സഹിക്കൂലായിരുന്നു തനിക്ക്, വേറെന്തു തമാശയും പറഞ്ഞോട്ടെ….രാഗിയെ വച്ചുവേണ്ട.
ഓർമകൾ കലശലാകുമ്പോൾ ഇറങ്ങി വെളിയിൽ ഇരിക്കും. നിലാവും നോക്കി.ഇപ്പോ മൊബൈൽ ഫോണൊക്കെ സർവസാധാരണമായി. ആളുകൾക്കതു കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും വിളിക്കാം.ഒരു മൊബൈലുണ്ടായിരുന്നെങ്കിൽ….ചന്തു ആത്മാർഥമായി ആഗ്രഹിച്ചു.
പക്ഷേ അവനതിനു പാങ്ങില്ലായിരുന്നു. അമ്മാവനോടു ചോദിക്കാനും മടി.
ഒടുവിൽ വികാരം അണപൊട്ടിയൊഴുകിയ ഒരു ദിവസം ചന്തു ഒരു പാതകം ചെയ്തു. ഷേവ് ചെയ്യാനുള്ള ബ്ലെയിഡെഡുത്ത് കൈയിൽ ആർ എന്ന അക്ഷരം അങ്ങെഴുതി. രാഗിണിയുടെ ആദ്യ അക്ഷരം.ബ്ലേഡ് വരഞ്ഞ് ചോര ചീറ്റിയൊഴുകി ആർ ചുമന്നു കിടന്നു. ചോരയുടെ ചുമപ്പ് പോലെ ഉറപ്പുള്ളതാണ് താനും രാഗിണിയും തമ്മിലുള്ള സ്‌നേഹം. അവൻ മനസ്സിൽ പറഞ്ഞു.അന്നു കൈമുറിച്ച വേദനയിലും ചന്തു സുഖമായുറങ്ങി.മുറപ്പെണ്ണിനു വേണ്ടി ഏതോ യുദ്ധം ജയിച്ചതു പോലെ.
സെമസ്റ്റർ കഴിഞ്ഞ് അവൾ വെക്കേഷനു വരുന്നെന്ന വിവരം അറിഞ്ഞത് പിന്നീടാണ്.ഷൊർണൂർ പോയി വിളിക്കണം അവളെ,അന്നു തറവാട്ടിൽ കാറൊന്നും ഇല്ല. അമ്മാവനു വണ്ടികൾ വാങ്ങിച്ചിടാനൊന്നും താൽപര്യവുമില്ല. തനിക്കാണെങ്കിൽ അന്ന് ഒരു വണ്ടിയും ഓടിക്കാൻ അറിയില്ല.സ്വതവേ നല്ല പിശുക്കനായ അമ്മാവൻ അങ്ങോട്ടുമിങ്ങോട്ടും ബസിനു പോയി വരാനുള്ള പൈസയാണ് കൈയിൽ തന്നത്. ഇത്രേം നാളും ബാംഗ്ലൂരിൽ നിന്നിട്ടു വന്ന ഒരു പെണ്ണിനെ ഈ ഒണക്കബസ്സിൽ കൊണ്ടുവരുന്നതെങ്ങനെ.അങ്ങനെ കുടുക്കപൊട്ടിച്ചു.
അടുത്ത മാസം ടൗണിൽ പോകുമ്പോൾ പുതിയൊരു ഷർട് വാങ്ങാൻ സ്വരുക്കൂട്ടി വച്ച പൈസയാണ്.ഇപ്പോ ഉള്ള ഷർട്ടുകൾ മൂന്നും പിഞ്ചിയിരിക്കുന്നു.ഒരെണ്ണത്തിൽ കീറലുമുണ്ട്. എന്നാലും സാരമില്ല, ഷർട്ടില്ലേലും സാരമില്ല, തന്‌റെ രാഗിക്കുട്ടി നന്നായി കാറിലിരുന്നു വരണം.
കിട്ടിയ ചില്ലറയെല്ലാം കൂട്ടിനോക്കി, നാട്ടിലുള്ള ഒരു ടാക്‌സിക്കാരനെ ചട്ടം കെട്ടി.ഒടുവിൽ ഷോർണൂർ റെയിൽവേസ്‌റ്റേഷനിൽ രാവിലെ തന്നെ എത്തി. രാഗിയുടെ ട്രെയിൻ ഉച്ചയാകുമത്രേ.
രാവിലെ ഒന്നും കഴിക്കാതെയാണു ചന്തു പുറപ്പെട്ടത്.കൈയിൽ ടാക്‌സിക്കൂലി കഴിഞ്ഞാൽ 100 രൂപ കാണും. അതുവച്ചു കടയിൽ നിന്നു പ്രാതൽ കഴിക്കാം, വേണ്ടെന്നു വച്ചു.എന്തെങ്കിലും ആവശ്യം വന്നാലോ. അതു നന്നായെന്നു പിന്നീടു മനസ്സിലായി.
‘ചന്ത്വേട്ടാ എനിക്കൊരു ബിരിയാണി കഴിക്കണം.’ രാഗി വന്നിറങ്ങിയപ്പോളേ ആവശ്യപ്പെട്ടത് ഇതാണ്.
അടുത്തുള്ള ഹോട്ടലിലേക്കു കയറി, ചിക്കൻ ബിരിയാണി ഓർഡർ ചെയ്തു. ഒരെണ്ണമാണ് പറഞ്ഞത്.അതിനുള്ള പൈസയേ ഉള്ളൂ, അവൾ അതു കഴിക്കുന്നതും നോക്കി ഒരു ഗ്ലാസ് വെള്ളം മാത്രം കുടിച്ചു ചന്തു അങ്ങനെയിരുന്നു.എന്താണു കഴിക്കാത്തതെന്ന് അവൾ ചോദിച്ചപ്പോൾ അരിഷ്ടം സേവിക്കുന്നതിനാൽ പുറത്തു നിന്നു കഴിപ്പില്ലെന്നു കള്ളം പറഞ്ഞു.
ചന്തു അവളെയൊന്നു നോക്കി,പഴയ പട്ടുപാവടയും ധാവണിയുമൊന്നുമല്ല, മുന്തിയ കൂർത്തയും ജീൻസുമാണ് വേഷം.എണ്ണപുരട്ടി തുളസിക്കതിർ ചൂടിയിരുന്ന നീണ്ട വാർമുടി ഇപ്പോളില്ല. അതു ഭംഗിയായി മുറിച്ചു അൽപം ചെമ്പൻ നിറമൊക്കെ പുരട്ടി ഷാംപൂവിട്ടു പറത്തിയിട്ടിരിക്കുന്നു. കണ്ണ് പഴയപോലെ വാലിട്ടെഴുതിയിട്ടില്ല.അവൾ ബാംഗ്ലൂർ നഗരത്തിന്‌റെ പെൺകൊടിയായിരിക്കുന്നു.
തിരിച്ചുള്ള കാർ യാത്രയ്ക്കിടയിൽ അവളെന്തോ പുറത്തെടുത്തു. അതൊരു മൊബൈലായിരുന്നു,അവൾ ബാംഗ്ലൂരിൽ പോയി മൊബൈലൊക്കെ വാങ്ങിയിരിക്കുന്നു.