ചായം തേച്ച ചുണ്ടുകളും നെറ്റിയിലെ കുഞ്ഞു പൊട്ടും മൂക്കുത്തിയും മാത്രം അണിഞ്ഞു അവൾ തന്റെ പാറി പറക്കുന്ന മുടി പതുക്കെ വിരലുകൾ കൊണ്ടു കോതി വച്ചു.
ഹാൻഡ് ബാഗ് കയ്യിൽ പിടിച്ചു ആ സ്ത്രീ മുന്നോട്ട് നടന്നു. അവളെ കണ്ടതും മാലതിയുടെ ചുണ്ടുകൾ മന്ത്രിച്ചു.
.
.
“ലക്ഷ്മി ”
.
.
ശങ്കരൻ പതിയെ മുറ്റത്തേക്കിറങ്ങി. ബലരാമൻ ഡ്രൈവറോട് പറഞ്ഞു ലഗേജ് എടുപ്പിച്ചു. കാർത്യായനി സീതയുടെ കയ്യിൽ പിടിച്ചു തിടുക്കത്തോടെ മുറ്റത്തേക്കിറങ്ങി.
കാർത്യായനിയെ കണ്ടതും ലക്ഷ്മി സന്തോഷത്തോടെ ഓടി വന്നു കെട്ടിപിടിച്ചു. കാർത്യായനി അവളെ ഇറുകെ പുണർന്നു.
“ന്റെ കുട്ടിയെ എവിടായിരുന്നു നീയ് ഇത്രയും നാളും ? ”
കാർത്യായനി പരിഭവത്തോടെ ലക്ഷ്മിയോട് ചോദിച്ചു.
“എന്റെ കാർത്യായനി അമ്മേ ഞാൻ അങ്ങ് സർകീട്ട് പോയിരിക്കുവായിരുന്നില്ലേ ഗൾഫ് വരെ.. ഇപ്പൊ തിരിച്ചു വരുന്ന വഴിയാ”
ലക്ഷ്മി കാർത്യായനിയുടെ കവിളിൽ പതിയെ പിച്ചി.
“ഇനി എന്റെ കുട്ടി കുറേ നാൾ കഴിഞ്ഞ് പോയാൽ മതിട്ടോ .അതുവരെ ഞാൻ നിന്നെ എങ്ങട്ടും വിടില്ല ”
“ആയ്ക്കോട്ടെ ഇനി കുറച്ചു നാൾ എന്റെ അമ്മയുടെ കൂടെ നിന്നിട്ടേ ഞാൻ പോകൂ.. ”
ലക്ഷ്മി കാർത്യായനിയുടെ കാലിൽ തൊട്ട് വന്ദിച്ചു. അതിനു ശേഷം ശങ്കരന് നേരെ തിരിഞ്ഞു അദ്ദേഹത്തിന്റെ കൽക്കലേക്ക് വീഴാൻ നോക്കിയതും അദ്ദേഹം അവളെ പിടിച്ചെഴുന്നേല്പിച്ചു.
“സുഖല്ലേ മോളെ നിനക്ക് ? ”
ശങ്കരൻ ലക്ഷ്മിയുടെ നെറുകയിൽ പതിയെ തലോടി.
“അതേ അച്ഛാ സുഖം ”
ലക്ഷ്മി ചിരിച്ചുകൊണ്ട് തലയാട്ടി.
“വന്ന കാലിൽ നിർത്താതെ അവളെ ഉള്ളിലേക്ക് കയറ്റ് ”
ബലരാമൻ പുറത്തു നിന്നും വിളിച്ചു പറഞ്ഞു.
കാർത്യായനി ലക്ഷ്മിയുടെ കയ്യിൽ പിടിച്ചുകൊണ്ടു പതിയെ മുൻപോട്ട് നടന്നു. സീതയെ കണ്ടതും ലക്ഷ്മി അവളെ ഉറ്റു നോക്കി.
“ഏട്ടത്തി ”
“ലക്ഷ്മി മോളെ ”
സീതയുടെ ആർദ്രമായ ശബ്ദം അവളുടെ കാതിൽ പതിഞ്ഞു. ലക്ഷ്മി അവളെ നോക്കി ചിരിച്ച ശേഷം പൂമുഖത്തേക്ക് നോക്കി.
അവിടെ രണ്ടു കണ്ണുകൾ ഈറനോടെ അവളെ തന്നെ നോക്കി നിന്നു. ലക്ഷ്മി അത് കണ്ടതും
ഉത്സാഹത്തോടെ മുന്നോട്ട് നടന്നു. പൂമുഖത്തെ പടികൾ അവൾ ചാടി കേറി വന്നു.
അനങ്ങാതെ നിൽക്കുന്ന മാലതിയെ അവൾ ഓടി വന്നു കെട്ടിപിടിച്ചു. മാലതി അവളെ ഇറുകെ പുണർന്നു.