ഒന്നു രണ്ടു നിമിഷം അവൻ നിന്നു ശ്വാസമെടുത്തു.
എന്നിട്ട് മാനസിക്കരികിലെത്തി അവളുടെ തോളുകളിൽ കൈവച്ചു.’വാരണം ആയിരം എന്നു കേട്ടിട്ടുണ്ടോ നീയ്…’ അവൻ അവളോടു ചോദിച്ചു.
‘അതാ തമിഴ് സിനിമയല്ലേ, സൂര്യ അഭിനയിച്ചത്, നമ്മൾ ഒരുമിച്ചല്ലേ അതു ടിവിയിൽ കണ്ടത്.’ അവൾ ചോദിച്ചു. കുട്ടിത്തം നിറഞ്ഞ അവളുടെ മറുപടിയിൽ അവൻ പൊട്ടിച്ചിരിച്ചു.
‘അതേ, അതൊരു സിനിമയാണ്. പക്ഷേ വാരണം ആയിരംന്നു പറഞ്ഞാൽ തമിഴിലെ ഒരു ശ്ലോകമാണ്.’ അവളവനോടു പറഞ്ഞു.
‘എന്നു വച്ചാൽ’ അവൾ മനസ്സിലാകാതെ ചോദിച്ചു.
‘വാരണം ആയിരം എന്നു പറഞ്ഞാൽ ആയിരം ആനകൾ എന്നാണ് അർഥം.ആയിരം ആനകളുടെ കരുത്ത്.’
‘ രാഗിണി എന്‌റെ ആദ്യ സ്‌നേഹമായിരുന്നു.അവൾ പോയപ്പോൾ ഞാൻ ഒരുപാടു വേദനിച്ചു.ലോകത്തിലെ ഏറ്റവും വലിയ വേദന അതാണെന്ന് അന്നു ഞാൻ കരുതി.’ അവനൊന്നു നിർത്തി.
‘പക്ഷേ അതു തെറ്റായിരുന്നു.ഒരു കടിയനുറുമ്പു കടിക്കുന്ന വേദന മാേ്രത ഉണ്ടായിരുന്നുള്ളൂ എന്നു പിന്നീടു ഞാൻ തിരിച്ചറിഞ്ഞു.’
‘പക്ഷേ നീയുണ്ടല്ലോ മാനസി, വാരണം ആയിരമാണ്. ആയിരം ആനകളുടെ കരുത്തോടെയാണ് നീ എന്‌റെ മനസ്സിലുള്ളത്.’ വികാരത്താൽ അവന്‌റെ വാക്കുകൾ മുറിഞ്ഞു.
‘എന്നെ സംശയിക്കരുത്……’
‘ആയിരം രാഗിണിമാർ വരുമോ പോകുകയോ ചെയ്യും.പക്ഷേ മാനസീ, നിന്നെപ്പോലൊരുത്തി ഒരിക്കലേ വരൂ, നീയില്ലെങ്കിൽ ഞാൻ തീർന്നു മാനസി.
നിൻ ആത്മാവിൻ ആഴങ്ങളിൽവീണു പോലിയുമ്പോഴാണെൻറെ സ്വർഗം,നിന്നിൽ അലിയുന്നതേ നിത്യസത്യം ..’അവസാനം കേട്ട സിനിമാപ്പാട്ടിന്‌റെ വരികൾ അവൻ അവൾക്കുവേണ്ടി പാടി.
വസന്തകാലത്തു പൂകൊണ്ടു നിറയുന്ന ഗുൽമോഹർ മരം പോലെ മാനസി പൂത്തുലഞ്ഞു.അവളവനെ തെരുതെരെ ഉമ്മവച്ചു.
‘എന്‌റെ പൊന്നാണ്, ഖൽബാണ്,ജീവനാണ്…മേരി പ്യാരി പതിദേവ്.’
അവനെ കെട്ടിപ്പുണർന്നുകൊണ്ട് അവൾ പറഞ്ഞു.
തേങ്കുറിശ്ശിപ്പാടങ്ങൾക്കപ്പുറം അസ്തമനസൂര്യൻ ഈ രംഗം കണ്ടു നാണിച്ചു ചെതലിമലയുടെ മടിത്തട്ടിലേക്ക് പോയൊളിച്ചു.ഏതോ കോവിലിൽ കത്തിച്ച ചന്ദനത്തിരികളുടെ ഗന്ധം വഹിച്ചുകൊണ്ടു കാറ്റ് മാനസിമഹലിലേക്കു വിരുന്നുമെത്തി.
(പൂർണം)