ശരിക്കും ഒരു വൃദ്ധനായ സിംഹത്തിന്റെ വന്യമായ ഭാവം ആ മുഖത്ത് പൊടുന്നനെ ഓടി വന്നു മറഞ്ഞ പോലെ അനന്തുവിന് തോന്നി.
വഴിയിലൂടെ പോയ മൂന്നു നാല് പേർ മുത്തശ്ശനെ കണ്ട് ബഹുമാനത്തോടെ വഴി മാറി കൊടുത്തു. അനന്തു അതൊക്കെ കണ്ട് വല്ലാതെ ആസ്വദിച്ചു.
“മോനെ ദേവാ ഈ ഗ്രാമത്തിൽ കാണാൻ ഒരുപാട് കാഴ്ചകളുണ്ട്. മോന് അത് കാണണ്ടേ?”
“വേണം മുത്തശ്ശാ പക്ഷെ പോകാൻ എനിക്ക് വണ്ടിയൊന്നുമില്ല. എന്റെ വണ്ടി വീട്ടിൽ കിടക്കുവല്ലേ ? ”
അനന്തു നിരാശയോടെ മുത്തശ്ശനെ നോക്കി.
“അതാണോ പ്രശ്നം. ഞാനിപ്പോ തന്നെ ബലരാമനെ വിളിക്കാം. ദേവന് ഇഷ്ട്ടമുള്ള പുതിയ വണ്ടി വാങ്ങിച്ചോ.. കാർ വാങ്ങാം. എത്ര പണം ചിലവായാലും സാരമില്ല ”
മുത്തശ്ശൻ സന്തോഷത്തോടെ പോക്കറ്റിൽ നിന്നും ഫോൺ കയ്യിലേക്ക് എടുത്തു.
“അയ്യോ അതൊന്നും വേണ്ട മുത്തശ്ശാ.. എനിക്ക് ഏതേലും ഒരു പഴയ വണ്ടി മതി. ”
“അത് പറ്റില്ല മോനെ… നമുക്ക് പുതിയ കാർ വാങ്ങാം. ഇപ്പൊ തന്നെ ബലരാമന്റെ കൂടെ പട്ടണത്തിലേക്ക് പോകാം. എന്റെ ദേവന് എന്തേലും വാങ്ങി തരാതെ എനിക്ക് സമാധാനമില്ല ”
മുത്തശ്ശൻ വെപ്രാളത്തോടെ പറഞ്ഞു.
“എന്റെ മുത്തശ്ശാ ഞാനും അമ്മയും ശിവയും സാധാരണക്കാരായി അല്ലെ ജീവിച്ചേ.. ഞങ്ങൾക്ക് അതൊക്കെ ശീലമാ..വലിയ വണ്ടി വാങ്ങാനോ ഓടിക്കാനോ ഉള്ള സാമ്പത്തികം ഞങ്ങൾക്കില്ലായിരുന്നു. പിന്നെ അതൊക്കെ സ്വപ്നം കാണാമെന്നു മാത്രം ”
അനന്തു ഒന്ന് നെടുവീർപ്പെട്ടു
“ഇന്നലെ വരെ എന്റെ മകളും പേരമക്കളും എങ്ങനാണ് ജീവിച്ചതെന്നു എനിക്ക് അറിഞ്ഞൂടായിരുന്നു. പക്ഷെ ഇനി മുതൽ അങ്ങനല്ല. തേവക്കാട്ട് ശങ്കരന്റെ പേരമക്കൾ ആണ് നിങ്ങൾ. എന്റെ മകൾക്കും പേരമക്കൾക്കും ജീവിക്കാനുള്ള പണം ഞാൻ ആക്കി വച്ചിട്ടുണ്ട്. ആവശ്യത്തിനും അനാവശ്യത്തിനും ചിലവഴിക്കാൻ എനിക്ക് പണം ഉണ്ട്. ഇനിയും ഒരുപാട് തലമുറകൾക്ക് ഇരുന്ന് ഉണ്ണാനുള്ളത് നമ്മുടെ കുടുംബത്തിന് ഉണ്ട്. അതുകൊണ്ട് പണത്തെ കുറിച്ച് ആലോചിച്ചു എന്റെ ദേവന് വേവലാതി വേണ്ടാ.. ഇനി പറഞ്ഞോ ഏത് വണ്ടി ആണ് വാങ്ങണ്ടേ? ”
മുത്തശ്ശൻ അവനെ പ്രതീക്ഷയോടെ നോക്കി. എന്നാൽ അനന്തു പുതിയ വണ്ടി വാങ്ങുന്നതിനോട് യോജിച്ചില്ല. അവനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും ശങ്കരൻ പരാജയപ്പെട്ടു.
അല്പ നേരം നിരാശയോടെ അദ്ദേഹം ചിന്തിച്ചു. പൊടുന്നനെ ശങ്കരൻ അനന്തുവിന്റെ രണ്ടു കൈകളിലും പിടിച്ചുകൊണ്ടു അവനെ നോക്കി.
“എന്റെ മകൻ ദേവന്റെ ഒരു വണ്ടിയുണ്ട്. എനിക്ക് അറിയുന്ന ഒരാളുടെ അടുത്ത് സൂക്ഷിക്കാൻ വച്ചിരിക്കുകയാ…നിന്റെ മുത്തശ്ശി അത് ഒരിക്കലും വേറൊരാൾക്ക് കൊടുക്കാനോ ഓടിക്കാൻ കൊടുക്കാനോ പോലും സമ്മതിച്ചിരുന്നില്ല. അങ്ങനെ ഞാൻ അത് സൂക്ഷിച്ചു വച്ചിരുന്നതാ. എന്റെ മോന് ആ വണ്ടി കൊണ്ടു തരട്ടെ ”
മുത്തശ്ശന്റെ കണ്ണിലെ തിളക്കം അനന്തുവിന് തിരസ്ക്കരിക്കുവാൻ കഴിഞ്ഞില്ല.
“മുത്തശ്ശി സമ്മതിക്കുമോ? “അനന്തു ചോദ്യഭാവേന നോക്കി
”