കയ്യിൽ നിന്നും പൂക്കൾ ശേഖരിച്ചിരുന്ന കൂട നിലത്തേക്ക് തെറിച്ചു വീണു. ദേവന്റെ കണ്ണുകളിൽ ആദ്യം ചെന്നു പെട്ടത് രണ്ടു പൂച്ചക്കണ്ണുകൾ ആയിരുന്നു.
ഭയത്തോടെ ഓടി കളിക്കുന്ന ആ പൂച്ചക്കണ്ണുകൾ മുൻപെങ്ങോ കണ്ടു മറന്നതാണെന്ന് അവനു തോന്നി. അവൻ പതിയെ ആ പെൺകുട്ടിയെ നേരെ നിർത്തി.
അവൾ ദേവന്റെ പിടയ്ക്കുന്ന നീലക്കണ്ണുകളിലേക്ക് ഉറ്റു നോക്കി. ആ പെൺകുട്ടിയുടെ മുഖം കണ്ടതും ദേവൻ അമ്പരപ്പോടെ അവളെ നോക്കി നിന്നു.
ദേവൻ എന്തോ പറയാൻ തുനിഞ്ഞതും സംയമനം വീണ്ടെടുത്ത ആ പെൺകുട്ടി ഞെട്ടലോടെ അവനിൽ നിന്നും വിട്ടുമാറി.അപ്പോഴാണ് അവളുടെ ഇളം വയറിലെ തണുപ്പ് അവന്റെ ഉള്ളം കയ്യിൽ അവൻ അനുഭവിച്ചറിഞ്ഞത്. കുനിഞ്ഞിരുന്ന് കൂട കയ്യിൽ എടുത്ത് നിലത്തേക്ക് ഉതിർന്നു വീണ പൂക്കൾ പെറുക്കി കൂടയിലേക്ക് തിരികെയിട്ടുകൊണ്ടിരുന്നു.
ചമ്മലോടെ ദേവനും അവളെ കൂട നിറയ്ക്കുവാൻ സഹായിച്ചു. കൂട നിറഞ്ഞതും ആ പെൺകുട്ടി എണീറ്റു നിന്നു മുഖം ഉയർത്തി അവനെ നോക്കി.
“താങ്ക്സ് ”
നന്ദി സൂചകമായി അവനെ നോക്കി. അതിനു ശേഷം അവൾ പോകാനായി തിരിഞ്ഞു.
“കല്യാണി എന്താ എന്നെ ഇതുവരെ കാണാത്തപോലെ തിരിഞ്ഞു പോകുന്നേ.. നീ എന്നെ മറന്നോ ഇത്ര വേഗം ”
ദേവൻ ദുഖത്തോടെ അവളുടെ പുറകിൽ നിന്നും വിളിച്ചു പറഞ്ഞു.പെട്ടെന്നുള്ള അവളുടെ ഈ പെരുമാറ്റം അവനെ നല്ലോണം വേദനിപ്പിച്ചു.
“സോറി നമ്മൾ തമ്മിൽ മുൻ പരിചയമുണ്ടോ?”
ആ പെൺകുട്ടി അവനെ തിരിഞ്ഞു നോക്കി.. അവളുടെ കണ്ണുകളിൽ തന്നോട് ഒരു അപരിചിതത്വം നിറഞ്ഞു നിൽക്കുന്നപോലെ ദേവന് തോന്നി.
“ഉണ്ട്. നമ്മൾ തമ്മിൽ ഇന്ന് രാവിലെ പരിചയപ്പെട്ടതല്ലേ……. എന്റെ വണ്ടി തന്റെ സൈക്കിളിൽ വന്നിടിച്ചത്…..തന്നെ ഞാൻ വൈദ്യന്റെ അടുത്തേക്ക് കൊണ്ടുപോയത്…… മരുന്ന് വച്ചു തന്നത്……വീട്ടിൽ കൊണ്ടു ചെന്നാക്കിയത്….. ഇതൊക്കെ താൻ ഇത്ര വേഗം മറന്നോ? ”
ദേവൻ പരിഭവത്തോടെ അവളെ നോക്കി. അവൾ തന്നെ കളിപ്പിക്കുന്നതാണോ എന്ന് അവന് സംശയം ഉടലെടുത്തു.
“ഹേയ് നോ മാൻ.. ഞാൻ ഇന്ന് രാവിലെ ബോംബെയിൽ നിന്നും ഇങ്ങോട്ടേക്കു പോന്നതേയുള്ളൂ. ഞാൻ ഈ നാട്ടിൽ പുതിയതാ.. anyway എന്നെ വീഴാതെ രക്ഷിച്ചതിനു താങ്ക്സ്.. my നെയിം ഈസ് മുത്തുമണി.”
ആ പെൺകുട്ടി ചിരിയോടെ ദേവനു നേരെ കൈ നീട്ടി. ദേവൻ ആശ്ചര്യത്തോടെ അവൾക്ക് നേരെ കൈ നീട്ടി.
“ദേവൻ ”
“വൗ സ്വീറ്റ് നെയിം ”
മുത്തുമണി അവനെ നോക്കി.
“Ok ദേവൻ.. പിന്നെ കാണാം. ഒരു പുതിയ ഫ്രണ്ടിനെ കിട്ടിയതിൽ ഒരുപാട് സന്തോഷം. ”
അവനെ നോക്കി കണ്ണിറുക്കിക്കൊണ്ട് അവൾ പുറത്തേക്ക് നടന്നു. ദേവൻ അവളെ തന്നെ നോക്കി നിന്നു.
റോഡിൽ നിർത്തിയിട്ടിരിക്കുന്ന മാരുതി 800 ൽ കയറി അവൾ എങ്ങോട്ടോ പോയി മറഞ്ഞു. പക്ഷെ ആ കാർ എങ്ങോട്ടാണ് പോയതെന്ന് അവനു ചെറിയൊരു ഊഹം ഉണ്ടായിരുന്നു.
കണ്മുൻപിൽ നടക്കുന്നതൊന്നും വിശ്വസിക്കാനാവാതെ അവൻ അമ്പലമുറ്റത്തുള്ള ആൽമരചുവട്ടിൽ ഇരുന്നു. രാവിലെയും വൈകിട്ടും കണ്ട ആ മുഖങ്ങൾ അവന്റെ മനസിനെ മഥിച്ചുകൊണ്ടിരുന്നു.