❤️ ❤️ വാരണം ആയിരം [കുട്ടേട്ടൻ]

Posted by

ആൺമക്കളില്ലാത്ത അമ്മാവന് താനൊരു ആശ്വാസമായിരുന്നു. നീണ്ട കൃഷിയിടങ്ങളും കാലിഫാമുകളുമൊക്കെ നോക്കിനടത്താൻ താൻ മിടുക്കനുമായിരുന്നു.അതോണ്ടാകണം, പ്ലസ്ടു കഴിഞ്ഞിട്ട് തന്നോടു പഠിക്കേണ്ടെന്നും കാര്യങ്ങൾ നോക്കി നടത്തണംന്നു പറഞ്ഞത്.
പക്ഷേ അതു സ്‌നേഹല്യാത്തതുകൊണ്ടൊന്നും ആയിരുന്നില്ല. അമ്മാവനും അമ്മായിക്കും നിറഞ്ഞ സ്‌നേഹമായിരുന്നു തന്നോട്.
തന്നെ രാഗിണിയെക്കൊണ്ട് കെട്ടിക്കുമെന്ന് അവരെപ്പോഴും പറഞ്ഞിരുന്നു.ആ വാക്കു താൻ വിശ്വസിച്ചിരുന്നു.രാഗിണി ഒരു കുസൃതിക്കാരിയായിരുന്നു. അടുക്കളപ്പുറത്തു തെക്കേമുറ്റത്തുള്ള കർപ്പൂരമാവിലെ മാങ്ങ തിന്നാൻ അവൾക്കേറെ ഇഷ്ടമായിരുന്നു.എപ്പോഴും പറേം..’ചന്ത്വേട്ടാ, ആ പൊക്കത്തെ കൊമ്പിലു നിക്കണ മാമ്പഴം കണ്ടോ, അതു നല്ല ചൊക ചൊകാന്നു നിക്കണു.’
അത്രേം കേട്ടാൽ മതി, താൻ ഓടിക്കയറുകയായി, മാവിന്റെ വലുപ്പോം, അതിൽ കൂടുകൂട്ടിയ കടിയൻ വിശറുമൊന്നും തനിക്കൊരു തടസ്സമല്ലായിരുന്നു. മേത്തു മുഴുവൻ വിശറിന്റെ കടിയുംകൊണ്ട് അവൾ പറഞ്ഞ മാമ്പഴോം രണ്ടെണ്ണം എക്‌സ്ട്രായും പറിച്ച് താഴേക്ക് ഊർന്നെത്തും. കർപ്പൂരമാവിന്റെ കരകരാന്നുള്ള തോലിലുരഞ്ഞ് തൊലിയൊക്കെ നന്നായി പോയിട്ടുണ്ടാകും. അപ്പോ രാഗി ഓടി വരും. ഇരുകൈകളും നീട്ടും.
മാങ്ങകൾ ആ കൈകളിലേക്ക് വച്ചുകൊടുക്കുമ്പോൾ അവളുടെ പൂ പോലെയുള്ള മുഖം തെളിഞ്ഞൊരു കത്തലുണ്ട്. കിഴക്കേത്തിണ്ണയിൽ അമ്മായി ഏഴുതിരിയിട്ടു കത്തിച്ചു വയ്ക്കണ നിലവിളക്കാണ് ഓർമ വരിക.അവൾ അന്നു നന്നായി കണ്ണെഴുതിയിരുന്നു. വാലിട്ടെഴുതിയ കണ്ണുകളും കോയമ്പത്തൂർന്നു കൊണ്ടുവരണ പട്ടുപാവാടേം കാലിൽ എപ്പോഴും കിലുകിലെ കിലുങ്ങണ സ്വർണക്കൊലുസ്സും.
മാങ്ങ കിട്ടിക്കഴിഞ്ഞാൽ കൈയുയർത്തി കവിളിലൊന്നു പിച്ചും..’നല്ല ചന്ത്വേട്ടൻ’ ,വെള്ളരിപ്പല്ലുകാട്ടി ഇങ്ങനെ ഒന്നു പറഞ്ഞിട്ട് ഒറ്റയോട്ടമാണ്.ഒറ്റ മാങ്ങ പോലും തനിക്കു തരില്ല.വേണ്ടായിരുന്നു,ആ നുള്ളു മാത്രം മതിയായിരുന്നു അന്നു തനിക്ക്.എന്തു മധുരമായിരുന്നു ആ നഖങ്ങൾ കൊണ്ടുള്ള നുള്ളുകൾക്ക്.
സുന്ദരിയായിരുന്നു അവൾ ..മോഹിച്ചിരുന്നു താൻ അവളെ.അവൾക്കും ഇഷ്ടാരുന്നു.ഒരേ വീട്ടിൽ താമസിച്ചിട്ടും, ആരും തടയിടാൻ ഇല്ലാതിരുന്നിട്ടും ഒരിക്കലും ആ ബന്ധം അതിരുവിട്ടില്ല.അമ്മാവനോടും അമ്മായിയോടും ഉള്ള കടപ്പാട് അത്രയധികമായിരുന്നു. അവർ അവരുടെ മോളേ കൈപിടിച്ചുതരുമ്പോഴല്ലാതെ ആ ബന്ധം മറ്റൊരുതരത്തിലാകില്ലെന്നു ചന്തുവിന് ഉറപ്പുണ്ടായിരുന്നു. അതുവരെ അവൾ തനിക്കൊരു പനിനീർപ്പൂവായിരിക്കും. എല്ലാ ഇതളുകളും ഭംഗിയോടെ വിടർന്നു നിൽക്കുന്ന പരിശുദ്ധമായ പനിനീർപുഷ്പം.
രാഗി പ്ലസ്ടു പാസായത് ഉയർന്ന മാർക്കിലാണ്.ഒപ്പം തന്നെ ബാംഗ്ലൂരിലെ മൗണ്ട് കാർമൽ കോളജിൽ അഡ്മിഷനും കിട്ടി.
അമ്മാവനും അമ്മായിക്കും അവളെ ബാംഗ്ലൂരിലൊന്നും വിടാൻ താൽപര്യമില്ലായിരുന്നു.പക്ഷേ അവളങ്ങോട്ട് ബഹളം വച്ചു തുടങ്ങി. ഒടുവിൽ കണ്ണീരും പിടിവാശിയും ഫലം കണ്ടു,അമ്മാവനും അമ്മായിയും അയഞ്ഞു. അവൾ ബാംഗ്ലൂരിനു പോയി.
ആറുമാസം പിടിക്കുമത്രേ അവളുടെ ആദ്യ സെമസ്റ്റർ തീരാൻ..കാത്തിരിക്കുകയായിരുന്നു താൻ. അവൾ പോയപ്പോൾ മുതൽ തുടങ്ങിയ വെഷമമാണ്. ഊണില്ല, ഉറങ്ങാൻ കിടന്നാൽ ഉറക്കോമില്ല, എല്ലായിടത്തും അവൾ…അവൾ മാത്രം.നാട്ടിലെ കൂട്ടുകാരൊക്കെ കളിയാക്കി.
‘ഓഹ് , ഇങ്ങനെ വെരുകിനെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും നടക്കാതെ ഒന്നടങ്ങിയിരി എന്റെ ചന്ത്വോ,അവളെയിപ്പോ ബാംഗ്ലൂരിലെ ഏതെങ്കിലും ചെക്കൻ വളച്ചെടുത്തു കാണും.’

Leave a Reply

Your email address will not be published. Required fields are marked *