¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥
കല്യാണിയെ വീട്ടിൽ ആക്കിയ ശേഷം രഘുവേട്ടന്റെ വീട്ടിൽ പോയി നൂലുകെട്ടിനു മുഖം കാണിച്ച ശേഷം ദേവൻ ബുള്ളറ്റിൽ തിരിച്ചു വരികയായിരുന്നു. കല്യാണിയെ കണ്ട ശേഷം മനസ്സ് എവിടെയും ഉറച്ചു നിൽക്കുന്നില്ലെന്നു അവനു തോന്നി.
ആ പൂച്ചക്കണ്ണുകളോട് വല്ലാത്ത ഒരു ആരാധനയും മറ്റ് എന്തൊക്കെയോ ഒക്കെ അവന്റെ മനസിൽ തോന്നി തുടങ്ങി. ചുണ്ടിൽ ചെറു ചിരിയോടെ അവൻ ബുള്ളറ്റ് പറപ്പിച്ചു.
നാൽക്കവലയിൽ എത്തിയതും അവിടുള്ള പെട്ടിക്കടയ്ക്ക് മുൻപിൽ അവൻ വണ്ടി നിർത്തി.പെട്ടി കടയിൽ കൂടിയിരുന്ന ആൾക്കാർ എഴുന്നേറ്റ് നിന്നു അവനെ ബഹുമാനിച്ചു.
ദേവൻ എല്ലാവരെയും നോക്കി പുഞ്ചിരിച്ചു.
“ചേട്ടാ കുറച്ചു നാരങ്ങ മിട്ടായി പൊതിഞ്ഞെടുത്തോ ”
“ശരി അങ്ങുന്നേ ”
കടക്കാരൻ ബഹുമാനത്തോടെ വൃത്തിയുള്ള കടലാസ് കീറിയെടുത്ത് അതിൽ കുറച്ചു നാരങ്ങ മിട്ടായി ചില്ലു ഭരണിയിൽ നിന്നും കുടഞ്ഞിട്ടു.
അതിനു ശേഷം അത് വൃത്തിയായി പൊതിഞ്ഞെടുത്ത് ദേവന് നേരെ നീട്ടി.
“നന്ദി ചേട്ടാ.. ഇതാ പൈസ”
ദേവൻ പോക്കറ്റിൽ നിന്നും നാണയതുട്ട് എടുത്തു അയാൾക്ക് നേരെ നീട്ടി.
“അയ്യോ വേണ്ട അങ്ങുന്നേ..”
അയാൾ അല്പം ഭയത്തോടെ ദേവനെ നോക്കി.
“അതൊന്നും സാരമില്ല ചേട്ടാ.. ഇത് കയ്യിൽ വച്ചോ.. ഞാൻ വാങ്ങിയ സാധനത്തിന്റെ പൈസ അല്ലേ തരുന്നേ ”
“അങ്ങുന്ന് വാങ്ങിയ സാധനത്തിനു എങ്ങനാ ഞാൻ പൈസ വാങ്ങുക.. ഈ കടയൊക്കെ വല്യങ്ങുന്നിന്റെ ഔദാര്യമാ.. ആ നന്ദി ഞാനും എന്റെ കുടുംബവും ഒരിക്കലും മറക്കില്ല. ”
അയാൾ നന്ദിയോടെ അവനെ നോക്കി.
“അതെന്തേലും ആവട്ടെ.. ചേട്ടൻ ഇത് പിടിക്ക്”
ദേവൻ ബലമായി അയാളുടെ കയ്യിൽ പൈസ വച്ചു കൊടുത്തു. അതിനു ശേഷം അവൻ ബുള്ളറ്റ് മുന്പോട്ടെക്ക് എടുത്തു. അവൻ ആർത്ത നാദത്തോടെ ഭൂമിയെ പ്രകമ്പിപ്പിച്ചു കൊണ്ടു മുന്നോട്ട് നീങ്ങി.
“ഇത്തവണ ഭൂമി പൂജയ്ക്ക് ദേവൻ അങ്ങുന്നിനാണല്ലേ ദേവിയുടെ അരുളിപ്പാട് കിട്ടിയേ ? ”
പെട്ടിക്കടയിലെ മുറുക്കാൻ ചെല്ലത്തിലേക്ക് കൈ ഇട്ടുകൊണ്ട് ഒരാൾ ചോദിച്ചു.
“അതേ.. ദേവൻ അങ്ങുന്നിനെയാ ദേവി തിരഞ്ഞെടുത്തെ.. ഇത്തവണ ആ തിരുവമ്പാടിക്കാരെയും കുന്താളപുരക്കാരെയും നമുക്ക് മുൻപിൽ അടിയറവ് പറയിപ്പിക്കണം.”
ഖദർ മുണ്ടും ഷർട്ടും അണിഞ്ഞ ഒരാൾ തന്മയത്വത്തോടെ പറഞ്ഞു.അവിടെ കൂടിയ എല്ലാ നാട്ടുകാരിലും വല്ലാത്തൊരു പ്രതികാര ദാഹം അരിച്ചു കയറി.
എന്തിനോ വേണ്ടി അവർ ക്ഷമയോടെ കാത്തിരുന്നു. വരാൻ പോകുന്ന കാര്യങ്ങളെക്കുറിച്ചുള്ള ചർച്ചയിൽ അവർ വ്യാപൃതരായി.