വശീകരണ മന്ത്രം 4 [ചാണക്യൻ]

Posted by

അവർ ഇരുവരും മുൻപിൽ നടന്നു. അനന്തു പിന്നാലെ അവരെ അനുഗമിച്ചു.

“ആദ്യം നമ്മൾ എങ്ങോട്ടാ പോകുന്നേ ? ”

അനന്തു കൗതുകം മറച്ചു വെക്കാതെ ചോദിച്ചു

“പടിഞ്ഞാറ്റിനിയിലേക്ക്… ”

ആദ്യമായി കണ്ടതിന്റെ അപരിചിതത്വം ആവാം അവർ മിണ്ടാത്തതിന്റെ കാരണമെന്നു അവനു തോന്നി. എന്നാലും അത് വല്ലാത്തൊരു വിടവ് സൃഷ്ട്ടിക്കുന്ന പോലെ അവനു തോന്നി.

അവർ കാണിക്കുന്ന ഓരോ കാഴ്ചകളും അവൻ കണ്ടുകൊണ്ടിരുന്നു. സമയമെടുത്ത് അവർ ആ നാല് കെട്ട് വീട് മൊത്തം കണ്ടു തീർത്തു.

വല്ലാത്തൊരു കൗതുകമായിരുന്നു അനന്തുവിന്. വീടിന് അകം കണ്ട ശേഷം പുറം കാണാൻ അവനു കൊതിയായി. അവൻ അവർക്ക് നേരെ തിരിഞ്ഞു.

“ഈ വീടിനു പുറത്തു എന്താ കാണാൻ ഉള്ളേ ”

“കുളം ഉണ്ട് ”

“ആണോ എന്നെ അങ്ങോട്ടേക്ക് കൊണ്ടു പോകുമോ? ”

അനന്തു സന്തോഷത്തോടെ ചോദിച്ചു

“അതിനെന്താ ഏട്ടൻ വാ  ‘

അവർക്കൊപ്പം അനന്തു നടന്നു. അമൃത ഇടക്കിടക്ക് അവനെ നോക്കി ചിരിച്ചു കാണിച്ചു. അത് കണ്ട് രേവതിയും അവനെ നോക്കി പുഞ്ചിരിച്ചു.

“രേവതി എന്താ പഠിക്കുന്നേ? ”

“ഞാൻ പ്ലസ്ടു ആണ് ഏട്ടാ ”

“ആഹാ അപ്പൊ ഈ കാന്താരിയോ ? “അവൻ അമൃതയുടെ തലയിൽ തലോടി.

“അവൾ അഞ്ചാം ക്ലാസ്സിൽ ആണ് പഠിക്കുന്നേ”

“ആണോ മോളെ നീ അഞ്ചിൽ ആണോ പഠിക്കുന്നെ”

അനന്തു അവളോട്‌ കൊഞ്ചലോടെ ചോദിച്ചു. അമൃത അതെ എന്ന് തലയാട്ടി.

“മോള് എന്താ മിണ്ടാത്തെ ? ”

അനന്തു അല്പം നിരാശയിലായി.

“അവൾ അങ്ങനാ.. പതിയെ മാത്രേ ആരോടേലും കൂട്ടാവൂ. ”

“അങ്ങനാണല്ലേ  ”

അനന്തു അമൃതയെ നോക്കി പുഞ്ചിരിച്ചു. അവർ മൂവരും നടന്നു കുളക്കടവിൽ വന്നെത്തി.അനന്തു ആവേശത്തോടെ കല്പടവുകളിലൂടെ ചാടിയിറങ്ങി.

“ഏട്ടാ അവിടെ വഴുക്കലുണ്ടാവും സൂക്ഷിക്കണേ ”

രേവതി വെപ്രാളത്തോടെ നെഞ്ചിൽ കൈ വച്ചു.

“ഞാൻ നോക്കിക്കോളാം രേവതിക്കുട്ടി.. ”

അനന്തു അവളെ നോക്കി ഉറക്കെ പറഞ്ഞു. രേവതിയുടെ അധരങ്ങളിൽ ഒരു പുഞ്ചിരി മൊട്ടിട്ടു. അനന്തു കുളത്തിലേക്ക് ദൃഷ്ടി പതിപ്പിച്ചുകൊണ്ട് കല്പടവിലേക്ക് ഇരുന്നു. പതിയെ കുളത്തിലേക്ക് കാല് നീട്ടി വച്ചു അവൻ ഒരു ദീർഘ നിശ്വാസം വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *