ടാത്തതിനാൽ അമ്പലത്തിനുള്ളിൽ വച്ചോ പരിസരത്ത് വച്ചോ അനന്തുവിനെ ഒറ്റക്ക് കയ്യിൽ കിട്ടുമെന്ന കണക്ക് കൂട്ടലിൽ ആയിരുന്നു മീനാക്ഷി.
സീതയും മാലതിയും മീനാക്ഷിയും സാരി ഉടുത്തപ്പോൾ ശിവയും രേവതിയും ബ്ലൗസും പാവാടയും അണിഞ്ഞു സുന്ദരികുട്ടികൾ ആയി മാറി.
നീല കളർ സാരി അണിഞ്ഞു സുന്ദരിയായി നിൽക്കുന്ന മീനാക്ഷിയെ കണ്ടപ്പോഴേ മാലതി സന്തോഷത്തോടെ വന്നു അവളെ കെട്ടിപിടിച്ചു.
“എന്റെ മീനാക്ഷി മോള് എത്ര സുന്ദരിയാ അല്ലേ സീതേട്ടത്തി? ”
മാലതി അവളുടെ കവിളിൽ വാത്സല്യപൂർവ്വം തലോടി.
“ഹ്മ്മ് അത് കേട്ട് ഇപ്പൊ അവള് പൊന്തി കാണും”
സീത മാലതിയെ നോക്കി കണ്ണിറുക്കി കാണിച്ചു.
മീനാക്ഷി കോപത്തോടെ സീതയെ നോക്കി.
“അതൊന്നുമല്ല സീതേട്ടത്തി.. എന്റെ മോള് സുന്ദരിക്കുട്ടി തന്നാ.. എന്റെ അനന്തുവിന് കല്യാണ പ്രായം ആയിരുന്നെങ്കിൽ ഇപ്പൊ തന്നെ ഞാൻ രണ്ടുപേരെയും പിടിച്ചങ്ങ് കെട്ടിച്ചേനെ ”
മാലതി പറഞ്ഞ വാക്കുകൾ കാതിൽ പതിഞ്ഞതും മീനാക്ഷിയ്ക്ക് കുളിരു കോരുന്ന പോലെ തോന്നി. ലജ്ജ കാരണം അവളുടെ മുഖം താഴ്ന്നു.
അനന്തുവിനെ കുറിച്ച് ഓർക്കുമ്പോൾ തന്നെ ശരീരത്തിൽ ആകെ ഒരു തരം കുളിരും തരിപ്പും ആണെന്ന് അവൾ നാണത്തോടെ ഓർത്തു.
പൊടുന്നനെ അവൾക്ക് ശിവജിത്തിന്റെ കാര്യം ഓർമ്മ വന്നു.ഇതെങ്ങാനും അവൻ കേട്ടിരുന്നേൽ ഇപ്പൊ തന്നെ കൊന്നു കറി വച്ചേനെ എന്ന് അവൾ പേടിയോടെ ഓർത്തു.
“എനിക്ക് കുഴപ്പമില്ല സമ്മതമാണ് കേട്ടോ”
സാരിയുടെ കോന്തല വിരലിൽ ചുറ്റിപിടിപ്പിച്ചുകൊണ്ടു മീനാക്ഷിയുടെ ലജ്ജയിൽ ചാലിച്ച വാക്കുകൾ പുറത്തു വന്നു.