മടക്കയാത്രയിൽ ചന്തു സ്വയം സമാധാനിക്കുകയായിരുന്നു. തന്‌റെ ഭാഗത്താണു തെറ്റ്. ബാംഗ്ലൂരിലേക്കൊക്കെ പുറപ്പെടുന്നതിനു മുൻപ് കുറച്ചു വൃത്തിയുള്ള വേഷം ധരിക്കാമായിരുന്നു. കണാരേട്ടന്‌റെ തയ്യൽകടയിൽ നിന്ന് ഒരു ഷർട്ടും പാന്‌റസും വാടകയ്‌ക്കെടുക്കാമായിരുന്നു.ഒന്നും ചെയ്തില്ല.
തന്‌റെ ഭാഗത്താണു തെറ്റ്.കാലങ്ങൾ പറന്നു പോയി. അവളുടെ സെമസ്റ്ററുകളും.ബാംഗ്ലൂരിൽ ഉള്ള ആരോ വഴി അമ്മാവന്‌റെ കാതിൽ ആ വാർത്തയെത്തി.
രാഗിണി ബാംഗ്ലൂരിൽ പല സ്ഥലത്തും ഒരു ചെറുപ്പക്കാരനുമായി കറങ്ങി നടക്കുന്നുണ്ടെന്ന്. ലാൽബാഗിലും കബൺ പാർക്കിലും അൾസൂരിലുമൊക്കെ അവർ സ്ഥിരം സന്ദർശകരാണെന്ന്. വാർത്ത അറിഞ്ഞപ്പോൾ അമ്മാവനെക്കാൾ ഉലഞ്ഞത് ചന്തുവാണ്. എന്നിട്ടും അവൻ സ്വയം സമാധാനിക്കാൻ ശ്രമിച്ചു.ബാംഗ്ലൂരും തേങ്കുറിശ്ശിയും തമ്മിൽ കാതങ്ങൾ വ്യത്യാസമുണ്ട്.ചിലപ്പോൾ അത് അവളുടെ ഏതെങ്കിലും സുഹൃത്താകും.
ഏതായാലും അടങ്ങിയിരിക്കാൻ അമ്മാവൻ തയാറായിരുന്നില്ല. രാഗിയെ വിളിച്ചുവരുത്തി ക്വസ്റ്റിയൻ ചെയ്തു. എന്താണ് ബാംഗ്ലൂരിൽ നടക്കുന്നത്.
രാഗിക്കു ഭാവവ്യത്യാസമൊന്നുമില്ലായിരുന്നു.
‘അച്ഛാ, ഞാൻ ബാംഗ്ലൂരിൽ എന്‌റെ സഹപാഠിയുമായി പ്രണയത്തിലാണ്. അയാളുടെ പേര് സുനിൽ ജോർജ്, മലയാളിയാണ്.വിവാഹം കഴിക്കുന്നെങ്കിൽ ഞാനയാളെ മാേ്രത കെട്ടൂ.’അവൾ ഉത്തരം പറഞ്ഞു.
ഇതെല്ലാം കേട്ട് ചന്തു അപ്പുറത്തുണ്ടായിരുന്നു.സുനിൽ ജോർജിനെ അവനു മനസ്സിലായി. അന്നു താൻ ബാംഗ്ലൂരിൽ അവളുടെ വീട്ടിൽ പോയപ്പോൾ ഗിറ്റാർ വായിച്ചിരുന്ന ആൾ.
‘ഫ, കുടുംബത്തിൽ പിറക്കാത്തവളേ, അഹമ്മതി കാട്ടീട്ട് അതു എന്‌റെ മുന്നിൽ വന്നു നിന്നു പറയാൻ നിനക്കെങ്ങനെ ധൈര്യം വച്ചു, ഒരു ക്രിസ്ത്യാനിയെ നീ കെട്ടുവോ കെട്ടുവോടീ.’ വികാരത്താൽ മുറുകിയ നെഞ്ചിൻകൂടു തടവി ചുമച്ചുകൊണ്ട് അമ്മാവൻ ഗർജിച്ചു.
പക്ഷേ രാഗി പേടിച്ചില്ല. അവൾ കൈയും കെട്ടി ദൂരേക്കു നോക്കി നിന്നു.
‘നിന്‌റെം ചന്തൂന്‌റെയും വിവാഹം ഞങ്ങൾ പണ്ടേ തീരുമാനിച്ചതാ, നിന്‌റെ പഠിത്തമൊക്കെ നിർത്തിക്കോ, ഉടനെ അതു നടത്താനാ എന്‌റെ തീരുമാനം.’ അമ്മാവൻ അവളോടു തീക്ഷ്ണസ്വരത്തിൽ പറഞ്ഞു.
‘ആഹാ നല്ല തമാശ.’അവൾ ഒരു പുച്ഛച്ചിരിയോടെ പറഞ്ഞു.’പത്താംക്ലാസ് വരെ മാത്രം പഠിച്ച ചന്ത്വേട്ടനെ മൗണ്ട് കാർമൽ കോളജിൽ നിന്നു വിദ്യാഭ്യാസം നേടിയ ഞാൻ കെട്ടണമല്ലേ.’
‘എന്‌റെ മുറച്ചെറുക്കൻ എന്നതിനപ്പുറം എന്ത് അഡ്രസുണ്ട് അയാൾക്ക്? പകലന്തിയോളം പണിയെടുക്കുന്ന ഈ തറവാട്ടിലെ ഒരു മൂരിക്കാള…അതല്ലേ ചന്ത്വേട്ടൻ, ഇനി ഞാനും അതിനൊപ്പം കൂടി ഇവിടത്തെ തൊഴുത്തിൽ നിന്ന് ചാണകം വാരണം അല്ലേ, നടക്കില്ല അച്ഛാ, എനിക്ക് എന്‌റേതായ സ്വപ്‌നങ്ങളുണ്ട്.’
‘ജോലി, നഗരത്തിലെ ജീവിതം, എന്നെ മനസ്സിലാക്കുന്ന, എനിക്കു പൊരുത്തപ്പെടാനാകുന്ന ഒരു പുരുഷൻ അങ്ങനെ പലതും.
പഴയകാലമൊക്കെ പോയി അച്ഛാ, എന്‌റെ കല്യാണം എന്‌റെ ഇഷ്ടമില്ലാതെ നിങ്ങൾക്ക് നടത്താനാകില്ല.’ അവൾ അറുത്തുമുറിച്ചു പറഞ്ഞശേഷം അവിടെ നിന്നു പോയി.