❤️ ❤️ വാരണം ആയിരം [കുട്ടേട്ടൻ]

Posted by

സുനിൽ ഒരു സ്ത്രീ ലമ്പടനായിരുന്നു.അവന്‌റെ ജീവിതത്തിലെ അനേകം പെൺകുട്ടികളിൽ ഒരാൾ മാത്രമായിരുന്നു രാഗിണി.വിവാഹത്തിനു മുൻപും വിവാഹത്തിനു ശേഷവും.സ്വന്തം ചേട്ടന്‌റെ ഭാര്യയോടു പോലും സുനിൽ അവിഹിതബന്ധം പുലർത്തിയിരുന്നു.ഇതറിഞ്ഞതോടെ അവൾ പൊട്ടിത്തെറിച്ചു.എന്നാൽ സുനിലിന് അതൊന്നും ഒരു പ്രശ്‌നവുമില്ലായിരുന്നു. അതുവരെ രഹസ്യമായി തുടർന്ന ബന്ധങ്ങൾ പരസ്യമായി. സ്വന്തം വീട്ടിൽ വരെ അയാൾ കാമുകിമാരുമായി എത്താൻ തുടങ്ങി.
രാഗിണി രൂക്ഷമായി പ്രതികരിച്ചതോടെ അയാൾ മർ്ദനം തുടങ്ങി.ഒരിക്കൽ അയാൾ രാഗിണിയെ മൃഗീയമായി മർദ്ദിച്ച് അവൾ ആശുപത്രിയിലായി.ഇതറിഞ്ഞ അമ്മാവൻ അവളെ ഇങ്ങു കൂട്ടിക്കൊണ്ടു പോരുന്നു.തുടർന്നു ഡിവോഴ്‌സ്.
‘ഇപ്പോ രാഗിണിയും മോളും തറവാട്ടിലാണു താമസിക്കുന്നത്.സുനിൽ കാരണം ഏറമംഗലം തറവാടു കടം കയറി മുടിഞ്ഞു.ചൊവ്വാദോഷം കാരണമല്ല, കെട്ടിക്കാൻ പണമില്ലാത്തതുകൊണ്ടാണ് മായയുടെ കല്യാണം ഇത്രനാൾ മുടങ്ങിയത്. കല്യാണശേഷം തറവാടു മൊത്തത്തിൽ വിറ്റു കടം വീട്ടാനാ അമ്മാവന്‌റെ പദ്ധതി.എന്നിട്ട് ഏതെങ്കിലും വാടകവീട്ടിൽ താമസിക്കുമത്രേ.’
ഇതെല്ലാമറിഞ്ഞു ചന്തു തരിച്ചിരുന്നു.അവന് ഇതെല്ലാം പുതിയ അറിവുകളായിരുന്നു.
‘ഒന്നോർത്താൽ അവളു നിന്നോടു ചെയ്തതിന്‌റെ ഫലമായിരിക്കും ഇപ്പോൾ അനുഭവിക്കുന്നത്.’ ഒരിറക്കു കോണിയാക്കു കൂടി കുടിച്ചുകൊണ്ടു രാജേട്ടൻ പറഞ്ഞു.
‘നമുക്കു വേറെ വല്ലതും സംസാരിക്കാം രാജേട്ടാ,’ തുടരാൻ താൽപര്യമില്ലാതെ ചന്തു പറഞ്ഞു.പക്ഷേ അവന്‌റെ മനസ്സിൽ ഇപ്പോളും രാജേട്ടൻ പറഞ്ഞ കാര്യങ്ങളായിരുന്നു.എവിടെയൊക്കെയോ കുത്തുന്നതു പോലെ അവനു തോന്നി.
ഇതിനിടയിൽ വേറൊരു കാര്യം സംഭവിക്കുന്നുണ്ടായിരുന്നു. മാനസിയും രാഗിണിയും നല്ല കൂട്ടായി.കുറച്ചു സമയത്തിനുള്ളിൽ തന്നെ ആത്മാർഥമായ ഒരു സൗഹൃദം അവർ തമ്മിൽ ഉടലെടുത്തു. ചന്തുവിന്‌റെ മുൻകാലകഥകളൊക്കെ മാനസിക്ക് അറിയാമായിരുന്നു.രാഗിണിയെക്കുറിച്ചും അവൾക്കറിയാമായിരുന്നു.എന്നാൽ അവൾക്കു രാഗിണിയോട് ഈർഷ്യയൊന്നും തോന്നിയില്ല. ഒന്നോർത്താൽ നന്ദിയായിരുന്നു. രാഗിണി അന്നു ഒഴിഞ്ഞുപോയതു കൊണ്ടാണല്ലോ അവൾക്കവളുടെ ചന്ത്വേട്ടൻ സ്വന്തമായത്.
രാഗിണിയും മാനസിയും അന്നൊരുമിച്ചാണു കിടന്നത്.തനു ഏതോ കുട്ടികളുമായി കമ്പനിയായി അവർക്കൊപ്പം വേറെ മുറിയിൽ കിടന്നുറങ്ങിയിരുന്നു.രാത്രി മുഴുവൻ മാനസിയോടു തന്‌റെ ജീവിതകഥ പറയുകയായിരുന്നു രാഗിണി.ചന്തുവിന്‌റെ പ്രണയം തട്ടിമാറ്റിയതും സുനിലുമായുള്ള വിവാഹവും പിന്നീടു സംഭവിച്ചതും. നിറകണ്ണുകളോടെ മാനസി അതു കേട്ടിരുന്നു.അവൾക്കു രാഗിണിയോടു സഹതാപം തോന്നി.
കഥ പറഞ്ഞു തീർന്നപ്പോഴേക്കും രാഗിണി പൊട്ടിക്കരഞ്ഞിരുന്നു. മാനസി അവളെ ചേർത്തുപിടിച്ചു. അവളുടെ തലയിൽ മെല്ലെ തലോടി.
‘ഞാൻ മണ്ടിയാണു മാനസി, ചന്തുവേട്ടന് എന്നോടുള്ള സ്‌നേഹം കാണാൻ എനിക്കു സാധിച്ചില്ല.നമ്മൾ സ്‌നേഹിക്കുന്നവരെയല്ല മറിച്ചു നമ്മളെ സ്‌നേഹിക്കുന്നവരെയാണു സ്വീകരിക്കേണ്ടതെന്ന് ഞാൻ മനസ്സിലാക്കിയില്ല.’ രാഗിണി കരച്ചിലിനിടയിൽ പറഞ്ഞു.
‘സാരമില്ല രാഗീ, വിധി അങ്ങനെയായിരിക്കും പോട്ടെ.’മാനസി അവളെ സമാശ്വസിപ്പിച്ചു.’ഈ ജന്മം എനിക്കു ചന്തുവേട്ടനെ നഷ്ടപ്പെട്ടു മാനസീ, പക്ഷേ. ഞാനപേക്ഷിക്കയാ.അടുത്തൊരു ജന്മമുണ്ടെങ്കിൽ ചന്ത്വേട്ടനെ എനിക്കു തരണം.ഞാൻ ചെയ്ത തെറ്റിനു പ്രായശ്ചിത്തമായി ആ മനുഷ്യനെ ഒരുപാടു സ്‌നേഹിക്കാൻ.’ രാഗിണി പറഞ്ഞു.
മാനസി സ്തബ്ധയായി പോയി.
ഉറങ്ങാൻ കിടന്നെങ്കിലും മാനസിക്ക് ഉറക്കം വന്നില്ല, ഇല്ല രാഗിണി, എന്തുവേണമെങ്കിലും ചോദിച്ചോ ഞാൻ തരാം, എന്‌റെ ജീവനോ സ്വത്തുക്കളോ എന്തും.പക്ഷേ ചന്ത്വേട്ടനെ മാത്രം ചോദിക്കരുത്.വിട്ടുതരില്ല.ഇനിയും ഒരായിരം ജന്മങ്ങളുണ്ടെങ്കിലും ചന്ത്വേട്ടനെ എനിക്കു വേണം.

Leave a Reply

Your email address will not be published. Required fields are marked *