സീത അവളുടെ രക്ഷയ്ക്കെത്തി.
“എന്നാൽ നീ പോയി ഒന്നുറങ്ങ് പെണ്ണെ…പിന്നെ കാണവേ ”
മാലതി അവളുടെ കയ്യിൽ പിടിച്ചു.
“ശരിയെടി പിന്നെ കാണാം.. എനിക്ക് നല്ല തലവേദനയാ ഒന്നുറങ്ങണം. ”
“ലക്ഷ്മി മോൾടെ മുറി നേരത്തെ ഒരുക്കിയില്ലേ”
ശങ്കരൻ ഗൗരവത്തോടെ വിളിച്ചു ചോദിച്ചു.
“ഉവ്വ് അച്ഛാ എല്ലാം നേരത്തെ തന്നെ ശരിയാക്കിയിട്ടുണ്ട്.”
സീത ഉറക്കെ മറുപടി പറഞ്ഞു. ശങ്കരൻ ബാലരാമാനുമായി സംസാരിക്കുന്ന തിരക്കിൽ ആയിരുന്നു.
ലക്ഷ്മി മാലതിയോട് തലയാട്ടി കാണിച്ചുകൊണ്ട് സീതയുടെ കൂടെ നടന്നു. നടുമുറ്റം കഴിഞ്ഞതും ലക്ഷ്മി സീതയെ പിടിച്ചു മുഖത്തോട് നോക്കി.
“ഏട്ടത്തി മാലതി ആകെ തടിച്ചു സുന്ദരിയായല്ലേ..പണ്ട് എങ്ങനെ ഉണ്ടായിരുന്ന പെണ്ണാ.. ഇപ്പൊ ആകെ മാറി. ”
“ശരിയാ ലക്ഷ്മി.. ആകെ കഷ്ടപ്പാടിൽ ആയിരുന്നു അവൾ.. ബാലരാമേട്ടനാ അവളെ കണ്ടു പിടിച്ചേ.. ”
“അതു നന്നായി.. ഇത്രേം സൗകര്യങ്ങൾ ഇവിടെ ഉണ്ടായിട്ടും ആരോടുള്ള വാശി തീർക്കാനാ അവൾ ഇത്രേം കാലം ഒളിച്ചു ജീവിച്ചത്? ”
ലക്ഷ്മി സംശയത്തോടെ ചോദിച്ചു.
“അച്ഛനെ പേടിച്ചിട്ടാവും അവൾ വരാതിരുന്നേ.. ഇത് അവളുടെ വീട് കൂടിയല്ലേ.. ഇവിടാ ഇനി അവൾ ജീവിക്കണ്ടേ ”
ഉറച്ച ശബ്ദത്തിൽ സീത പറഞ്ഞു.
“ശരിയാ ഏട്ടത്തി.. ഇനി അവളെയും പിള്ളേരെയും എങ്ങോട്ടും വിടരുത് ”
സംസാരിച്ചുകൊണ്ടു നടന്നു അവർ തെക്കിനി അറയിലേക്ക് എത്തി.അവിടുള്ള ദേവന്റെ മുറി കണ്ടതും ലക്ഷ്മി പൊടുന്നനെ തറഞ്ഞു നിന്നു.
അവൾ ആ മുറിയിലേക്ക് ഉറ്റു നോക്കി. പതിയെ അവളുടെ കാലുകൾ ആ മുറി ലക്ഷ്യമാക്കി ചലിച്ചു. മുറിയുടെ മുൻപിൽ എത്തിയതും വല്ലാത്തൊരു വിറയൽ നെഞ്ചിനുള്ളിൽ കുടി കൊള്ളുന്ന പോലെ അവൾക്ക് തോന്നി.
എന്തോ ഒരു തരം നഷ്ട്ടബോധം അവളെ അപ്പൊ വേട്ടയാടിക്കൊണ്ടിരുന്നു. പതിയെ അവൾ ആ വാതിലിൽ തള്ളിയതും അത് മലർക്കനെ തുറന്നു.
ലക്ഷ്മി സംശയത്തോടെ സീതയെ പാളി നോക്കിയ ശേഷം ഉള്ളിലേക്ക് കടന്നു ചെന്നു. മുറിയ്ക്ക് ചുറ്റുപാടും അവൾ ചുഴിഞ്ഞു നോക്കി. മുറിയിൽ ആകപ്പാടെ മാറ്റം വന്നപോലെ അവൾക്ക് തോന്നി.
അങ്ങിങ്ങായി ആരുടെയോ വസ്ത്രങ്ങൾ കൂട്ടിയിട്ടതും സാധന സാമഗ്രികൾ അടുക്കി വച്ചതും ബെഡ് മനോഹരമായി വിരിച്ചിട്ടത് കണ്ടതും അവളുടെ ഉള്ളിൽ സംശയം ഉണർന്നു.
ലക്ഷ്മി കോപത്തോടെ സീതയെ നോക്കി.
“ആരാ ഇപ്പൊ ഇവിടെ പൊറുതി ? ”
ലക്ഷ്മി ചീറിക്കൊണ്ട് ചോദിച്ചു.
“മാലതിയുടെ മോനാ ലക്ഷ്മി ”