അനന്തു പിന്നാലെ ഉള്ളിലേക്ക് കയറി.മുറിയിലേക്ക് കയറിയതും ഒരു നേർത്ത തെന്നൽ തന്നെ തഴുകി തലോടുന്ന പോലെ അവനു തോന്നി. വളരെ മനോഹരമായ ഒരു മുറി ആയിരുന്നു അത്.
ഒരു രാജകീയ പള്ളിയറ പോലെ ആണെന്ന് അവനു തോന്നിപോയി.കട്ടിലിനു നേരെ എതിർ വശത്തായി ഭിത്തിയിൽ ദേവൻ പുഞ്ചിരിച്ചുക്കൊണ്ട് നിൽക്കുന്ന ചിത്രം തൂക്കിയിട്ടിരിക്കുന്നു.
ആ ചിത്രം നോക്കുന്തോറും വല്ലാത്തൊരു അനുഭൂതി തന്നിൽ വന്നു നിറയുന്നതായി അനന്തുവിന് തോന്നി. ചിത്രത്തിൽ നിന്നും കണ്ണു വെട്ടിച്ചു അവൻ ചുറ്റുപാടും നോക്കി.
എന്തൊക്കെയോ സാധന സാമഗ്രികൾ കൂട്ടിയിട്ടിരിക്കുന്നു. അതൊക്കെ ദേവൻ അമ്മാവൻ ഉപയോഗിച്ചതാകാമെന്നു അവനു തോന്നി. കട്ടിലിന്റെ തലക്കൽ ഉള്ള ഒരു മേശയിൽ ഒരു പഴയ മോഡൽ ക്യാമറ ഇരിക്കുന്നത് അനന്തുവിന്റെ ശ്രദ്ധയിൽ പെട്ടു. അവൻ അതു പതിയെ കയ്യിൽ എടുത്തു തിരിച്ചും മറിച്ചും പരിശോധിച്ചു നോക്കി.
“ദേവന്റെ ക്യാമറയാ .. അവനു ഫോട്ടോ എടുക്കാൻ ഒക്കെ ഭയങ്കര ഇഷ്ട്ടമായിരുന്നു. ”
സീത നെടുവീർപ്പെട്ടു.
അമ്മാവൻ എങ്ങനാ മരിച്ചതെന്ന് അവനു ചോദിക്കണമെന്ന് തോന്നിയെങ്കിലും പിന്നെ വേണ്ടാന്നു വച്ചു. അവൻ വന്നു മുറിയുടെ ജനാല പതിയെ തുറന്നു നോക്കി.
അതിലൂടെ അവനു നീണ്ടു കിടക്കുന്ന നെൽപ്പാടം കൺമുന്പിൽ ദൃശ്യമായി.കണ്ണിനു ഒരു കുളിർമ പോലെ അവനു തോന്നി. പാടത്തിനു സമീപം ഉള്ള കുറച്ചു കൂരകൾ കണ്ടതും അനന്തു അതു സൂക്ഷിച്ചു നോക്കി. പൊടുന്നനെ അവൻ സീതയെ നോക്കി.
“അതെന്താ അമ്മായി ആ കാണുന്നതൊക്കെ? ”
അനന്തു സീതയെ കൈ കാട്ടി വിളിച്ചു. അവർ ഓടി വന്നു അവനു സമീപം വന്നു നിന്നു ജനാലയിലൂടെ എത്തി നോക്കി.
“അനന്തൂട്ടാ അതു ഇവിടെ പണിയ്ക്ക് നിക്കുന്നവരുടെ കുടിലുകൾ ആണ്. അവർ അവിടാ താമസം. ചിലരൊക്കെ ഇവിടെ ചായ്പ്പിൽ തന്നാ താമസം. ”
“ചായ്പ്പോ ? ”
അനന്തു മുഖം ചുളിച്ചു സംശയം പ്രകടിപ്പിച്ചു.
“അതേ എന്ന് വച്ചാൽ ഔട്ട് ഹൌസ് ”
“ഹാ ഇപ്പൊ മനസ്സിലായി ”
അനന്തു ചിരിയോടെ ജനാലയിൽ നിന്നും പിൻവാങ്ങി.
സീത അവിടുണ്ടായിരുന്ന അലമാരയിൽ നിന്നും ഒരു ബെഡ്ഷീറ്റും പുതപ്പും എടുത്തുകൊണ്ടു വന്നു ബെഡ്ഷീറ്റ് തട്ടി കുടഞ്ഞു വിരിച്ചു. പുതപ്പും തലയിണയും കട്ടിലിന്റെ തലയ്ക്കൽ വച്ച ശേഷം സീത അനന്തുവിനെ തിരിഞ്ഞു നോക്കി.