കേറി ചെല്ലുമ്പോൾ തന്നെ കണ്ടു അമ്മുവിൻറെ അച്ഛനും ശബരിയും അങ്കിളും അമ്മയും ഉമ്മറത്ത് സംസാരിച്ചു നിൽക്കുന്നത്…..അതുവരെ മൂളിപ്പാട്ടും പാടി നടന്നിരുന്ന ഞാൻ ഇത് കണ്ടപ്പോൾ കാല് വലിച്ചെടുത്തു നടന്നു….എന്ത് വള്ളിക്കെട്ടാണോ കാത്തിരിക്കുന്നത് എന്ന പേടിയാണ് ഉള്ളിൽ മുഴുവൻ……ഉമ്മറത്ത് കേറി ചെന്നപ്പോൾ അമ്മയുടെ തറപ്പിച്ച നോട്ടവും ശബരിയുടെ ആക്കിയ ചിരിയും അങ്കിളിന്റെയും അച്ഛന്റെയും സാധാരണ ചിരിയുമാണ് എതിരേറ്റത്…
” ഇവിടെ ചുറ്റിത്തിരിഞ്ഞു നിക്കാണ്ട് വേം പോയി കുളിച്ചു വാ….”
അമ്മ ഗൌരവത്തിൽ പറഞ്ഞു….എന്ത് പറഞ്ഞു തുടങ്ങുമെന്ന് അറിയാതെ അമ്പരന്നു നിൽക്കുകയായിരുന്ന ഞാൻ അത് കേട്ടപ്പോൾ എല്ലാവർക്കും ഒന്ന് ചിരിച്ചു കൊടുത്തു കുളിമുറിയിലേക്ക് ഓടി….കഴിവിന്റെ ഏറ്റവും വേഗത്തിൽ തന്നെ മേല്കഴുകി തിരിച്ചു ചെന്നു…..മഞ്ജിമ എന്നെ തോണ്ടാൻ നോക്കിയെങ്കിലും ഞാൻ പിടികൊടുത്തില്ല ….
” അച്ഛൻ എപ്പോ വന്നു…?? ”
ഞാൻ അച്ഛനോടായി ചോദിച്ചു….പിന്നെയാണു അമ്മയുടെ മുഖത്ത് നോക്കിയത് , അവിടെ കണ്ട ഭാവം എനിക്ക് പരിചിതമല്ലാത്ത ഒന്നായിരുന്നു ….ആ അച്ഛൻ വിളി അമ്മക്ക് അത്ര രസിച്ചില്ലെന്നു മനസിലായതോടു കൂടി എന്റെ ഉള്ള കോൺഫിഡൻസ് പോയിക്കിട്ടി….
” ഞാൻ ഇതുവഴി പോയപ്പോൾ ഒന്ന് കേറിയതാണ്…..കൂട്ടത്തിൽ മനൂന്റെ അമ്മയോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാനും ഉണ്ടല്ലോ ..”
അച്ഛൻ അമ്മയെ നോക്കി പറഞ്ഞപ്പോൾ അമ്മ സംശയത്തിൽ എന്നെ നോക്കി….അപ്പോഴാണ് കാര്യം ഇതുവരെ പുറത്തായില്ലെന്നു മനസിലായത്……ഞാൻ നിക്കണോ അതോ ഇറങ്ങി ഓടണോ എന്നുള്ള സംശയത്തിലായി….കാര്യം പറയുമ്പോൾ അമ്മയുടെ മാനസികാവസ്ഥ ആലോചിച്ചപ്പോ എനിക്ക് ഒരു സമാധാനം കിട്ടിയില്ല….ഒരു ആശ്രയത്തിനായി ശബരിയെ നോക്കിയപ്പോ ആ തെണ്ടി ഫോണിൽ കുത്തിക്കൊണ്ടു കസേരയിൽ ഇരുന്നു ….