ചന്തുവിനു മുംബൈയിൽ തമ്പി എന്നൊരു കൂട്ടുകാരനുണ്ടായിരുന്നു.അവന്‌റെ പ്രശ്‌നങ്ങൾ അറിയാവുന്ന ഒരാൾ.രാഗിയുടെ കല്യാണം കഴിഞ്ഞു കുറച്ചുനാളുകൾക്കു ശേഷം തമ്പി ചന്തുവിനെ വിളിച്ചു.തേങ്കുറിശ്ശിയിൽ കിടന്നു നരകിക്കാതെ മുംബൈയ്ക്കു വരാൻ ആവശ്യപ്പെട്ടു.അങ്ങനെയാണു ചന്തു പുറപ്പെട്ടത്. കൈയിൽ ഉണ്ടായിരുന്നു ആകെ സമ്പാദ്യമായ കാൽപവൻ മോതിരം വിറ്റു. ടിക്കറ്റിനും അത്യാവശ്യം രണ്ടു ജോഡി പാന്‌റ്‌സിനും ഷർട്ടിനുമുള്ള തുക അങ്ങനെ കിട്ടി. ആദ്യമായാണ് അവൻ പാന്‌റ്‌സ് ധരിച്ചത്.ആ വേഷം അവനിഷ്ടപ്പെട്ടു.
തമ്പിക്ക് മുംബൈയിൽ പഴക്കച്ചവടമായിരുന്നു. മൊത്തക്കച്ചവടക്കാരിൽ നിന്നു പഴങ്ങൾ വാങ്ങും. എന്നിട്ട് ഉന്തുവണ്ടിയിൽ പഴങ്ങൾ നിറച്ചു വീടുകളിലും തെരുവുകളിലും കൊണ്ടുനടന്നു വിൽക്കും.അധികം പൈസയൊന്നും ലാഭമില്ല, എന്നാൽ ജീവിക്കാനുള്ളത് കിട്ടും.
തമ്പിയുടെ കൂടെ ചന്തുവും കൂടി. ഒരു വണ്ടി അവനും കിട്ടി. അതിൽ പഴങ്ങളുമായി മുംബൈയിലെ ചൗപ്പാട്ടിയിൽ വിൽപന.
മുംബൈയിലെ കുപ്രസിദ്ധമായ തെരുവാണു ചൗപ്പാട്ടി, കള്ളൻമാരും കൊള്ളക്കാരും വേശ്യാഗൃഹങ്ങളുമൊക്കെ നിറഞ്ഞ തെരുവ്.അവിടത്തെ കച്ചവടം നന്നായി നടന്നു.എന്നാൽ ലാഭം കിട്ടുന്നതിൽ പകുതിയേ അവനു കിട്ടിയുള്ളൂ. പകുതി മുനിസാഹിബിനായിരുന്നു.ചൗപ്പാട്ടിയെ ഭരിക്കുന്ന ഗുണ്ട.ഹഫ്ത കൊടുക്കാതെ അവിടെ നിലനിൽക്കാൻ പറ്റില്ല.
രാഗിണിയുടെ സംഭവത്തിനു ശേഷം സ്ത്രീകളോടു പൊതുവേ വെറുപ്പായിരുന്നു ചന്തുവിന്,അവന്‌റെ മനസ്സിൽ ഇപ്പോൾ അത്തരം സ്വപ്‌നങ്ങളില്ലായിരുന്നു,ചൗപ്പാട്ടിയിലെ സുന്ദരികളായ പെൺകൊടികളിലൊന്നും അവന്‌റെ നോട്ടം പോയില്ല.മനസ്സു മരവിച്ചവന് എന്തു സൗന്ദര്യം.
്പക്ഷേ ഒരിക്കൽ… ഒരു സന്ധ്യയിൽ ഒരു സംഭവമുണ്ടായി.
കച്ചവടം കഴിഞ്ഞു തന്‌റെ വണ്ടിയുമുന്തി വരികയായിരുന്നു ചന്തു. അവിടെയടുത്തുള്ള ഒരു പൊതുക്കിണറിൽ നിന്നു കുടങ്ങളിൽ വെള്ളവുമായി വരുന്ന ഒരു നീളമുള്ള പെൺകുട്ടി.ഒരു നരച്ച സാൽവറായിരുന്നു അവളുടെ വേഷം.മറാത്തിയല്ലെന്നു കണ്ടാൽ അറിയാം.ഗുജറാത്തിയോ രാജസ്ഥാനിയോ ആണ്. വെളുത്തു തുടുത്ത മുഖത്ത് ശ്രീത്വം തെളിഞ്ഞു നിൽക്കുന്നു. അവൾ നെറ്റിയിൽ കുങ്കുമമിട്ടിട്ടില്ല. എണ്ണ പുരളാത്ത അവളുടെ ചെമ്പൻ മുടി പറന്നു കിടന്നു.
ഗുണ്ടകളേപ്പോലെ തോന്നുന്ന കുറേ ചെറുപ്പക്കാർ അവിടെ ഒരു ഒഴിഞ്ഞ കടത്തിണ്ണയിൽ മദ്യപിച്ചു നിൽപ്പുണ്ടായിരുന്നു. പെൺകുട്ടിയെ കണ്ടതും അവർ അവളുടെ അരികിലേക്കു ചെന്നു.അവരിലൊരുത്തൻ അവളുടെ കൈയിൽ പിടിച്ചു.ബാക്കിയുള്ളവർ ചേർന്ന് അവളെ പിടിച്ചുവലിച്ചു കൊണ്ടുപോകാൻ നോക്കുന്നു.അവൾ ദിഗന്തം പൊട്ടുമാറുച്ചത്തിൽ അലറിവിളിച്ചിട്ടും ആരും തിരിഞ്ഞുനോക്കുന്നില്ല.
ഏതോ ഒരു ഉൾവിളി. നിസ്സഹായയായ ഒരു പെൺകുട്ടിയെ ഒരു പറ്റം മൃഗങ്ങൾ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിന്‌റെ ദാരുണമായ ദൃശ്യം. ഒട്ടു നിമിഷത്തേക്കു ചന്തു സ്ത്രീവിദ്വേഷം മറന്നു. അവൻ അങ്ങോട്ടേക്കു കുതിച്ചു.
‘ഉസ്‌കോ ചോഡോ’ അവൻ ഗുണ്ടകളിൽ ഒരുവനോടു പറഞ്ഞു.
കൈയുയർത്തി ഒരിടിയായിരുന്നു മറുപടി.ചന്തു പിന്നോട്ടു മലച്ചു.
അവന്‌റെയുള്ളിൽ ദേഷ്യം നിറഞ്ഞു.ഉള്ളിൽ പാലക്കാടൻ വികാരം കുതിച്ചുപൊന്തി. മുഖത്തിനിട്ടാണ് ഇടി കിട്ടിയത്. കവിൾ തിരുമ്മി എഴുന്നേറ്റ ഉടൻ അവൻ തന്നെയടിച്ചവനെ ഒറ്റച്ചവിട്ടായിരുന്നു.അവൻ തെറിച്ചുവീണു.
അവന്‌റെ കൂട്ടാളികൾ ചന്തുവിനെ ഇടിക്കാനായി പാഞ്ഞുവന്നു. കുറേനേരം ചെറുത്തു നിന്നെങ്കിലും നിരന്തരം ചന്തുവിന് ഇടി കിട്ടി.
അപ്പോളേക്കും അടുത്തുള്ള വേശ്യാഗൃഹത്തിലെ മാമിസാൻ അങ്ങോട്ടേക്ക് ഓടി വന്നു.വേശ്യാഗൃഹം നടത്തുന്ന മുതിർന്ന സ്ത്രീയെയാണ് മാമിസാൻ എന്നു വിളിക്കുന്നത്.