വശീകരണ മന്ത്രം 4 [ചാണക്യൻ]

Posted by

“എനിക്ക് അഞ്‌ജലിയെ കൂടി കാണണമെന്നുണ്ട്. എല്ലാവരെയും കണ്ടു.ആ കുട്ടിയെ മാത്രം കാണാൻ പറ്റിയില്ലല്ലോ . നിങ്ങൾ അനുവദിക്കുകയാണെങ്കിൽ ? ”

അനന്തു ഒന്ന് പറഞ്ഞു നിർത്തി എല്ലാവരെയും  നോക്കി.

ചിലരുടെയൊക്കെ കണ്ണുകൾ തിളങ്ങുന്നതും വികസിക്കുന്നതും അവൻ കണ്ടു.

“അതിനെന്താ മോനെ ഇത് നിന്റെയും കൂടി തറവാട് അല്ലെ.. എങ്ങോട്ട് പോകാനും എന്തിനാ അനുവാദം ചോദിക്കുന്നെ… മോൻ പോയിട്ട് വാ…. വിജയാ നീ അഞ്‌ജലി മോളുടെ മുറി കാണിച്ചു കൊടുക്ക്.  ”

മുത്തശ്ശൻ അഞ്ജലിയുടെ അച്ഛനെ നോക്കി ആജ്ഞാപിച്ചു. അയാൾ വേഗം അനന്തുവിനെയും കൂട്ടി വടക്കിനി ഭാഗത്തേക്ക്‌ പോയി. മാലതിയും ശിവയും അവരെ അനുഗമിച്ചു.

വീടിന്റെ ഇടനാഴിയിലൂടെ നടന്നു നടു മുറ്റത്തു എത്തിയപ്പോൾ അനന്തു ഒരു നിമിഷം തറഞ്ഞു നിന്നു പോയി. സിനിമകളിൽ അല്ലാതെ ആദ്യമായാണ് അവൻ ഇങ്ങനെ ഒരു സൗകര്യങ്ങളൊക്കെ നേരിട്ട് കാണുന്നത്.

നടു മുറ്റത്തിന്റെ ഭംഗി ആസ്വദിച്ചുകൊണ്ട് അവർ വടക്കിനി അറയിലേക്ക് കയറി. അവിടെ കണ്ട മുറിയുടെ വാതിൽ വിജയൻ മലർക്കെ തുറന്നു.

“വാ ഇതാ അഞ്‌ജലിടെ മുറി ”

അയാൾ സന്തോഷത്തോടെ അവരെ സ്വീകരിച്ചു. വിജയന്റെ പുറകെ അനന്തുവും ശിവയും മാലതിയും മുറിയിലേക്ക് കയറി.

കയറിയ പാടെ അനന്തുവിന്റെ കണ്ണുകൾ പതിഞ്ഞത് മുറിയിലെ ബൃഹത്തായ പുസ്തക ശേഖരങ്ങളിലേക്കാണ്. അവൻ പതിയെ അതിലൂടെ വിരലോടിച്ചു. അവിടെങ്ങും ചിതറി കിടക്കുന്ന പുസ്തകങ്ങളും ചിത്രങ്ങളും ചായക്കൂട്ടുകളും ബ്രഷുകളും നിറഞ്ഞ ലോകം ആണ് അവനെ സ്വാഗതം ചെയ്തത്.

എല്ലാത്തിലൂടെയും കണ്ണോടിച്ചുകൊണ്ട് അവൻ നിലത്തു ചാരി വച്ചിരിക്കുന്ന ഒരു പെയിന്റിംഗ് എടുത്തു നോക്കി. അതിൽ ഇരുളിന്റെ പശ്ചാത്തലത്തിൽ ഒരു മരത്തിനു കീഴെ ചുറ്റി പറക്കുന്ന മിന്നാമിന്നി കൂട്ടങ്ങളെ അസാധ്യമായി വരച്ചിരുന്നു.

അത്രയ്ക്ക് മനോഹരം ആയിരുന്നു ആ ചിത്രം  മറ്റു ചിത്രങ്ങളും ഒന്നിനൊന്നു മികച്ചത് തന്നെ. ഇതിന്റെയെല്ലാം സൃഷ്ട്ടാവ് അഞ്‌ജലി തന്നെ ആണെന്ന് അവനു തോന്നി.ആ ചിത്രങ്ങളിലൂടെ അവൻ ആരാധനയോടെ നോക്കി.

“എന്നെക്കാണാൻ ആണോ അതോ എന്റെ പെയിന്റിംഗ്സ് കാണാൻ ആണോ വന്നേ ? ”

പുറകിൽ നിന്നും കേട്ട കിളി നാദം കാതോർത്തു കൊണ്ട് അവൻ തിരിഞ്ഞു നോക്കി . മുറിയുടെ ഒരു മൂലയിൽ ജനാലയ്ക്ക് സമീപമുള്ള കട്ടിലിൽ അമ്മ ഷൈലയുടെ നെഞ്ചിൽ തല ചായ്ച്ചു കിടക്കുന്ന അഞ്ജലിയെ കണ്ടതും അനന്തു അവളെ നോക്കി പുഞ്ചിരിച്ചു.

ആദ്യം അവനെ കണ്ടൊന്നു അമ്പരന്നെങ്കിലും അഞ്‌ജലിയും അവനു തിരിച്ചൊരു പുഞ്ചിരി സമ്മാനിച്ചു. അഞ്‌ജലി കാണാൻ ഒരു പാവക്കുട്ടിയെ പോലെ ആണെന്ന് അവനു തോന്നി.

വാലിട്ട് എഴുതിയ കണ്ണുകളും ചെറിയ മൂക്കുത്തിയും ഇട തൂർന്ന മുടിയും അവളെ ഒരുപാട് സുന്ദരിയാക്കുന്നു. അവൾ അണിഞ്ഞിരുന്ന മിഡിയും ടോപ്പും അവൾക്ക് കൂടുതൽ ഇണങ്ങുന്നതായി അനന്തുവിന് തോന്നി.

Leave a Reply

Your email address will not be published. Required fields are marked *