❤️ ❤️ വാരണം ആയിരം [കുട്ടേട്ടൻ]

Posted by

മനസ്സിൽ അവൾ ആയിരം തവണ ആ ഉത്തരം ഉരുവിട്ടു.
കല്യാണദിവസം പലവിധ ജോലികളിലേർപ്പെടുമ്പോളും മാനസിയുടെ മനസ്സിൽ രാഗിണിയുമായി നടത്തിയ സംഭാഷണമായിരുന്നു.ചന്ത്വേട്ടൻ രാഗിണിയെ തീവ്രമായി പ്രണയിച്ചിരുന്നെന്നാണ് എല്ലാവരും പറയുന്നത്. ആദ്യപ്രണയം ഒരിക്കലും മരിക്കില്ലെന്ന് കേട്ടിട്ടുണ്ട്. ചന്ത്വേട്ടന് ഇപ്പോഴും രാഗിണിയോടു സ്‌നേഹമായിരിക്കുമോ, തന്നേക്കാൾ..ആ ചോദ്യം മനസ്സിൽ ഉയർന്നപ്പോൾ തന്നെ ഉള്ളിൽ ഒരാന്തൽ ഉയർന്നു അവൾക്ക്.
കല്യാണത്തിരക്കുകൾ കഴിഞ്ഞപ്പോൾ കുറച്ചുസമയം ഒറ്റയ്ക്കിരിക്കാൻ ചന്തുവിന് അവസരം കിട്ടി.അപ്പോഴാണ് രാഗിണി അവനു സമീപം എത്തിയത്.
കസേരയിൽ ഇരുന്ന അവന്‌റെ മുൻപിൽ രാഗിണി കുറച്ചുനേരം നിന്നു.
‘ചന്ത്വേട്ടാ,’ അവൾ വിളിച്ചു.
‘ഊം’ അവൻ മെല്ലെ തലപൊക്കി നോക്കിയപ്പോളാണ് അവനെ കണ്ടത്.
‘എന്താ രാഗിണീ’ അവൻ അവളോടു ചോദിച്ചു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
‘ചന്ത്വേട്ടാ, കഴിഞ്ഞ കുറെക്കാലമായി ഞാൻ ചന്ത്വേട്ടനെ കാണണമെന്ന് ആഗ്രഹിച്ചിരുന്നു.ചെയ്ത തെറ്റുകൾക്കെല്ലാം മാപ്പു പറയാൻ’ അവൾ കലങ്ങിയ കണ്ണുകളോടെ അവനോടു പറഞ്ഞു.
‘ഓഹ് അതൊന്നും സാരമില്ല രാഗിണി,ജീവിതത്തിൽ ഇതെല്ലാം സഹജം’ അവൻ അവളോടു പറഞ്ഞു.
‘അങ്ങനെയല്ല, ചന്ത്വേട്ടന്‌റെ സ്‌നേഹം ഞാൻ വൈകിയാണു മനസ്സിലാക്കിയത്.ഇതെല്ലാം അറിഞ്ഞിരുന്നെങ്കിൽ ഞാനിങ്ങനെയൊന്നും…’ അവളതു പറഞ്ഞു മുഴുവിപ്പിക്കാൻ ചന്തു സമ്മതിച്ചില്ല. കൈയുയർത്തി അവൻ അവളെ വിലക്കി.
‘വേണ്ട രാഗിണി, ഇതൊന്നും ഇനി പറയേണ്ട.’ കസേരയിൽ നിന്നെണീറ്റു കൊണ്ട് അവൻ പറഞ്ഞു.
‘ഞാൻ തറവാട്ടിൽ മൂരിയെപ്പോലെ പണിയെടുത്തുകൊണ്ടിരുന്ന എട്ടും പൊട്ടും തിരിയാത്ത ചന്തുവല്ല രാഗിണീ ഇപ്പോൾ.ഞാനിപ്പോളൊരു ബിസിനസുകാരനാണ്. നമ്മൾ തമ്മിലുള്ള പഴയ ബന്ധം ഇപ്പോൾ എന്നെ സംബന്ധിച്ച് ഒരു അടച്ച പുസ്തകമാണ്.ബിസിനസുകാർ അടച്ച പുസ്തകങ്ങൾ വീണ്ടും തുറക്കാറില്ല രാഗിണീ.’ അവൻ ഭാവഭേദമില്ലാതെ പറഞ്ഞു.
രാഗിണി മിണ്ടാതെ നിന്നു.ചന്തു തന്‌റെ പോക്കറ്റിൽ നിന്നൊരു കാർഡ് എടുത്തു രാഗിണിക്കു നീട്ടി.’നിന്‌റെ പ്രശ്‌നങ്ങളൊക്കെ ഞാനറിഞ്ഞു രാഗിണി.ഇതെന്‌റെ കേരളാ ഓപ്പറേഷൻസിലെ സെക്രട്ടറി വേണുജിയുടെ കാർഡാണ്. നിനക്ക് കേരളത്തിലെവിടെയും ഇഷ്ടപ്പെട്ട ഒരു ജോലി ശരിയാക്കിത്തരാൻ ഇദ്ദേഹത്തിനു കഴിയും.വേറെ എന്താവശ്യമുണ്ടെങ്കിലും ഇയാളെ വിളിക്കാം.ജോലിയൊക്കെ ചെയ്തു മകളെ ഒക്കെ നല്ലരീതിയിൽ വളർത്തൂ, സാധിക്കുമെങ്കിൽ വേറെ ഒരു വിവാഹവും കഴിക്ക്, നീയിപ്പോഴും ചെറുപ്പമാണ്, ആരെയെങ്കിലുമൊക്കെ ഓർത്ത് ജീവിതം നശിപ്പിക്കാതെ.മകൾ വളർന്നു കല്യാണമൊക്കെയാകുമ്പോൾ എന്നെയും മാനസിയെയും വിളിക്കാൻ മറക്കരുത്.ഞങ്ങൾ തീർച്ചയായും വരും.തനുവിനു കല്യാണമാകുമ്പോൾ നിന്നെയും ഞാൻ വിളിക്കും.അപ്പോൾ വന്നിരിക്കണം.’ അവൻ പറഞ്ഞു നിർത്തി.
രാഗിണി ആ കാർഡ് വാങ്ങുമ്പോൾ അവളുടെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു.

ഈ രംഗങ്ങൾ ദൂരെ നിന്നു മാനസി വീക്ഷിച്ചത് ആരുമറിഞ്ഞില്ല.അവളുടെ മനസ്സിൽ ഏതോ ഒരു മഞ്ഞുതുള്ളി വീണു.
ചന്തു അതു കഴിഞ്ഞു നേരെ പോയത് അമ്മാവന്‌റെ അരികിലേക്കാണ്.കല്യാണം കഴിഞ്ഞിട്ടും എന്തോ ചിന്തയിൽ ആകുലനായിരുന്നു ആ പാവം വൃദ്ധൻ. ഇനി വയസ്സാംകാലത്ത് അടച്ചുതീർക്കേണ്ട ബാധ്യതകളെക്കുറിച്ചാകും.
ചന്തു ഒരു ചെക്ക് അമ്മാവനു നേർക്കു നീട്ടി,എന്താണ് അവന്‌റെ ഉദ്ദേശ്യമെന്നു മനസ്സിലായില്ലെങ്കിലും അയാളതു കൈയിൽ വാങ്ങി. അതിലെഴുതിയിരിക്കുന്ന തുക കണ്ട് അദ്ദേഹം ഞെട്ടി സ്തബ്ധനായി നിന്നു.
‘ഇത്’ അമ്മാവൻ ചോദിച്ചു.
‘അമ്മാവനു വൻ കടബാധ്യത ഉണ്ടെന്ന് എനിക്കറിയാം.അതെത്രയായാലും ഈ തുക കൊണ്ടു വീട്ടാനൊക്കും.കുറേയധികം കാശ് അധികവും വരും. ആ പണം ബാങ്കിലിട്ട് അമ്മാവനും അമ്മായിയും ഈ തറവാട്ടിൽ തന്നെ സുഖമായി ജീവിക്കണമെന്നാണ് എന്‌റെ ആഗ്രഹം.’ അവൻ ഒറ്റ വാചകത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *