ഓർമകളുടെ കുത്തൊഴുക്ക്,ചായ കുടിച്ചു കപ്പ് മേശപ്പുറത്തു വച്ച് ചന്തു ചിന്താമഗ്നനനായി ഇരുന്നു.
‘നമുക്ക് പോകേണ്ടേ കല്യാണത്തിന്’ മാനസി ചോദിച്ചു.
‘പോണോ, എന്താ നിന്‌റെ അഭിപ്രായം.’ ചന്തു തിരിച്ചു ചോദിച്ചു.
‘പോണം.അവർ ഇത്രകാലം കഴിഞ്ഞു വിളിച്ചതല്ലേ.മാത്രമല്ല, ചന്തുവിന്‌റെ നാട് ഞാനിതുവരെ കണ്ടിട്ടില്ലാല്ലോ, അവിടത്തെ നമ്മുടെ വീടും കണ്ടിട്ടില്ല,നമുക്ക് പോകാം, തനുവിനേം കൊണ്ടുപോണം.അച്ഛന്‌റെ ബന്ധുക്കളെ അവനും കാണണ്ടേ.’
‘പോകാം നമുക്ക് പോകാം…’ തല കുലുക്കിക്കൊണ്ടു ചന്തു പറഞ്ഞു.
………………………………………………….
മായയുടെ കല്യാണത്തിനു രണ്ടു ദിവസം മുൻപാണു ചന്തു നാട്ടിലെത്തയത്. തന്‌റെ ആഡംബരക്കാറായ റോൾസ് റോയ്‌സ് ഗോസ്റ്റിൽ.തെങ്കുറിളശ്ശിയിൽ ആദ്യമായാകും അങ്ങനെയൊരു കാർ എത്തിയിരിക്കുക.നാട്ടുകാരെല്ലാം തടിച്ചുകൂടി.ചന്തുവും മാനസിയും മകൻ തനുവും പിന്നെ മുംബൈയിൽ നിന്നു ചന്തുവിന്‌റെ വിശ്വസ്ത ഡ്രൈവറായ അച്ചായനെന്ന ജേക്കബുമായിരുന്നു കാറിൽ.
തെങ്കുറിശ്ശിയിലേക്കെത്തിയതും ചന്തു കാർ ഒന്നു നിർത്താൻ പറഞ്ഞു,അവൻ വെളിയിലിറങ്ങി ആ മണ്ണിന്‌റെ ഗന്ധമുള്ള വായു അൽപനേരം ശ്വസിച്ചു,നിറഞ്ഞ പച്ചപ്പും തെളിനീരും പുൽപ്പാടങ്ങളമുള്ള തന്‌റെ തേങ്കുറിശ്ശി.
അവന്‌റെ ഉള്ളിൽ ഗൃഹാതുരത്വത്തിന്‌റെ ഓർമകൾ അലയടിച്ചുവന്നു. 10 വർഷങ്ങൾക്കു മുൻപ് ആരായിരുന്നു താൻ. ഈ തേങ്കുറിശ്ശിയും പാലക്കാടുമാണ് ലോകമെന്നു ധരിച്ചുനടന്ന ഒരു പാവം ഇരുപത്തിനാലുകാരൻ. ഇന്നു 35ാം വയസ്സിലേക്കു കടക്കുമ്പോൾ താനാരാണ്. യുദ്ധങ്ങൾ ഒരുപാടു ജയിച്ച, സാമ്രാജ്യങ്ങൾ പിടിച്ചടക്കി തന്‌റേതാക്കിയ ഒരു വ്യവസായചക്രവർത്തി.
ഏറമംഗലം തറവാട്ടിലേക്കു പോകുന്നതിനു മുൻപ് താൻ തേങ്കുറിശ്ശിയിൽ പണികഴിപ്പിച്ച വീട്ടിലൊന്നു പോണമെന്നു ചന്തുവിനു തോന്നി.മാനസിയുടെയും അഭിപ്രായം അതായിരുന്നു.ഇതുവരെ അവരാരും ആ വീടു നേരിൽ കണ്ടിട്ടില്ല. പണിതീർന്ന ശേഷം നാണു വാര്യർ എന്നൊരാളെ കാര്യസ്ഥനാക്കി നോക്കാനേൽപിച്ചിരിക്കുകയായിരുന്നു.
പുഴയോരത്തോടു ചേർന്നായിരുന്നു ചന്തുവിന്‌റെ മനോഹരമായ ആ വീട്.മാനസി പാലസെന്നായിരുന്നു അതിന്‌റെ പേര്.പേരു പോലെ തന്നെ ഒരു കൊട്ടാരമായിരുന്നു അത്. വിസ്തൃതമായ ലോണുകളും നിറയെ ചെടികളും മരങ്ങളുമൊക്കെയുള്ള മുറ്റം കടന്നു കാർ മാനസി പാലസിന്‌റെ പോർച്ചിൽ വന്നു നിന്നു.
‘അച്ചാ എന്തൊരു പംഗി…’ കൊച്ചു തനു ഇറങ്ങിയതും പൂന്തോട്ടത്തിലേക്കോടി. എട്ടുവയസ്സുകാരനായ തനുവിന് കേരളം നന്നായി ഇഷ്ടപ്പെട്ടിരുന്നു.
മാനസിമഹൽ വൃത്തിയായി സൂക്ഷിച്ചിരുന്നു നാണു വാര്യർ. മുതലാളിയും കുടുംബവും വരുന്നതറിഞ്ഞ് അയാൾ കിടപ്പുമുറിയുൾപ്പെടെ എല്ലാ്ം ഭംഗിയായി ഒരുക്കിയിട്ടിരുന്നു.
യാത്രാക്ഷീണം തീർക്കാൻ ഒരു കുളി കഴിഞ്ഞിറങ്ങിയ ചന്തുവിനെ മാനസി ഒരു ചായയുമായി എതിരേറ്റു. ‘നല്ല അടുക്കള’ അവൾ അവനോടു പറഞ്ഞു. ചന്തു ചിരിയോടെ ചായവാങ്ങി കുടിച്ചു.
കുറച്ചു സമയത്തിനു ശേഷം ഏറമംഗലത്തേക്കു പോകാൻ അവർ തയാറായി.ഗൂച്ചിയുടെ വിലകൂടിയ വെളുത്ത ഷർട്ടും കറുത്ത പാന്‌റസും ധരിച്ച് അർമാനിയുടെ ഷൂസ് കാലിലും ലക്ഷക്കണക്കിനു രൂപ വില വരുന്ന കാൾട്ടിയറിന്‌റെ വാച്ച് കൈയിലും.പെർഫ്യൂം പൂശുന്നതിനിടെ ചന്തു നിലക്കണ്ണാടിയിലേക്കു നോക്കി. തനിക്കു വന്ന മാറ്റം.വർഷങ്ങൾക്കു മുൻപ് കീറിപ്പറിഞ്ഞ ഷർട്ടും വെയിലേറ്റു കരുവാളിച്ച മുഖവുമായി കണാരേട്ടന്‌റെ തയ്യൽക്കടയിലെ 200 രൂപയുടെ തിരുപ്പൂർ ഷർട് സ്വപ്‌നം കണ്ടു നടന്ന താൻ ഇന്നിടുന്നത് ഡിസൈനർ ഷർട്ടുകൾ.നന്നായി വെളുത്തു ചുവന്നിട്ടുമുണ്ട് താൻ.മുംബൈയിലെ ആഢംബരജീവിതത്തിനു നന്ദി.